amala-paul

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ താനും ഞെട്ടിയിരിക്കുകയാണെന്ന് നടി അമല പോള്‍. ഒരിക്കലും വിചാരിക്കാത്ത പല ആളുകളുടെയും കാര്യങ്ങള്‍ അറിഞ്ഞെന്നും താരം പ്രതികരിച്ചു. നിയമപരമായി നീതി ലഭിക്കണമെന്നും താരസംഘടനയില്‍ ഉള്‍പ്പെടെ തലപ്പത്ത് സ്ത്രീകള്‍ വരണമെന്നും താരം ആവശ്യപ്പെട്ടു. 

അമലയുടെ വാക്കുകള്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ഞാനും ഞെട്ടിയിരിക്കുകയാണ്. ഒരിക്കലും വിചാരിക്കാത്ത പല ആളുകളുടെയും കാര്യങ്ങള്‍ അറിഞ്ഞു. ഇതിനെല്ലാം ഒരു നീതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റൊരു വാര്‍ത്തയുണ്ടാകുമ്പോള്‍ ഈ വിഷയം ഇല്ലാതായി പോകരുത്. വേണ്ടത്ര പ്രാധാന്യം ഈ വിഷയത്തിന് കിട്ടണം. നിയമപരമായി തന്നെ നീതി ലഭിക്കണമെന്നാണ് ഞാനും പ്രാര്‍ഥിക്കുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരാനായി ഇതിന് പിന്നില്‍ ശക്തരായ ഒരുകൂട്ടം സ്ത്രീകളുണ്ടായിരുന്നു. നമ്മുടെ നിയമവ്യവസ്ഥയുടെ സഹായത്തോടുകൂടിയാണ് അത് പുറത്തുവന്നത്. താരസംഘടനയില്‍ ഉള്‍പ്പെടെ തലപ്പത്ത് സ്ത്രീകള്‍ വരണം. എല്ലാ മേഖലയിലും 50 ശതമാനം സ്ത്രീകള്‍ വരണം. മുന്നോട്ട് ഇത്തരം പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ അതായിരിക്കും പരിഹാരം. 

അതേസമയം, ലൈംഗികാതിക്രമപരാതികളില്‍ ഇന്നും കൂടുതല്‍ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ രഞ്ജിത്തിനെതിരെ പുതിയ കേസ് കൂടി ഇന്ന് റജിസ്റ്റര്‍ ചെയ്തു. ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കോഴിക്കോട്ടെ യുവാവിന്റെ പരാതിയിൽ കസബ പൊലീസാണ് കേസെടുത്തത്. പ്രകൃതി വിരുദ്ധ പീഡനം , ഐടി ആക്ട് വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്‍റെ പീഡന പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെയും മരട് പൊലീസ് കേസെടുത്തു. പരസ്യചിത്രത്തില്‍ അവസരം വാഗ്ദാനം ചെയ്ത് 2020ല്‍ കൊച്ചിയിലെ ഹോട്ടലില്‍വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. നടന്‍മാരായ ഇടവേള ബാബുവിനും സുധീഷിനെതിരെയും ഇന്ന് കേസ് റജിസ്റ്റര്‍ ചെയ്തു. ജൂനിയര്‍ അര്‍ട്ടിസ്്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസാണ് കേസെടുത്തത്.

ENGLISH SUMMARY:

Amala Paul says hema committee report shocked