മലയാള സിനിമയെ തകർത്തത് മമ്മൂട്ടിയും മോഹൻലാലും ചേരുന്ന താരാധിപത്യമെന്ന് സംവിധായകൻ ശ്രീകുമാരൻ തമ്പി. ആര് സംവിധാനം ചെയ്യണമെന്ന് സൂപ്പർ താരങ്ങൾ തീരുമാനിച്ചു തുടങ്ങി. പഴയ നിർമാതാക്കളെ മുഴുവൻ പുറത്താക്കിയെന്നും മമ്മൂട്ടിയും മോഹൻലാലും ആദ്യം ഒതുക്കിയത് തന്നെയാണെന്നും ശ്രീകുമാരൻ തമ്പി ആരോപിച്ചു. പുതിയ നടന്മാർ വന്നതോടെ പവർ ഗ്രൂപ്പ് തകർന്നെന്നും അദ്ദേഹം തുറന്നടിച്ചു.
ഏറ്റവുമധികം അംഗീകാരങ്ങളുള്ള സൂപ്പര്‍താരങ്ങളെ കുറിച്ച് ഏതെങ്കിലുമൊരു നടി പരാതി പറഞ്ഞിട്ടുണ്ടോ? ഗണേഷ്കുമാറിനെ നമുക്കെല്ലാവര്‍ക്കും അറിയാം. പക്ഷേ ഏതെങ്കിലുമൊരു നടി വന്ന് ഗണേഷ്കുമാറിനെതിരെ പരാതി പറഞ്ഞിട്ടുണ്ടോ?എന്തുകൊണ്ട് ഇല്ലെന്നും ശ്രീകുമാരന് തമ്പി ചോദിച്ചു. താന് ഒരിക്കലും പീഡനത്തെ സപ്പോര്‍ട്ട് ചെയ്യുകയില്ല. സിദ്ദിഖ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റാണ്. മുകേഷ് ചെയ്താലും തെറ്റുതന്നെ. ഈ സമീപനം 100 ശതമാനം തെറ്റാണ്. അവരെ രക്ഷിക്കാനൊന്നുമല്ല വര്‍ത്താസമ്മേളനം വിളിച്ചത്. കുറേ ജൂനിയര്‍ ആര്ട്ടിസ്റ്റുകള്‍ പരാതി പറഞ്ഞതിന്‍റെ പേരില്‍ മലയാള സിനിമയെ ഒന്നടങ്കം നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അവര്‍ പറഞ്ഞതൊന്നും അത് മലയാള സിനിമയേ അല്ല, അത് മലയാള സിനിമയുടെ പരിഛേദവുമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ല്യുസിസി രൂപീകരിച്ചവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അവരെ കേള്‍ക്കാന്‍ തയ്യാറായതില്‍ മുഖ്യമന്ത്രി പിണറായിയും സാംസ്കാരിക മന്ത്രിയായിരുന്ന എ.കെ. ബാലനെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്താദ്യമായി കേരളത്തിലാണ് ഹേമ കമ്മറ്റി പോലൊരു സംവിധാനം വന്നത് . അത് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ നാലവര്‍ഷം റിപ്പോര്‍ട്ട് പുറത്തുവിടാതെ വച്ചത് തെറ്റാണ്. അങ്ങിനെ ചെയ്തത് ആരെയങ്കിലും രക്ഷിക്കാനാണോ എന്ന് അവര്‍ക്ക് മാത്രമേ അറിയൂ. കമ്മിറ്റിയുടെ കണ്ടെത്തല്‍ പൂര്‍ണമായും പുറത്തുവിടണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
മോഹന്‍ലാലും മമ്മൂട്ടിയും സൂപ്പര്‍താരങ്ങളായതിന് ശേഷം ഏതെങ്കിലുമൊരു നായികയ്ക്ക് നായകനെ തോല്‍പ്പിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടോ? സംവിധായകരെ ഞങ്ങള്‍ തീരുമാനിക്കുമെന്ന് താരങ്ങള്‍ പറയുകയും അത് നടപ്പിലാക്കുകയും ചെയ്ത കാലഘട്ടത്തില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടായിരുന്നെന്ന് പറയാം. അവര്‍ സംവിധായകരെ തീരുമാനിച്ചു. ആ കൂട്ടത്തില്‍ ശ്രീകുമാരന്‍ തമ്പിയെ പോലുള്ളവര്‍ ഉള്‍പ്പെടില്ല. ഞങ്ങള്‍ അച്ചടക്കത്തില്‍ വിശ്വസിക്കുന്നവരാണ്. 'മലയാള സിനിമയെ തകര്‍ത്തത് താരാധിപത്യമാണ്. രണ്ട് മൂന്ന് പേരിലേക്ക് സിനിമ ചുരുങ്ങി. ഇന്ന് ഒട്ടേറെ നായകന്‍മാരുണ്ട്. ഭാര്യയുടെ തല്ല് കൊള്ളുന്നതായി അഭിനയിക്കാന്‍ തയ്യാറായ ബേസില്‍ ജോസഫാണ് ഇന്ന് നായകന്‍. മമ്മൂട്ടിയും മോഹന്ലാലും അതിന് തയ്യാറാകുമോ? താരാധിപത്യത്തില്‍ നിന്ന് ഒട്ടേറെ നായകന്‍മാരിലേക്ക് ഇന്ന് മലയാള സിനിമ ചേക്കേറിയെന്നും അദ്ദേഹം പറഞ്ഞു.
