ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്ന് തെന്നിന്ത്യന്‍ താരം സമാന്ത. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലുണ്ടായ സംഭവങ്ങള്‍ പങ്കുവെച്ചാണ് സമാന്തയുടെ പ്രതികരണം. ആദരവ് ലഭിക്കുന്നതും സുരക്ഷിതവുമായ തൊഴിലിടം എന്നത് ഏറ്റവും അടിസ്ഥാനപരമായ കാര്യമാണെന്ന് സമാന്ത പറഞ്ഞു.
കേരളത്തിലെ ഡബ്ല്യുസിസിയുടെ അതിഗംഭീര പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞാന്‍ പിന്തുടരുന്നുണ്ട്. എളുപ്പമായിരുന്നില്ല അവരുടെ യാത്ര. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അതിന്റെ പ്രത്യാഘാതങ്ങള്‍ പുറത്തുവന്നത് കാണുമ്പോള്‍ ഡബ്ല്യുസിസിയോട് നന്ദിയോടെ കടപ്പെട്ടിരിക്കുന്നു, സമാന്ത പറയുന്നു.
സുരക്ഷിതവും ആദരവ് ലഭിക്കുന്നതുമായ ഒരു തൊഴിലിടം ആര്‍ക്കും ലഭിക്കേണ്ടതാണ്. എന്നാല്‍ അതിന് പോലും വലിയ സംഘര്‍ഷങ്ങള്‍ വേണ്ടിവരുന്നു. എന്തായാലും ഡബ്ല്യുസിസിയുടെ പരിശ്രമങ്ങള്‍ വൃഥാവിലായില്ല. അനിവാര്യമായ മാറ്റത്തിന്റെ തുടക്കമാവട്ടെ ഇത്, ഡബ്ല്യുസിസിയിലെ എന്റെ എല്ലാ കൂട്ടുകാര്‍ക്കും സഹോദരിമാര്ഡക്കും സ്നേഹം, ആദരം, സമാന്ത പറയുന്നു.