സിനിമാ സെറ്റില്‍വച്ച് നടന്‍ സുരാജ്  വെഞ്ഞാറമൂടില്‍ നിന്ന് മോശപ്പെട്ട ചോദ്യമുണ്ടായെന്ന വെളിപ്പെടുത്തലുമായി ട്രാന്‍സ് വുമണും നടിയുമായ അഞ്ജലി അമീര്‍.  സിനിമാ സെറ്റിലുണ്ടായ ദുരനുഭവത്തിനെതിരെ അപ്പോള്‍ തന്നെ പ്രതികരിക്കുകയും സുരാജ് മാപ്പു പറയുകയും ചെയ്തെന്നും അഞ്ജലി മനോരമ ന്യൂസ് ഡോട്ട്കോമിനോട് പ്രതികരിച്ചു.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ സ്ത്രീകളുടേതിന് തുല്യമായ സുഖമാണോ അനുഭവിക്കുന്നതെന്നായിരുന്നു സുരാജിന്‍റെ ചോദ്യം.  താന്‍മാത്രമല്ല സെറ്റില്‍ ഒപ്പമുണ്ടായിരുന്നയാളും ഇതിനെതിരെ  പ്രതികരിച്ചു. ഇത്തരത്തിലൊരു ചോദ്യം പാടില്ലായിരുന്നെന്ന് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു സുരാജിന്‍റെ മാപ്പപേക്ഷ. ആദ്യ സിനിമയില്‍ വച്ചാണ് ഇത്തരമൊരു ദുരനുഭവമുണ്ടായത്. ഇക്കാര്യം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി എന്നുമാത്രം. 

ഇത് തുറന്നുപറയാതിരുന്നിട്ടും കാര്യമില്ല. കാരണം വെളിച്ചം കാണേണ്ടവ വെളിച്ചം കാണുക തന്നെ വേണം. ട്രാന്‍സ് വ്യക്തികളെ സംബന്ധിച്ച് അവരുടെ ലൈംഗിക ജീവിതത്തെപ്പറ്റി പലര്‍ക്കും പലവിധ സംശയങ്ങളുണ്ട്. അത് പലരും ചോദിക്കാറുണ്ട്. എന്നാല്‍ പെട്ടെന്ന് സിനിമാ ലോക്കെഷനില്‍ വച്ച് സുരാജ് ഇങ്ങനെ ചോദിക്കും എന്ന് കരുതിയില്ല. 

അപ്പോള്‍ തന്നെ മമ്മൂട്ടിയോടും സിനിമയുടെ സംവിധായകനോടും കാര്യം പറഞ്ഞു. സുരാജ് മാപ്പു പറയണമെന്നാണ് അവരും പറഞ്ഞത്. കൃത്യമായ പ്രതികരണങ്ങള്‍ കൃത്യമായിടത്ത് സ്വീകരിക്കുക എന്നതിലാണ് കാര്യം. അതിനു കഴിയാതെ വരുമ്പോഴാണ് പ്രശ്നം എന്നതാണ് അഞ്ജലിയുടെ നിലപാട്. 

നടന്‍മാര്‍ക്കെതിരെ അടക്കം ലൈംഗിക ആരോപണങ്ങള്‍ നാനാഭാഗത്തു നിന്നും മലയാള സിനിമലോകത്ത് പൊങ്ങിവരുന്ന കാഴ്ചയ്ക്കാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. പല പ്രമുഖര്‍ക്കും നേരെ, ‘അമ്മ’യുടെ തലപ്പത്തുള്ളവര്‍ക്കു നേരെയും വിരലുകള്‍ ചൂണ്ടപ്പെട്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവങ്ങള്‍ അക്കമിട്ട് നിരത്തി നടി മിനു മുനീര്‍, രേവതി സമ്പത്ത്, ഗീത വിജയന്‍ തുടങ്ങിയ നടിമാരും പേര് വെളിപ്പെടുത്താത്ത ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളും രംഗത്തെത്തി. കേസുകളും ഉയരുന്നു. 

ഈ സാഹചര്യത്തിലാണോ ഇത് തുറന്നുപറയാനുള്ള ധൈര്യമുണ്ടായത് എന്ന ചോദ്യത്തിന് അതിനു മുന്‍പേ പറഞ്ഞ കാര്യമാണ്, ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി എന്നു മാത്രം എന്നതായിരുന്നു അഞ്ജലിയുടെ മറുപടി. വിഷയത്തില്‍ അഞ്ജലി അമീര്‍ സമൂഹമാധ്യമത്തിലൂടെ നേരത്തെ പ്രതികരിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റില്‍ അഞ്ജലി അമീര്‍ കുറിച്ചത്;

മറ്റെല്ലാ മേഖലകളിലും ഉള്ള പോലെ ചലച്ചിത്ര മേഖലയിലും നല്ലവരും ചീത്ത ആളുകളും ഉണ്ട്. പിന്നെ നമ്മളെ സൂക്ഷിക്കാനും നോ പറയേണ്ടിടത്തു നോ പറയാനും ഉള്ള തന്‍റേടം ആര്‍ജിച്ചെടുക്കുക. അവര്‍ എന്തു വിചാരിക്കും, ഇവര്‍ എന്തു പറയും എന്ന് ആലോചിച്ചു നല്ല റോള്‍ കിട്ടും എന്ന് കരുതി ന്യൂട്രല്‍ നിന്നാല്‍ റോളും ഉണ്ടാവില്ല ഇങ്ങനെ വിവാദങ്ങളുടെ പിറകേ നടക്കേണ്ടി വരും. ഒരു വര്‍ക്കിന് പോകും മുമ്പേ നല്ല പ്രൊഡക്ഷന്‍ ആണോ എന്ന് നോക്കുക. അങ്ങനെ നല്ല ടീം ആയാല്‍ തന്നെ അവരുടെ സ്വന്തം വീട്ടിലെ കുട്ടിയെ പോലെ അവര്‍ നോക്കും. അപ്പോള്‍ ലോക്ക് ഇല്ലാത്ത റൂമിന്‍റെയും മീനില്ലാത്ത ചോറിന്‍റെയും കണക്കു പറയേണ്ടി വരില്ല. ആരുടെയും വാക്കുകളില്‍ മയങ്ങാതെ നമുക്ക് നമ്മളെ ഉള്ളൂ എന്നുള്ള ബോധത്തില്‍ വര്‍ക്ക് ചെയ്തു പോരുക. കാരണം പഴയ കോടമ്പാക്കം അല്ല ഇന്നത്തെ സിനിമ.

ENGLISH SUMMARY:

Anjali Ameer reveals her bad experience with Suraj Venjaramoodu. Anjali faced a bad comment from Suraj and she complained it to Mammootty and the film director. Suraj then asked sorry for that. It happened during my first film, she says.