താരസംഘടനയായ അമ്മ പിരിച്ചുവിട്ടതിനു പിന്നാലെ താരങ്ങളുടെ ഭാഗത്തുനിന്ന് നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ധര്‍മജന്‍ ബോൾഗാട്ടിയുടെ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് പ്രിഥ്വിരാജ് എത്തണമെന്ന ശ്വേതാ മേനോന്‍റെ വാക്കുകളോട് യോജിക്കുന്നുണ്ടോ?പ്രിഥ്വിരാജ് അര്‍ഹനാണോ എന്ന അവതാരകന്‍റെ ചോദ്യത്തിനായിരുന്നു ധര്‍മജന്‍റെ മറുപടി.ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ പച്ചയ്ക്ക് പറയേണ്ടിവരുമെന്നും കുഞ്ചാക്കോ ബോബന്‍ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് വന്നാല്‍ വളരെ നന്നായിരിക്കുമെന്നും ധര്‍മജന്‍ പറഞ്ഞു.
അമ്മ സംഘടന പിരിച്ചുവിട്ടപ്പോള്‍ മാനസികമായി നല്ല വിഷമം തോന്നിയെന്നും താരം പറയുന്നു. അടുത്ത സംഘടനില്‍ താരം ഉണ്ടാകുമോയെന്ന് അറിയില്ലെന്നും ഉണ്ടെഹ്കില്‍ തന്നെ സംഘടനയില്‍ നിന്നു പോരാടുമെന്നും അറിയിച്ചു. പണ്ട് നടന്‍ ദിലീപിനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ അമ്മ വിടണമെന്ന് ആഗ്രഹിച്ചിരുന്നതായും ധര്‍മജന്‍ വെളിപ്പെടുത്തി. പുതിയ നടന്മാരില്‍ ആരു വന്നാലും മോഹന്‍ലാലിനെ പോലെ സ്വീകാര്യത ലഭിക്കില്ലെന്നും ഫണ്ട് പ്രശ്നമാകുമെന്നും വിഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.
ധര്‍മജന്‍റെ വാക്കുകള്‍:
വര്‍ഷത്തിലൊരിക്കലാണ് അമ്മ യോഗം വിളിക്കാറുള്ളത്. ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട ആള്‍ക്കാരെല്ലാം ഏറ്റെടുത്ത് ലാലേട്ടന്‍ രാജി വച്ചത് നല്ല കാര്യമായാണ് കാണുന്നത്. ഇനിയാരാണ് ഭരിക്കാന്‍ വരുന്നതെന്ന് അറിയില്ല, അമ്മയ്ക്ക് ഫണ്ട് ഉണ്ടാക്കുന്ന ഒരു പരിപാടിയുണ്ട് അതിന് ലാലേട്ടനും മമ്മൂട്ടിയും തന്നെ വേണം. വേറെ ഒരുത്തനും വിചാരിച്ചാല്‍ നടക്കില്ല. അതാണ് സത്യം. അത് അവര്‍ തന്നെ വിചാരിക്കണം.
ഞാന്‍ അമ്മയില്‍ നിന്ന് 5 രൂപ പോലും വാങ്ങാത്ത ആളാണ്. അടുത്ത അമ്മയില്‍ ചിലപ്പോള്‍ ഞാന്‍ ഉണ്ടാവില്ല. ഞാന്‍ പണ്ട് ദിലീപേട്ടനെ പുറത്താക്കിയപ്പോഴേ വിചാരിച്ച കാര്യമാണ് അമ്മയില്‍ നിന്ന് പോകണമെന്ന്. ലാലേട്ടനെല്ലാം രാജി വച്ചു എന്ന പ്രഖ്യാപനം കൂടെയായപ്പോള്‍, എനിക്ക് മാനസികമായി നല്ല വിഷമമുണ്ട്. സന്തോഷത്തോടെ സംഘടനയില്‍ നിന്നയാളാണ് ഞാന്‍. ചിലപ്പോള്‍ അമ്മയില്‍ ഉണ്ടാവില്ലെന്നാണ് പറഞ്ഞത്. അതില്‍ ഉറപ്പില്ല. ചിലപ്പോള്‍ സംഘടനയില്‍ നിന്ന് പോരാടും.
ലാലേട്ടനെ പോലൊരാള്‍ നയിച്ചത് കൊണ്ടാണ് ഇത്തരമൊരു സംഘടന ഇത്രയും നാള്‍ മുന്നോട്ടുപോയത്. സംഘടനയിലേക്ക് പണം വരണമെങ്കില്‍ ലാലേട്ടന്‍, മമ്മൂക്ക എന്നിവരെ പോലെയുള്ളവര്‍ വേണം. അതുകൊണ്ടാണ് മൂന്നുകോടി രൂപയൊക്കെ കിട്ടുന്നത്. യുവനടന്‍മാരെ വച്ചാല്‍ അത്രയും രൂപ കിട്ടുമോ? സ്ത്രീ സുരക്ഷ എല്ലായിടത്തും വേണം.സിനിമാമേഖലയില്‍ മാത്രമല്ല, എല്ലാ മേഖലയിലും വേണം. പുതിയ ആളുകള്‍ വന്ന് നല്ല രീതിയില്‍ കൊണ്ടുപോയാല്‍ നല്ലതാണ്.
കുഞ്ചാക്കോ ബോബന്‍ ഒക്കെ പ്രസിഡന്‍റ് ആയി വന്നാല്‍ നന്നായിരിക്കും . വളരെ നല്ല വ്യക്തിത്വം ആണ്. ഇതുവരെ ഒരു മോശം പേരും കേള്‍പ്പിക്കാത്ത വ്യക്തിയാണ്.