2024-ലെ ഹുറൂൺ സമ്പന്നരുടെ പട്ടികയിൽ ഇടം നേടി ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. 7300 കോടി രൂപയുടെ ആസ്തിയുമായാണ് കിങ് ഖാന്‍ പട്ടികയില്‍ ഇടം നേടിയത്. ഐപിഎൽ ടീം കൊൽക്കത്തനൈറ്റ് റൈഡേഴ്സിന്റേയും റെഡ് ചില്ലീസ് എന്റർടെയ്ൻമെന്‍റിന്‍റെയും ഉടമസ്ഥനായതിന് പിന്നാലെ ആസ്തിയിലുണ്ടായ വര്‍ധനവാണ്  സമ്പന്നരുടെ പട്ടികയിലേക്ക് അതിവേഗം ചേക്കേറാന്‍ താരത്തെ സഹായിച്ചത്.

ഷാരൂഖിന് പിന്നാലെ പട്ടികയിൽ ഇടംപിടിച്ച ബോളിവുഡ് താരം ജൂഹി ചാവ്ലയും ഹൃത്വിക് റോഷനുമാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമ കൂടിയായ ജൂഹി ചാവ്ലയുടെ ആസ്തി 4600 കോടിയാണ്. സിനിമാലോകത്ത് നിന്ന് പട്ടികയിൽ ഇടംപിടിച്ച മൂന്നാംസ്ഥാനക്കാരൻ ഹൃത്വിക് റോഷന്‍റെ ആസ്തി 2000 കോടിയാണ്. എച്ച്.ആര്‍.എക്സ് ബ്രാൻഡിന്‍റെ മൂല്യമാണ് താരത്തിന്‍റെ നേട്ടത്തിന് പിന്നിൽ.

പട്ടികയിൽ നാലാമത് അമിതാഭ് ബച്ചനും കുടുംബവുമാണ്. സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറാണ് അഞ്ചാം സ്ഥാനത്ത്. മുകേഷ് അംബാനിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 11.6 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനിയാണ് സമ്പന്നരില്‍ മുന്‍പന്തിയില്‍ എത്തിയിരിക്കുന്നത്. 

ENGLISH SUMMARY:

Bollywood superstar Shah Rukh Khan has made it to the Hurun Rich List of 2024