ശ്രീകുമാരന് തമ്പിയുടെ വാര്‍ത്താ സമ്മേളനത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ.. ഞാന്‍ മറ്റുള്ളവരെ പ്രോല്സാഹിപ്പിക്കുകയേ ചെയ്തിട്ടുള്ളൂ. ജഗതി ശ്രീകുമാറിനെ കൊണ്ടുവന്നത് ഞാനാണ്. മണിയന്‍പിള്ള രാജുവിനെ കൊണ്ടുവന്നത് ഞാനാണ്. ഞാന്‍ പെണ്ണുങ്ങളെ അധികം കൊണ്ടുവന്നിട്ടില്ല. മലയാള സിനിമയില്‍ കൊണ്ടുവന്നിട്ടുള്ള സ്ത്രീകളെന്ന് പറഞ്ഞാല്‍ ഒന്ന്, ഉര്‍വശി.. അവള്‍ക്ക് 10 വയസുള്ളപ്പോള്‍ ..പൊടിമോളെന്നാ വീട്ടില്‍ വിളിക്കുന്നേ. കതിര്‍മണ്ഡപം എന്ന സിനിമയ്ക്ക് കഥയും തിരക്കഥയും ഗാനങ്ങളുമെഴുതിയപ്പോള്‍.. പ്രേനസീറും മധുവും നായകന്മാരാണ്. നായിക ജയഭാരതി. ജയഭാരതിയുടെ ബാല്യം അഭിനയിക്കാന്‍ ഒരു കുട്ടി വേണം. അപ്പോ, ചവറ വി.പി നായരും ഭാര്യ വിജയലക്ഷ്മിയും മൂന്ന് മക്കളുമായി മദ്രാസില്‍ വന്നിട്ടുണ്ടെന്നും അവര്‍ അഭിനയിക്കാന്‍ ചാന്‍സ് തേടുന്നുണ്ടെന്നും അറിഞ്ഞു, ഞാന്‍ പറഞ്ഞു ചവറ വിപി നായരുടെ മൂന്ന് പെണ്‍കുട്ടികളുണ്ട്..അവര്‍ക്ക് അഭിനയ വാസനയുണ്ട്, നിങ്ങള്‍ പോയി കാണൂ എന്ന് പറഞ്ഞു. അങ്ങനെയാണ് 10 വയസുകാരിയായ കവിത എന്ന് പേരുള്ള ഉര്‍വശി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് കവിതയുടെ ചേച്ചിയായ കലാരഞ്ജിനിയെ ഞാന്‍ സ്വന്തമെന്ന ചിത്രത്തില്‍ അഭിനയിപ്പിച്ചു. ഞാന്‍ സിനിമയില്‍ അഭിനയിപ്പിച്ച സ്ത്രീകള്‍ ഇവര്‍മാത്രമാണ്. ടെക്നീഷ്യന്സിനെയാണ് ഞാന് കൂടുതലും സിനിമയില്‍കൊണ്ടുവന്നത്. കാരണം എനിക്ക് കാസ്റ്റിങ് കൗച്ച് താല്പര്യമില്ല.
