സിനിമയിലെ തുല്യവേതനത്തെക്കുറിച്ച് സംസാരിച്ച് നടി ഗ്രേസ് ആന്റണി. വിപണി മൂല്യത്തെ അടിസ്ഥാനമാക്കിയാണ് അഭിനേതാക്കള്‍ക്ക് വേതനം ലഭിക്കുന്നെന്നും അതിന്റെ പേരില്‍ വാശി കാണിക്കാന്‍ കഴിയില്ലെന്നുമാണ് ഗ്രേസ് വ്യക്തമാക്കുന്നത്. നിലവിൽ താൻ അർഹിക്കുന്ന പ്രതിഫലം എനിക്ക് കിട്ടുന്നുണ്ടെന്നും ഒരു സിനിമയിൽ ഞാൻ അഭിനയിച്ചപ്പോൾ, അതിലെ നായകനെക്കാൾ പ്രതിഫലം ആയിരുന്നു തനിക്ക് ലഭിച്ചതെന്നും നടി പറഞ്ഞു. യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഗ്രേസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗ്രേസ് ആന്റണിയുടെ വാക്കുകള്‍
നായകന് ഇത്ര രൂപ പ്രതിഫലം കൊടുത്തു. എനിക്കും അത്ര രൂപ വേണമെന്ന് പ്രൊഡക്ഷന്‍ സൈഡിലുള്ളവരോട് ഞാന്‍ പറഞ്ഞാല്‍ അവരെന്നോട് ചോദിക്കും താങ്കളുടെ പേരില്‍ ഈ പടം വിറ്റു പോകുമോ എന്നാണ്. ആ ചോദ്യത്തിന് എനിക്ക് മറുപടിയില്ല. കാരണം ആ സിനിമ വിറ്റുപോകാനുള്ള കാരണമായി അവര്‍ കാണുന്നത് ആ നടനെയാണ്. അതില്‍ ഒരു ഗ്യാരന്റി ചോദിച്ചാല്‍ നമ്മുക്കില്ല. നമ്മള് ഒരു പ്രൊജക്റ്റ് എടുക്കാനുള്ള കാരണം അതിന്റെ എഴുത്തുകാരനും സംവിധായകനും പ്രൊഡക്ഷന്‍ സൈഡും ഒക്കെയാണ്. അവര്‍ ആ സിനിമക്ക് ഒരു സെല്ലിങ്ങ് പോയിന്റ് കണ്ടുവെച്ചിട്ടുണ്ടാകും. ഇതൊരു ബിസിനസ് ആണല്ലോ. ഒരു ആക്ടറിന്റെ പേരിലാണ് ഈ സിനിമ വില്‍ക്കുന്നത്. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ പ്രതിഫലമുണ്ട്. ഒരു സിനിമ ബിസിനസ് ചെയ്യണമെങ്കില്‍ അതിന്റേതായ വാല്യൂ ഉണ്ട്. അതില്‍ നായികയായി അഭിനയിക്കാന്‍ വരുന്ന എനിക്ക് അത്ര തന്നെ പ്രതിഫലം വേണമെന്ന് പറയാന്‍ പറ്റില്ല. എന്റെ പേരിൽ പടം വിറ്റു പോകുന്ന, എന്നെ പ്രധാന കഥാപാത്രമാക്കി പടം ചെയ്യാൻ ഒരു പ്രൊഡക്ഷൻ വരികയാണെങ്കിൽ എന്റെ പ്രതിഫലം ഇത്രയാണ് എന്ന് എനിക്ക് പറയാനാകും.
നിലവിൽ ഞാൻ അർഹിക്കുന്ന പ്രതിഫലം എനിക്ക് കിട്ടുന്നുണ്ട്. ഒരു സിനിമയിൽ ഞാൻ അഭിനയിച്ചപ്പോൾ, അതിലെ നായകനെക്കാൾ പ്രതിഫലം ആയിരുന്നു എനിക്ക്. അതും ഒരു പോയിന്റ് ആണ്. ഒരു സനിമ ചെയ്യുമ്പോൾ നമ്മളെക്കാൾ പ്രതിഫലം കുറഞ്ഞ അഭിനേതാക്കളും കൂടുതലുള്ള അഭിനേതാക്കളും ഉണ്ടാകും. തമിഴിൽ കാര്യങ്ങൾ പക്ഷേ വ്യത്യസ്തമാണ്. അവിടെയും തുല്യവേതനം പറയാൻ പറ്റിയില്ലെങ്കിലും മലയാള സിനിമയെക്കാൾ പ്രതിഫലം അവിടെന്ന് നമുക്ക് കിട്ടും. അവിടെ ഉള്ള നിർമാതാക്കൾ പൈസ ഇറക്കാൻ തയ്യാറാണ്. നമ്മൾ ചെയ്യുന്ന വർക്ക് നല്ലതാണെങ്കിൽ, ക്വാളിറ്റി നല്ലതാണെങ്കിൽ അതിനുള്ള പ്രതിഫലം നമുക്ക് കിട്ടും. അത് മനസിലാക്കിയിട്ടുള്ള ആളാണ് ഞാൻ. തുടക്കക്കാലത്ത് എനിക്ക് ബസ് കൂലി പോലും കിട്ടിയിരുന്നില്ല. അതൊരു സ്ട്രഗിളിങ് സ്റ്റേജ് ആണ്. അതിന് പരാതി പറഞ്ഞിട്ട് കാര്യമില്ല. ഇതിനെല്ലാം ശേഷം നമ്മളിലെ അഭിനേതാവിനെ പ്രൂവ് ചെയ്ത് കഴിയുമ്പോഴാണ് നമുക്ക് ചോദിക്കാൻ സാധിക്കുക.