wcc

മലയാള സിനിമ മേഖലയിലെ ലൈംഗിക അതിക്രമ ആരോപണങ്ങള്‍ പല കോണില്‍ നിന്നും ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സമൂഹമാധ്യമത്തില്‍ ഒരു പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂ.സി.സി). ‘മാറ്റം അനിവാര്യം’ എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ്. 

"നോ" എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല. അതെല്ലാം ഉള്ള സ്ത്രീകളോട്, സുരക്ഷിതമായ തൊഴില്‍ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം– എന്നാണ് പോസ്റ്റിലുള്ളത്. 

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഡബ്ല്യൂ.സി.സിയ്ക്ക് വലിയ തോതിലുള്ള പിന്തുണ ലഭിച്ചു. ‘അമ്മ’ സംഘടനയിലെ പലര്‍ക്കുമെതിരെ ശക്തമായ ആരോപണങ്ങള്‍, ലൈംഗിക പീഡന ആരോപണങ്ങളടക്കം പുറത്തുവരുന്നതോടെ ഡബ്ല്യൂ.സി.സി അംഗങ്ങളെ പ്രശംസിച്ചും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുവെന്നും തുറന്നുപറഞ്ഞ് ഒട്ടനവധി പേര്‍ രംഗത്തെത്തി.

ഡബ്ല്യൂ.സി.സി അതിജീവിതയെ പിന്തുണച്ചുകൊണ്ട് ആദ്യം നടത്തിയ പത്രസമ്മേളനത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചുള്ള കുറിപ്പുകള്‍ സമൂഹമാധ്യമത്തില്‍ ട്രെന്‍ഡിങ് ആയി. ഡബ്ല്യൂ.സി.സിയിലെ ഓരോ അംഗത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞും കരുത്തുറ്റ വനിതകള്‍ എന്ന വാചകവുമായിരുന്നു ചിത്രത്തിനൊപ്പം പലരും കുറിച്ചത്. 

ENGLISH SUMMARY:

WCC shares a new post demanding women to stand for a secure work environment.