urvashi-male-female-relationships
  • ‘നേരേ ചൊവ്വേ’യില്‍ ഉര്‍വശി
  • ‘സൗഹൃദം മുതലെടുക്കാന്‍ പുരുഷന്മാരെ അനുവദിക്കരുത്’
  • ‘തലയുയര്‍ത്തി സംസാരിക്കുക, വ്യതിചലനങ്ങള്‍ തടയുക’

സിനിമയിലെ ലൈംഗികാരോപണങ്ങളില്‍ ശക്തവും വ്യത്യസ്തവുമായ നിലപാടുപറഞ്ഞ് നടി ഉര്‍വശി. ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തില്‍ സമൂഹം കൂടുതല്‍ സ്വാതന്ത്ര്യം പ്രാപിച്ചു എന്ന തോന്നലില്ല എന്ന് ഉര്‍വശി മനോരമന്യൂസ് ‘നേരേ ചൊവ്വേ’ അഭിമുഖത്തില്‍ പറഞ്ഞു. സ്ത്രീ–പുരുഷ ബന്ധത്തില്‍ ഒരു അതിര്‍വരമ്പ് ആവശ്യമാണെന്ന തന്റെ മുന്‍ നിലപാട് മാറ്റേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ചിത്രീകരിച്ച അഭിമുഖത്തില്‍ താരം പറഞ്ഞു.

സൗഹൃദമാകാം. പക്ഷേ പുരുഷന്മാര്‍ക്ക് സ്വാതന്ത്ര്യം കൊടുക്കുമ്പോള്‍ ഏതളവുവരെയാകണമെന്ന് ഓരോരുത്തരും സ്വയം തീരുമാനിക്കണം. മനുഷ്യരല്ലേ, ഒന്നും രണ്ടും ചേര്‍ന്നാല്‍ രണ്ടേ ആകുള്ളു. കാലം മാറിയതുകൊണ്ട് നാലാകില്ല. സൗഹൃദമുള്ളവരോട് തലയുയര്‍ത്തി സംസാരിക്കുക, തമാശ പറയുക, അങ്ങനെ എന്തുമാകാം. പക്ഷേ അതിനപ്പുറമാണ് എന്നൊരു തോന്നല്‍ ഉണ്ടാക്കരുതെന്നും ഉര്‍വശി പറഞ്ഞു. അഭിമുഖത്തില്‍ അവര്‍ നല്‍കിയ മറുപടിയുടെ പൂര്‍ണരൂപം ഇങ്ങനെ:

ജോണി ലൂക്കോസ്: നമ്മള്‍ വര്‍ഷങ്ങള്‍ക്കുമുന്‍പെടുത്ത ‘നേരേചൊവ്വേ’യില്‍ത്തന്നെ (ഉര്‍വശി) പറയുന്നുണ്ട്, ആണും പെണ്ണും തമ്മിലുള്ള ബന്ധത്തില്‍ ഒരു മാര്‍ജിന്‍ ഒക്കെ ആവശ്യമാണെന്ന്. പക്ഷേ അതില്‍ നിന്നൊക്കെ മാറി, ഇപ്പോള്‍ സമൂഹത്തില്‍ നിന്ന് കുറച്ചുകൂടി സ്വാതന്ത്ര്യം പ്രാപിച്ചു എന്ന് തോന്നുന്നില്ലേ?

ഉര്‍വശി: ഇല്ല. സ്വാതന്ത്ര്യം ആര് ദുര്‍വിനിയോഗം ചെയ്യുന്നു എന്നുള്ളതുമില്ലേ? ഒരുപാട് ഓപ്പണ്‍ ആയി പെരുമാറുമ്പോള്‍ – പണ്ടെങ്ങുമില്ലാത്ത പരാതികളല്ലേ ഇന്ന് വന്നുകൊണ്ടിരിക്കുന്നത് – ആ സ്വാതന്ത്ര്യം കൊണ്ടാണോ... അല്ലെങ്കില്‍ അങ്ങനെ ഒരു സ്വാതന്ത്ര്യം ഒരു സ്ത്രീ ഒരു പുരുഷന് കൊടുക്കുമ്പോള്‍, ഇവരോട് കുറച്ചുകൂടി കടന്നുകയറാം എന്ന് തോന്നല്‍ അവര്‍ക്ക് ഉണ്ടാക്കുന്നതാണോ എന്നറിയില്ല, മനുഷ്യര്‍ മനുഷ്യരല്ലേ സാര്‍. ഒന്നും ഒന്നും രണ്ടേ ആകുള്ളു. കാലം മാറിയതുകൊണ്ട് ഒന്നും ഒന്നും നാല് ആകത്തില്ല. ​ഞാന്‍ അതേ ഉദ്ദേശിച്ചുള്ളു, അന്നും ഇന്നും. ഇതൊക്കെ എന്‍റെ കുടുംബത്തിലെ തലമൂത്ത സ്ത്രീകള്‍ പറഞ്ഞുതന്നതാണ്. മക്കളേ അവര്‍ക്ക് അങ്ങനെയൊരു തോന്നല്‍ ഉണ്ടാക്കരുത്. കാരണം പ്രകൃതിയുടെ പ്രതിഭാസമാണ്. സ്ത്രീയെ വശീകരിക്കാനും സ്ത്രീയെ ആകര്‍ഷിക്കാനും, അല്ലെങ്കില്‍ സ്ത്രീയെ സംരക്ഷിക്കാനും കടപ്പെട്ടവനാണ് പുരുഷന്‍. ആ പുരുഷന്‍റെ ഉള്ളില്‍ എനിക്ക് താല്‍പര്യമുണ്ട് എന്നൊരു തോന്നല്‍ ഉണ്ടാക്കിയെടുക്കാതെ പെരുമാറുക. സൗഹൃദമാണ് എന്‍റെ മനസില്‍ എന്നുണ്ടെങ്കില്‍ തലയുയര്‍ത്തി സംസാരിക്കുക, തമാശ പറയുക, അങ്ങനെ എന്തുമാകാം. പക്ഷേ അതിനപ്പുറമാണ് എന്നൊരു തോന്നല്‍ ഉണ്ടാകരുത്.

ഉര്‍വശി പങ്കെടുത്ത ‘നേരെ ചൊവ്വേ’ അഭിമുഖത്തിന്‍റെ പൂര്‍ണരൂപം മനോരമന്യൂസ് ഡോട്ട് കോമിലും യൂട്യൂബ് ചാനലിലും മനോരമ മാക്സിലും കാണാം.

ENGLISH SUMMARY:

In a candid interview on Manorama News, actress Urvashi reaffirmed her stance on sexual harassment in the film industry, stressing the importance of clear boundaries in relationships between men and women. She believes that despite societal changes, there hasn't been significant progress in how such relationships are perceived. Urvashi emphasized the need for women to set firm limits in friendships with men to avoid giving the wrong impression. ‘Friendships are perfectly fine,’ she said, adding, ‘but it’s important for each person to define the limits when offering freedom to men. There’s no reason to let them think there’s anything more than friendship.’ Drawing on timeless wisdom, she remarked that while the world may evolve, human nature remains constant.