amma-ganesh

Image Credit: Facebook

'അമ്മ' എന്ന സംഘടനയെ തകര്‍ത്ത ദിവസമാണിന്നെന്ന് മന്ത്രി കെ. ബി ഗണേഷ് കുമാർ. അമ്മയെ തകര്‍ത്തവര്‍ സന്തോഷിക്കുന്ന ദിവസമാണ് ഇന്നെന്നും മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ അമ്മയെ നയിക്കാൻ ആർക്കും കഴിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മ ഭരണസമിതി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ വാക്കുകള്‍ ഇങ്ങനെ:

'സുരേഷ് ഗോപിയുടെയും മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും കയ്യില്‍ നിന്നും 50000 രൂപ വീതം വാങ്ങി, ആ ഒന്നര ലക്ഷം രൂപ കൊണ്ട് തുടങ്ങിയതാണ് 'അമ്മ' എന്ന സംഘടന. അമ്മയെന്ന മഹത്തായ പ്രസ്ഥാനം നശിച്ച ദിവസമാണ് ഇന്ന്. ഈ സംഘടന നശിപ്പിക്കണമെന്ന് കുറേ ആളുകള്‍ നാളുകളായി ആഗ്രഹിക്കുന്നു. ഇന്ന് ആ ആഗ്രഹം സാധിച്ച് അവര്‍ സന്തോഷിക്കുന്ന ദിവസമാണ്. പക്ഷേ നമ്മളെ സംബന്ധിച്ച് ദുഖമാണ്'. 

'താൻ ഉൾപ്പെടെയുള്ളവർ കൈയ്യിൽ നിന്ന് കാശ് എടുത്താണ് ഈ സംഘടന പടുത്തുയർത്തിയത്. 130ഓളം പേര്‍ക്ക് മാസം 5000 രൂപ വീതം അമ്മ നല്‍കുന്നുണ്ട്. ഗുളിക വാങ്ങാന്‍ പണമില്ലാത്ത പഴയ നടീനടന്മാരുണ്ട്. അവരോടാണ് ഈ സംഘടനയെ തകര്‍ത്തുകൊണ്ട് ദ്രോഹം ചെയ്തിരിക്കുന്നത്. അതോര്‍ക്കുമ്പോള്‍ ഒരുപാട് വിഷമമുണ്ട്.  ഇതൊക്കെ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടറിയണം'.

'മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ അമ്മയെ നയിക്കാൻ ആർക്കും കഴിയില്ല.ഒരു സംഘടന തകരുന്നത് കാണുന്നവർക്ക് രസമാണ്. പക്ഷേ എനിക്ക് ഏറെ ഹൃദയ വേദന തോന്നിയ നിമിഷം കൂടിയാണിതെന്നായിരുന്നു' മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രതികരണം. 

ENGLISH SUMMARY:

Minister K B Ganesh Kumar reacts AMMA collective resignation