'അമ്മ' ചില തെറ്റുകള്‍ ചെയ്തിട്ടുണ്ട്
മാക്ട എന്നൊരു സംഘടന ഉണ്ടായിരുന്നു. ഞാനും അതില്‍ സജീവ അംഗമായിരുന്നു. അന്ന് ഒരു പ്രത്യേക സംവിധായകന്‍ അതിന്‍റെ പ്രസിഡന്‍റായിരിക്കുമ്പോള്‍ ആ സംവിധായകന്‍റെ പടത്തില്‍ അഭിനയിച്ചതിന് പൃഥ്വിരാജിനെ 'അമ്മ' വിലക്കി. ഒരു വര്‍ഷം. അപ്പോള്‍.. അമ്മ തുടക്കത്തില്‍ ചില അനീതികള്‍ ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കണം. എന്നുമാത്രമല്ല..അമ്മയിലെ ശക്തരായ നടന്മാര്‍, മാക്ടയെ തകര്‍ക്കാന്‍ തീരുമാനിക്കുകയും അങ്ങനെ മാക്ട പിളര്‍ന്ന് ഫെഫ്ക ഉണ്ടാവുകയും ചെയ്തു. ഫെഫ്ക ശരിക്കും പറഞ്ഞാല്‍ അമ്മയിലെ നേതാക്കള്‍ സൃഷ്ടിച്ചതാണ്. അതായത് ശ്രീകുമാരന്‍ തമ്പിയെ പോലെയുള്ള സംവിധായകരെ മാറ്റിയിട്ട് ഞങ്ങള്‍ പറയുന്ന സംവിധായകരെ കൊണ്ടുവരണം എന്നതായിരുന്നു ആവശ്യം. ഇപ്പോള്‍ ഉണ്ണികൃഷ്ണനെതിരെ ആരോപണങ്ങള്‍ വരുന്നതിന്‍റെ കാരണം, ഉണ്ണികൃഷ്ണന്‍ അമ്മയിലെ നേതാക്കളെ സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ്. അമ്മയെന്ന സംഘടന ആവശ്യമാണ്. അല്ലെന്ന് ഞാന്‍ പറയുന്നില്ല..
പരാതിക്കാര്‍ ജൂനിയര്‍ ആര്ട്ടിസ്റ്റുകള്‍ മാത്രം
എന്നെ അദ്ഭുതപ്പെടുത്തുന്ന ഒരുകാര്യം, ആരോപണം ഉന്നയിച്ചവരെല്ലാം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ്. നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. എന്തുകൊണ്ട് ഒരു പ്രധാന നടി ആരോപണം ഉന്നയിച്ചില്ല? ഞാനൊക്കെ സിനിമയില്‍ വരുന്ന കാലത്ത് ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് സംവിധായകന്‍റെ മുന്നില്‍ പോകാന്‍ പറ്റില്ല. കാരണം, അവരെ അറിയില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സപ്ലയര്‍ എന്നൊരു തസ്തികയുണ്ട്. പ്രധാന നടീനടന്മാരെ സംവിധായകന്‍ തീരുമാനിക്കും. ചെറിയ വേഷങ്ങളിലുള്ളവരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സപ്ലയര്‍ കൊണ്ടുവരും. ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ സംവിധായകന്‍ കാണുന്നത് സെറ്റിലാണ്. കാസ്റ്റിങ് കൗച്ചെന്ന് നായിക നടി പറഞ്ഞു നോക്കൂ, അത് മനസിലാക്കാം. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും കാസ്റ്റിങ് കൗച്ചുമായി ഒരു ബന്ധവുമില്ല.
ആ സ്ത്രീ എന്തിന് ഹോട്ടല്‍ മുറിയിലേക്ക് പോയി?
മാസ്കറ്റ് ഹോട്ടലില്‍ ഒരു പെണ്‍കുട്ടി പോയെന്ന് പറഞ്ഞു. ഈ സ്ത്രീ എന്തിന് മാസ്കറ്റ് ഹോട്ടലില്‍ പോയി? അതൊരു പ്രൈവറ്റ് പ്ലേസ് അല്ലേ? ഒരാള്‍ ഒറ്റയ്ക്ക് താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ ഒരു പെണ്ണ് പോകാന്‍ ധൈര്യപ്പെട്ടുവെന്ന് പറഞ്ഞാല്‍? ഒരിക്കലും ഞാനതിനെ സപ്പോര്ട്ട് ചെയ്യില്ല. അയാള്‍ താമസിച്ച ഹോട്ടലില്‍ ചെന്നപ്പോള്‍ പീഡിപ്പിച്ചുവെന്ന് പറയുന്നത് എന്താ കുറ്റം? പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടല്ലേ പോയത്? അവസരം കിട്ടാന്‍ വേണ്ടിയാണ് പോയത്.. എന്നുവച്ചാല്‍ അവര്‍ അന്വേഷിച്ച് പോയതാണ്. സ്വാഭാവികമായിട്ടും അങ്ങേര് പറയുന്നത് കേള്‍ക്കണം. എന്നെ സംബന്ധിച്ചിടത്തോളം ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഡയറക്ടറുടെ അടുത്ത് വരാറില്ല. ഇവര്‍ ചെയ്തത് ശരിയാണെന്ന് ന്യായീകരിക്കുന്നില്ല. തെറ്റ് തന്നെയാണ്. ആരെയും ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല. ആരോപണം ഉന്നയിച്ചവരില്‍ ബംഗാളി നടി ഒഴിച്ച് ബാക്കിയെല്ലാം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ്. ഇവരെന്തിനാണ് നടന്മാരുടെ അടുത്ത് പോയത്? അവസരം അന്വേഷിച്ച് സംവിധായകരുടെ അടുത്താണ് പോകേണ്ടത്. സിദ്ദിഖ് പടം പ്രൊഡ്യൂസ് ചെയ്യുന്നുണ്ടോ? ഇല്ലല്ലോ..
