ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മലയാളം സിനിമ രംