ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാ മേഖലയിൽ നിന്നുള്ള ലൈംഗിക അതിക്രമ പരാതികൾ ഓരോന്നായി പുറത്തുവരുന്നതിനിടെ പ്രതികരണവുമായി നടിമാരായ മഞ്ജു വാര്യരും രമ്യ നമ്പീശനും. ഇപ്പോഴുള്ള മുന്നേറ്റങ്ങളുടെ തുടക്കം അക്രമിക്കപ്പെട്ട നടിയിൽ നിന്നാണെന്ന് സൂചിപ്പിക്കുന്ന പോസ്റ്റാണ് ഇരുവരും പങ്കുവച്ചത്. 'പോരാടനുള്ള ഒരു സ്ത്രീയുടെ കരുത്തിൽ നിന്നാണ് ഇതെല്ലാം തുടങ്ങിയതെന്ന് മറക്കുത്'എന്നാണ് മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചത്.
സത്യം തുറന്ന് പറയുക എന്നത് വിപ്ലവകരമാണെന്ന അന്റോണിയോ ഗ്രംസ്കിയുടെ വാക്കുകൾ പങ്കുവെച്ചത് രമ്യ നമ്പീശന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. 'ഈ ലോകം, ഇവിടെ ജനിച്ച എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആത്മഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടെയും ഒരു ഔരാദ്യമല്ല എന്നും, അത് നമ്മുടെ ഓരോരുത്തരുടെയും അവകാശമാണെന്നും, സ്വന്തം ജീവിത്തിലൂടെ കാണിച്ചു തന്ന എൻറെ പ്രിയ സുഹൃത്തിൽ നിന്നാ് ഇതിൻറെ തുടക്കം', എന്നാണ് രമ്യ എഴുതിയത്.
വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നതിനിടെ തിരിഞ്ഞുനോട്ടം എന്ന തലക്കെട്ടിൽ നടി ഭാവന ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചിട്ടുണ്ട്. retrospect എന്ന് ക്യാപ്ഷനോടെയാണ് ഭാവന തിരഞ്ഞ് നിൽക്കുന്ന ചിത്രം പങ്കുവച്ചത്.
ഹേമകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖർക്കെതിരെ ലൈംഗിക അതിക്രമ ആരോപണങ്ങളുമായി ഇരകൾ രംഗത്തെത്തുന്നുണ്ട്. ആരോപണങ്ങൾക്ക് പിന്നാലെ സംവിധായകൻ രഞ്ജിത്ത് ചലചിത്ര അക്കാദമി അധ്യക്ഷ സ്ഥാനവും നടൻ സിദ്ദിഖ് 'അമ്മ' ജനറൽ സെക്രട്ടറി സ്ഥാനവും രാജിവച്ചിരുന്നു.