Image Credit: instagram.com/realsomyali

Image Credit: instagram.com/realsomyali

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വെളിപ്പെടുത്തലുകളുമായി ബോളിവുഡ് നടി സോമി അലി. റിപ്പോർട്ടിലെ കാര്യങ്ങൾ ഇൻഡസ്ട്രിയിലെ സ്ത്രീകൾക്ക് സുചരിചിതമാണെന്നും കേരളത്തിൽ മാത്രമല്ല ഇത്തരം സംഭവങ്ങളെന്നും സോമി അലി പറഞ്ഞു. കരിയറിൽ മുന്നേറണമെങ്കിൽ ചിലരുടെ മുറിയിൽ ചെല്ലണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നു. പല പ്രമുഖരുടെ മുറിയിൽ നിന്നും ചൂഷണം ചെയ്തവർ ഇറങ്ങി വരുന്നത് കണ്ടിട്ടുണ്ടെന്നും ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തി.

'കരിയറിൽ ഉയർച്ചയുണ്ടാകാൻ ചിലരുടെ മുറയിലേക്ക് പോകാൻ എനിക്ക് മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു. പല സ്ത്രീകളുടെയും അനുഭവങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്. പ്രമുഖരായ ബോളിവുഡ് താരങ്ങൾ, കുടുംബസ്ഥരായ പലരിൽ നിന്നും ചൂഷണം നേരിട്ട സ്ത്രീകൾ ഹോട്ടൽ മുറി വിട്ടിറങ്ങുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്' എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമ മേഖലയ്ക്ക് ഉണർവാണെന്നും ഇരകളാക്കപ്പെട്ടവർക്ക് പ്രതികാരഭയമില്ലാതെ പ്രവർത്തിക്കാൻ സാധിക്കണമെന്നും സോമി അലി പറഞ്ഞു.  

ബോളിവുഡ് പോലുള്ള ശക്തമായ അധികാരഘടനയുള്ള ഇൻഡസ്ട്രിയിൽ ഇരകളാക്കപ്പെട്ടവർക്ക് തുറന്നുപറയാൻ അവസരമില്ല. പ്രതികാര ഭയം, ജോലി നഷ്ടം, സാമൂഹിക ബഹിഷ്കരണം എന്നിവയാണ് പലരുടെയും ആശങ്ക. ഇൻഡസ്ട്രിയിലെ പലരും കാര്യമായ സ്വാധീനം ചെലത്തുന്നു, മിണ്ടാതിരിക്കാനുള്ള സമ്മർദ്ദം അത്രവലുതാണെന്നും സോമി അലി പറഞ്ഞു. ഹിറോകളെ ആരാധിക്കുന്ന ബോളിവുഡ് സംസ്കാരത്തിൽ അധികാര കേന്ദ്രങ്ങളെ പറ്റി സംസാരിച്ചാൽ ജീവന് പോലും ഭീഷണിയാണെന്നും സോമി കൂട്ടിച്ചേർത്തു. #മീറ്റു പോലുള്ള മുന്നേറ്റങ്ങൾ ഒരുപാട് പേർക്ക് തുറന്ന് പറയാനുള്ള ധൈര്യം നൽകും. തടസങ്ങൾ നീക്കാൻ സ്ഥിരമായ ശ്രമവും സമയവും ആവശ്യമാണ്. ഇരകളാക്കപ്പെട്ടവർക്ക് പിന്തുണ നൽകേണ്ടത് പ്രധാനമാണെന്നും അവർ വ്യക്തമാക്കി. 

കൃഷൻ അവതാർ, യാർ ഗദ്ദർ, ആവോ പ്യാർ കാരെൻ, ആന്ദോളൻ തുടങ്ങി 1990- കളിലെ നിരവധി ബോളിവുഡ് സിനിമകളിൽ സോമി അലി അഭിനയിച്ചിട്ടുണ്ട് 1997ൽ പുറത്തിറങ്ങിയ ചുപ്പ് ആണ് അവസാന ചിത്രം. സിനിമയിൽ നിന്ന് മാറിയ ശേഷം, ഗാർഹിക പീഡനത്തെ അതിജീവിക്കുന്നവരെ സഹായിക്കുന്നതിനായി 'നോ മോർ ടിയേഴ്സ്' എന്ന പേരിൽ ഫൗണ്ടേഷൻ ആരംഭിച്ച് പ്രവർത്തനങ്ങളിലാണ് സോമി അലി.