മലയാള സിനിമയിലെ പ്രമുഖര്‍ക്കെതിരെ ലഭിച്ച ലൈംഗികാരോപണ പരാതികളില്‍ ഉടൻ അറസ്റ്റ് ഉണ്ടാവില്ലെന്ന് AIG പൂങ്കുഴലി. പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജികളിലെ തീരുമാനിച്ചായിരിക്കും തുടർനടപടികൾ എന്നും അന്വേഷണ സംഘം വ്യക്തമാക്കി. ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകി.
വിവിധ കേസുകളിലായി പല പ്രതികളും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി നടപടികൾ പരിഗണിച്ചായിരിക്കും ചോദ്യം ചെയ്യലെന്നും, ഒന്നാം ഘട്ട അന്വേഷണം പൂർത്തിയായെന്നും അന്വേഷണ ഉദ്യോഗസ്ഥ എ.ഐ.ജി പൂങ്കുഴലി കൊച്ചിയിൽ പറഞ്ഞു.
അതിനിടെ ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. പരാതിയിലെ ആരോപണങ്ങൾ തെറ്റെന്നാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലുള്ളത്. അടിസ്ഥാനമില്ലാത്തതും നിലനില്‍ക്കാത്തതുമാണ് നടിയുടെ പരാതിയെന്നും, പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയില്ലെന്നുമാണ് വാദം. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത വിവിധ കേസുകളിൽ മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, കോൺഗ്രസ് മുൻ അഭിഭാഷക നേതാവ് വി.എസ് ചന്ദ്രശേഖരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളിലും ഇന്ന് വാദം നടന്നു. മുകേഷിന് മുൻകൂർ ജാമ്യം നൽകരുതെന്നും, കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമാണെന്നുമാണ് സർക്കാർ നിലപാടെടുത്തത്. പരാതിക്കാരിക്കെതിരായ തെളിവുകൾ മുദ്രവച്ച കവറിൽ മുകേഷ് കോടതിയിൽ സമർപ്പിച്ചു' മുൻകൂർ ജാമ്യം തേടി ഇടവേള ബാബുവും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചു. നടൻ ജയസൂര്യ കടന്നു പിടിച്ചെന്ന നടിയുടെ പരാതിയിൽ തൊടുപുഴ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. പരാതിക്കാരിയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ച പൊലീസ്, ഉടൻ തെളിവെടുപ്പ് നടത്തും. ജയസൂര്യക്കെതിരായ മറ്റൊരു കേസിൽ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തി ആലുവ സ്വദേശിയായ നടി രഹസ്യമൊഴി നൽകി.