sreenivasan-speech

Image Credit : https://www.youtube.com/watch?v=xgTc66xL_dU

മക്കളുടെ പേരിനുപിന്നിലെ രഹസ്യം വെളിപ്പെടുത്തി നടന്‍ ശ്രീനിവാസന്‍. മക്കളുടെ പേരും തന്‍റെ കായികപ്രേമവും തമ്മില്‍ ബന്ധമുണ്ടെന്ന് പറഞ്ഞ ശ്രീനിവാസന്‍ മക്കള്‍ക്ക് വിനീതെന്നും ധ്യാനെന്നും പേരിടാനുളള കാരണവും വ്യക്തമാക്കി. ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന കൊയ്ത്തുത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീനിവാസനും, ധ്യാനും. സ്വന്തം നാടായ കണ്ടനാട് നടന്ന കൊയ്‌ത്തുല്‍സവത്തിലാണ് ഇരുവരും മുഖ്യാതിഥികളായി എത്തിയത്. 

ശ്രീനിവാസന്‍റെ വാക്കുകള്‍ ഇങ്ങനെ:

'എനിക്ക് രണ്ടുമക്കളാണ്. വിനീതും ധ്യാനും. ചെറുപ്പത്തില്‍ ഞാനൊരു സ്പോര്‍ട്സ് ഭ്രാന്തനായിരുന്നു. കുറേക്കാലം ഫുട്ബോള്‍ കളിച്ചിട്ട് ഗോളടിക്കാന്‍ പറ്റിയിട്ടില്ല. പക്ഷേ എനിക്ക് താല്‍പര്യം ക്രിക്കറ്റിനോടായിരുന്നു. അതിന് കാരണം എന്‍റെ ബന്ധുവും സുഹൃത്തുമായ ദിവാകരനായിരുന്നു. അവനെ അന്നേ ആളുകള്‍ വിളിച്ചിരുന്നത് പട്ടൗ‍‍ഡി ദിവാകരന്‍ എന്നായിരുന്നു. ഇന്ത്യയുടെ ആദ്യകാല ക്രിക്കറ്റ് ക്യാപ്റ്റനായിരുന്നു മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി. അന്ന് ഞങ്ങളുടെ വീട്ടില്‍ കറണ്ടില്ല. റേഡിയോയിലൂടെയുള്ള റണ്ണിങ് കമന്ററി കേള്‍ക്കുന്നതായിരുന്നു ആകെയുള്ള വഴി. ഈ പട്ടൗഡി ദിവാകരന്‍റെ കയ്യിലൊരു പോക്കറ്റ് റേഡിയോ ഉണ്ട്. ആ റേഡിയോയിലാണ് ഞാന്‍ ആദ്യമായി കമന്‍ററി കേള്‍ക്കുന്നത്. പിന്നെ ക്രിക്കറ്റ് എന്‍റെ ഭ്രാന്തായി' ശ്രീനിവാസന്‍ പറഞ്ഞു.

'ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ കുറച്ചുകാലം ഹോക്കി കളിച്ചിട്ടുണ്ട്. അന്ന് ഞാന്‍ സ്‌പോര്‍ട്‌സ് വാര്‍ത്തകള്‍ സ്ഥിരമായി വായിക്കുമായിരുന്നു. ഇന്ത്യയ്ക്ക് ഹോക്കിയില്‍ ഒളിമ്പിക്‌സ് മെഡലുകളെല്ലാം ലഭിക്കുന്ന കാലമാണ്. ആ കാലത്തുണ്ടായിരുന്ന ഒരു പ്രധാനപ്പെട്ട പ്ലെയറാണ് വിനീത് കുമാര്‍. എനിക്ക് ആദ്യത്തെ മകനുണ്ടായപ്പോള്‍ ആ വിനീത് കുമാറിന്‍റെ പേരില്‍ നിന്ന് കുമാര്‍ കട്ട് ചെയ്താണ് വിനീത് എന്ന പേരിട്ടത്. ഇന്ത്യയിലെ ഹോക്കി മാന്ത്രികന്‍ എന്നറിയപ്പെട്ടിരുന്ന കായികതാരമാണ് ധ്യാന്‍ ചന്ദ്. അയാളുടെ പേരാണ് എന്‍റെ രണ്ടാമത്തെ മകനിട്ടത്' എന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്തുകൊണ്ട് ധ്യാന്‍ പറഞ്ഞതിങ്ങനെ:

'വര്‍ഷങ്ങളായി എന്‍റെ മുറിയില്‍ നിന്ന് ജനല്‍ തുറന്നാല്‍ കാണുന്നത് പാടമാണ്. രാവിലെ എഴുനേല്‍ക്കുമ്പോള്‍ ഈ പാടം കണ്ട് എഴുനേല്‍ക്കാന്‍ ഭാഗ്യം ലഭിച്ച ചുരുക്കം ചിലരില്‍ ഒരാളാണ് ഞാനും. ഒരുപക്ഷേ ഞാന്‍ മാത്രമായിരിക്കും ഈ പാടം സ്ഥിരമായിട്ട് കാണുന്ന ഒരാള്‍. വര്‍ഷങ്ങളായിട്ട് ഇവിടെ ഈ പരിപാടി നടക്കുന്നുണ്ട്. ഇതുവരെ അതിഥിയായിട്ടൊന്നും വിളിച്ചിട്ടില്ല. ഇവരുടെയൊക്കെ കാലശേഷം ഞാനായിരിക്കും ഇത് നടത്തിക്കൊണ്ട് പോകുന്നത്. അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും' ധ്യാൻ പറഞ്ഞു. ധ്യാനിന്‍റെ വാക്കുകള്‍ വേദിയില്‍ ചിരിപടര്‍ത്തി. കൊയ്‌ത്തുല്‍സവം ഉദ്​ഘാടനം ചെയ്തതിന് ശേഷം പാടത്തിറങ്ങി കൊയ്യുന്ന ധ്യാൻ ശ്രീനിവാസന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്.