sangeeth-prathap-accident-kurip

ജൂലൈ 27 ശനിയാഴ്ച പുലർച്ചെയാണ് 'ബ്രോമാൻസ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എംജി റോഡിൽ നടന്ന വാഹനാപകടത്തിൽ നടന്മാരായ അർജുൻ അശോകൻ, സംഗീത് പ്രതാപ് എന്നിവർക്ക് പരുക്കേറ്റത്. ചിത്രത്തിലെ ചേസിങ് സീൻ ഷൂട്ട് ചെയ്യുന്നതിനിടയിൽ അമിതവേഗത്തിൽ ഓടിച്ച കാർ മറ്റൊരു കാറിൽ ഇടിച്ച് മറിയുകയായിരുന്നു. അന്ന് അർജുനും സംഗീതിനും പരുക്കേറ്റിരുന്നു. ഇപ്പോഴിതാ, ഒരു മാസം നീണ്ട വിശ്രമത്തിനു ശേഷം വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് മടങ്ങാനായതിന്‍റെ സന്തോഷം പങ്കുവയ്ക്കുകയാണ് സംഗീത്. 

അത്യന്തം അപകടകരമായ അവസ്ഥയെ തരണം ചെയ്താണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയതെന്നും വിഷാദവും സങ്കടവും കീഴടക്കിയ ദിവസങ്ങളിൽ കരുത്തായത് ഭാര്യയും കുടുംബവുമായിരുന്നുവെന്നുമാണ് സംഗീത് കുറിക്കുന്നത്. അപകടകരമായ അവസ്ഥയിലാണെന്ന് നഴ്സ് പറഞ്ഞതികേട്ട് ടെന്‍ഷന്‍ തുടങ്ങിയെന്നും അന്നു മുതല്‍ സങ്കടം, വിഷാദം, ഭയം തുടങ്ങി പല വികാരങ്ങളിലൂടെയാണ് കടന്നുപോയതെന്നും താരം വ്യക്തമാക്കി. ഭാവിയെ കുറിച്ചുള്ള തന്‍റെ സംശയങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ നിരവധി ഉത്തരം ലഭിച്ചതായും സംഗീത് കുറിച്ചു. 

ഭാര്യ, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരെല്ലാം ഈ ഘട്ടത്തില്‍ ഒപ്പം നിന്നുവെന്നും ഭാര്യ ഒരു കുഞ്ഞിനെ പോലെ തന്നെ പരിപാലിച്ചുവെന്നും തനിക്ക് അവളെ എത്രമാത്രം സ്നേഹിക്കാന്‍ കഴിയുമെന്നും അവള്‍ അത് അര്‍ഹിക്കുന്നുവെന്നും മനസിലാക്കിയ നിമിഷങ്ങളായിരുന്നുവെന്നും സോഷ്യല്‍മീഡിയ കുറിപ്പില്‍ സംഗീത് വ്യക്തമാക്കി. നാളെ തിരികെ ഷൂട്ടില്‍ സെറ്റിലേക്ക് പോവുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. 

സംഗീത് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:

കഴിഞ്ഞ മാസം, ഇതേ ദിവസം, ഒരു അപകടത്തിൽ എന്‍റെ ജീവിതം തലകീഴായി മറിഞ്ഞു. എനിക്ക് ഒന്നും സംഭവിച്ചില്ല എന്ന് ആദ്യം കരുതിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ വളരെ അപകടകരമായ അവസ്ഥയിലാണെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും ഒരു നഴ്സ് പറഞ്ഞപ്പോൾ ടെൻഷൻ തുടങ്ങി. അന്നുമുതൽ, ഞാൻ പല വികാരങ്ങളിലൂടെ കടന്നുപോയി, ചിലപ്പോൾ വളരെ സങ്കടം, വിഷാദം, ഭയം... എന്നാൽ മറ്റുചിലപ്പോൾ ഇരുന്ന് ചിന്തിക്കാനുള്ള രണ്ടാമത്തെ അവസരമായി എനിക്ക് തോന്നി. ഒന്നും നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്തതിനാൽ പ്ലാനിംഗുകൾ പലപ്പോഴും ഉപയോഗശൂന്യമാണെന്ന് മനസ്സിലാക്കി, ഭാവിയെക്കുറിച്ചുള്ള എൻ്റെ സംശയങ്ങൾക്ക് എനിക്ക് നിരവധി ഉത്തരങ്ങൾ ലഭിച്ചു. ഒഴുക്കിനൊപ്പം പോകുന്നതാണ് നല്ലത്. 

എൻ്റെ ഭാര്യ, എൻ്റെ ഉറ്റസുഹൃത്ത്, അവൾ അവളുടെ കുഞ്ഞിനെയെന്നെപ്പോലെ എന്നെ പരിപാലിച്ചു, എനിക്ക് അവളെ എത്രമാത്രം സ്നേഹിക്കാൻ കഴിയുമെന്നും അവൾ അത് അർഹിക്കുന്നുവെന്നും ഞാൻ മനസ്സിലാക്കി. എൻ്റെ മാതാപിതാക്കളും ഉറ്റസുഹൃത്തുക്കളും എനിക്കൊപ്പം നിന്നു, എനിക്ക് ലഭിച്ച ഓരോ മെയിലുകളും മെസ്സേജുകളും പല കാര്യങ്ങളും മനസ്സിലാക്കാൻ എന്നെ സഹായിച്ചു. 

നാളെ ഞാൻ എൻ്റെ പ്രിയപ്പെട്ട സ്ഥലമായ ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങുകയാണ്. ഞാൻ ഇപ്പോഴും അൽപ്പം അസ്വസ്ഥനാണ്, പക്ഷേ വിഷമിക്കേണ്ട കാര്യമില്ലെന്ന് ഇപ്പോൾ എനിക്കറിയാം; മേഘങ്ങൾ തനിയെ തെളിയും. ഉറക്കം കണ്ണുകളുടെ തിരശ്ശീലയിൽ നിന്ന് വഴുതി വീഴുന്നു, പക്ഷേ എനിക്ക് കിലോമീറ്ററുകൾ മുന്നോട്ട് പോകാനുണ്ട്," സംഗീത് കുറിച്ചു.