തിരുവനന്തപുരം കഠിനംകുളത്ത് കൊല്ലപ്പെട്ട ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ തിരിച്ചറിഞ്ഞു. എറണാകുളം ചെല്ലാനം സ്വദേശി ജോണ്‍സണ്‍ ഔസേപ്പാണ് ഈ ഇന്‍സ്റ്റഗ്രാം സുഹൃത്തെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. കുടുംബത്തെ ഉപേക്ഷിച്ച് കൂടെവരണം എന്ന ആവശ്യം നിരസിച്ചതോടെ പ്രതി ആതിരയെ കൊല്ലുകയായിരുന്നു. കൊലയ്ക്ക് അവസരം കാത്ത് പ്രതി പെരുമാതുറയിലെ ലോഡ്ജില്‍ ഒരാഴ്ച താമസിച്ചതായും പൊലീസ് കണ്ടെത്തി. ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് ഒപ്പം ചെല്ലണമെന്നായിരുന്നു ജോണ്‍സന്‍റെ ആവശ്യം. ആതിര ഇതിന് തയ്യാറായില്ല.
കഠിനംകുളത്തെ വീട്ടിലെത്തിയ പ്രതി അരുംകൊലയ്ക്ക് പിന്നാലെ ആതിരയുടെ സ്കൂട്ടറുമായാണ് കടന്നുകളഞ്ഞത്. സ്കൂട്ടര്‍ പിന്നീട് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന്‍റെ പരിസരത്ത് നിന്നും കണ്ടെത്തുകയായിരുന്നു. ഏഴുമാസത്തിന് മുന്‍പ് ജോണ്‍സനെ കുറിച്ച് ആതിര പറയുന്നതായി ഭര്‍ത്താവ് രാജേഷ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. രാജേഷ് ഇതേക്കുറിച്ച് അന്വേഷിക്കാതിരുന്നത് സംശയങ്ങള്‍ക്കിടയാക്കിയിരുന്നു.
ഇന്‍സ്റ്റഗ്രാമിലെ റീല്‍സുകള്‍ വഴിയാണ് ആതിര, പ്രതി ജോണ്‍സനുമായി അടുപ്പത്തിലായതെന്നാണ് പൊലീസിന്‍റെ നിഗമനം. സൗഹൃദം പിന്നീട് അടുപ്പവും പ്രണയവുമാകുകയായിരുന്നു. ആതിരയെ കാണാന്‍ ജോണ്‍സന്‍ വീട്ടിലെത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കായംകുളം സ്വദേശിയായ ആതിരയെ ഭര്‍തൃവീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിന് കുത്തേറ്റ നിലയിലായിരുന്നു കിടന്നിരുന്നത്. രാവിലെ അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് രാജേഷ് മടങ്ങിയെത്തിയപ്പോഴാണ് ആതിര കുത്തേറ്റ് കിടക്കുന്നത് കണ്ടത്.