ഹരിഹരന്‍ അങ്ങനെയൊരാള്‍ അല്ല
ഹരിഹരന്‍ എന്‍റെ അടുത്ത സുഹൃത്താണ്. ഹരിഹരനെ കുറിച്ച് അങ്ങനെയൊരു അറിവ് എനിക്കില്ല. ചാര്‍മിള ഒരു പ്രശസ്ത ആക്ഷന്‍ ഹീറോയുമായി പ്രണയത്തിലായിരുന്നു. അത് പോയപ്പോഴാണ് ആത്മഹത്യ ചെയ്യാനൊക്കെ പോയത്. ആരോപണം ഉന്നയിച്ച ഒരു സ്ത്രീകളെയും ഞാന്‍ എതിര്‍ക്കുന്നില്ല. എങ്ങനെയും സിനിമയില്‍ കടന്നുകൂടേണം എന്ന് വിചാരിക്കുകയും അതിന് വേണ്ടി പലവഴി സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്ക് ഇത്തരം ചില അപകടങ്ങളില്‍ ചെന്ന് ചാടേണ്ടി വരും. അതില്‍ നിന്ന് രക്ഷപെടാന്‍, അവര്‍ മുന്‍കരുതലെടുക്കണം. ചാന്‍സ് തേടി നടന്‍റെ അടുത്താണോ പോകേണ്ടത്.
താരാധിപത്യം തകര്‍ന്നു
മമ്മൂട്ടി, മോഹന്‍ലാല്‍, കുറച്ച് കാലം സുരേഷ് ഗോപി അങ്ങനെ മൂന്ന് സൂപ്പര്‍താരങ്ങളാണ് ഒരുകാലത്തുണ്ടായിരുന്നത്.. ഏകലവ്യനൊക്കെ വന്ന സമയത്ത് കുറച്ച് നാളത്തേക്ക് സുരേഷ് ഗോപിക്ക് തോന്നി താനും ഒരു സൂപ്പര്‍ സ്റ്റാറാണെന്ന്. അങ്ങനെ 3 സൂപ്പര്‍ സ്റ്റാറുകളുണ്ടായിരുന്നു ഒരു കാലത്ത്. പിന്നെ സുരേഷ്ഗോപി പിന്‍വാങ്ങി. പിന്‍വാങ്ങിയതല്ല, പിന്തള്ളപ്പെട്ടു. പിന്നീട് ഒരാള്‍ സൂപ്പര്‍താരവും ഒരാള്‍ മെഗാസ്റ്റാറുമായി. മലയാള സിനിമയെ തകര്‍ത്തത് താരാധിപത്യമാണ്. രണ്ട് മൂന്ന് പേരിലേക്ക് സിനിമ ചുരുങ്ങി. ഇന്ന് ഒട്ടേറെ നായകന്മാരായി. ഭാര്യയുടെ തല്ല് കൊള്ളുന്നതായി അഭിനയിക്കാന്‍ തയ്യാറായ ബേസില്‍ ജോസഫാണ് ഇന്ന് നായകന്‍. മമ്മൂട്ടിയും മോഹന്ലാലും അതിന് തയ്യാറാകുമോ? താരാധിപത്യത്തില്‍ നിന്നും നിരവധി നായകന്മാരിലേക്ക് മലയാള സിനിമ മാറി.
മുകേഷ് രാജിവയ്ക്കേണ്ടതാണ്
ആരോപണങ്ങള്‍ ഉയര്‍ന്ന സ്ഥിതിക്ക് മുകേഷ് രാജിവയ്ക്കേണ്ടതാണ്. അയാള്‍ ഒന്നാലോചിച്ചാല്‍ അത് ചെയ്യേണ്ടതാണ്. പക്ഷേ അയാള്‍ തീരുമാനിക്കുന്നില്ല. എന്ത് ചെയ്യും? രാഷ്ട്രീയമേഖല വേറെയാണ്. എല്‍ ഡിഎഫിന് അവരുടേതായ ചില തീരുമാനങ്ങളുണ്ട്. മുകേഷ് രാഷ്ട്രീയത്തില്‍ ഒരുമുഖമായത് കൊണ്ട് അദ്ദേഹത്തെ എല്‍ഡിഎഫ് സഹായിക്കുന്നു. പക്ഷേ വ്യക്തിയെന്ന നിലയില്‍ ഇത്രയും ആരോപണം ഉയര്‍ന്ന സ്ഥിതിക്ക് രാജിവയ്ക്കേണ്ടതാണ്.