TOPICS COVERED

ഇഷ്ട താരങ്ങളെ നേരില്‍ കണ്ടാല്‍ ആരാധകര്‍ പരിസരം മറന്ന് ഓടിച്ചെല്ലുന്നതും   കെട്ടിപ്പിടിക്കുന്നതുമെല്ലാം ഒരു പതിവ് കാഴ്ചയാണ് . അനന്തരഫലമെന്തെന്ന് ചിന്തിക്കാതെ  അതിരുവിട്ടുള്ള ഇത്തരം പ്രവര്‍ത്തികള്‍ പലപ്പോഴും താരങ്ങള്‍ക്കും  ആരാധകര്‍ക്കും ഒരു പോലെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട് . അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം അമേരിക്കയില്‍ നടന്നത്.

അമേരിക്കയിലെ പ്രശസ്ത ഗായകനായ റോമിയോ സാന്റോസിന്‍റെ സംഗീത പരിപാടിയാണ് വേദി. സംഗീതം മുറുകുന്നതിനിടെ സദസില്‍ നിന്നും ഒരു യുവതി സ്റ്റേജിലേക്ക് ഓടിക്കയറി.റോമിയോയുടെ കടുത്ത ആരാധികയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറുമായ മിറിയം ക്രൂസ് ആയിരുന്നു അത്. റോമിയോയുടെ അടുത്തെത്തിയ അവര്‍ക്ക് ആരാധനയും ആവേശവും അടക്കാനായില്ല.ഉടന്‍ തന്നെ റോമിയോയെ കെട്ടിപ്പിടിച്ച് ചുണ്ടിൽ ദീർഘമായി ചുംബിച്ചു.

സംഭവത്തിന്‍റെ വിഡിയോ  സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഒടുവില്‍ വിഡിയോ അവരുടെ  ഭര്‍ത്താവിനും കിട്ടി. വിഡിയോ കണ്ട് ക്ഷുഭിതനായ ഭർത്താവ് മിറിയത്തിനെതിരെ വിവാഹ മോചന ഹർജി നൽകിയെന്നാണ്  ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. വിവാഹമോചന ആവശ്യം അറിഞ്ഞതോടെ ഭര്‍ത്താവിനോട് ക്ഷമ പറഞ്ഞ് മിറിയം ഒരു വിഡിയോ പോസ്റ്റ് ചെയ്തു. വര്‍ഷങ്ങളായി താന്‍ ആരാധിക്കുന്ന ആളാണ് റോമിയോ സാന്റോസ് എന്നും നേരില്‍ കണ്ടപ്പോള്‍ ഉള്ള ആവേശത്തിലാണ്  അങ്ങനെ ചെയ്തത് എന്നും മിറിയം  പറയുന്നു.   ഒരു കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല ഒരു നല്ല മനുഷ്യന്‍ എന്ന നിലയില്‍ കൂടിയാണ് തനിക്ക് അദ്ദേഹത്തിനോടുള്ള ആരാധനയെന്നും അവര്‍ പറഞ്ഞു.

ചുംബനം നൽകിയതിൽ തനിക്കു വിഷമമോ പശ്ചാത്താപമോ ഇല്ല. എന്നാൽ ഭർത്താവിനെ വിഷമിപ്പിച്ചതിൽ താൻ ക്ഷമ ചോദിക്കുന്നു. വിവാഹമോചന തീരുമാനത്തിൽനിന്ന് ഭർത്താവ് പിന്മാറുമെന്നാണു പ്രതീക്ഷയെന്നും പറഞ്ഞാണ് മിറിയം  വിഡിയോ അവസാനിപ്പിച്ചത്.         

മിറിയം  സമൂഹമാധ്യമങ്ങളില്‍  പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ്  ലഭിച്ചത് .മിറിയം ചെയ്തത് വിവാഹബന്ധത്തിന് എതിരായ കാര്യമാണെന്ന് ഒരു വിഭാഗം പ്രതികരിച്ചപ്പോള്‍ ഭർത്താവിന്‍റെ അരക്ഷിതത്വ ബോധമാണ് ഈ നീക്കത്തിലേക്കു നയിച്ചതെന്നും വിവാഹ മോചന തീരുമാനം മാറ്റണമെന്നുമാണ് മറ്റു ചിലരുടെ പ്രതികരണം.

ന്യൂയോർക്കിലെ ബ്രോങ്ക്സിൽ രൂപപ്പെട്ട ഡൊമിനിക്കൻ സംഗീത ബാൻഡായ അവഞ്ചുറയിലെ അംഗമായിരുന്നു റോമിയോ. ഇന്ന് ഈ ബാൻഡ് ഇല്ല.   ബാൻഡ് അംഗങ്ങളുടെ പുനസമാഗമത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിയിലായിരുന്നു വിവാദചുംബനം.

ENGLISH SUMMARY:

Husband Allegedly Divorces Wife After She Kisses Romeo Santos Onstage