Image: instagram.com/aishwaryaraibachchan_arb___/

ബച്ചന്‍ കുടുംബത്തില്‍ അസ്വാരസ്യം പുകയുന്നുവെന്നും സൂപ്പര്‍താര ദമ്പതികളായ ഐശ്വര്യയും അഭിഷേകും പിരിയുകയാണെന്നുമുള്ള അഭ്യൂഹങ്ങളെ തള്ളി വിഡിയോ. അഭിഷേകുമൊത്ത് ദുബായ് വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് ബസില്‍ കയറുന്ന ഐശ്വര്യയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തൊട്ടുപിന്നിലായി ആരാധ്യയെയും വിഡിയോയില്‍ കാണാം. 

ചുവപ്പ് ഹൂഡിയും കറുപ്പ് പാന്‍റുമാണ് അഭിഷേകിന്‍റെ വേഷം. ഐശ്വര്യയാവട്ടെ അതിമനോഹരമായ കറുപ്പ് ഫ്രോക്കിലും. ആരാധ്യ വളരെ സിംപിളായി ചുവപ്പ് ടീഷര്‍ട്ടും നീല ജീന്‍സും ഒപ്പം സ്കാര്‍ഫുമാണ് ധരിച്ചിരിക്കുന്നത്.  വിഡിയോ പകര്‍ത്തുന്നത് കണ്ട്  ഐശ്വര്യ ചെറുതായി പുഞ്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

അംബാനിക്കല്യാണത്തിന് രണ്ടായി എത്തിയതിന് പിന്നാലെയാണ് താരദമ്പതികള്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ ബലം വച്ചത്. പിന്നാലെ വിവാഹമോചനം വര്‍ധിക്കുന്നതിനെ കുറിച്ച് കുടുംബ സുഹൃത്ത് പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അഭിഷേകിന്‍റെ ലൈക്കുമെത്തി. വേര്‍പിരിയല്‍ ആര്‍ക്കും ഒട്ടും എളുപ്പമല്ലെന്നും പ്രായമാകുമ്പോഴും കൈകള്‍ കോര്‍ത്ത് സായംകാലങ്ങളില്‍ തെരുവിലൂടെ നടന്ന് നീങ്ങുന്നത് ആരുടെ സ്വപ്നത്തിലാണ് ഇല്ലാത്തതെന്നും തുടങ്ങുന്നതായിരുന്നു അഭിഷേക് ഹൃദയ ചിഹ്നമിട്ട് ഇഷ്ടമറിയിച്ച പോസ്റ്റ്. 

2007 ഏപ്രിലിലാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരായത്. 2011 നവംബറില്‍ ഇരുവര്‍ക്കും ആരാധ്യ ജനിച്ചു. അടുത്തിടെയായി വിവാഹമോചന അഭ്യൂഹങ്ങള്‍ പലതവണ ഉയര്‍ന്നിട്ടും ഇരുവരും അത് നിഷേധിക്കുകയോ ശരിവയ്ക്കുകയോ ചെയ്തിട്ടില്ല. 

ENGLISH SUMMARY:

Amid divorce rumours, Aishwarya Rai spotted with Abhishek Bachchan at Dubai airport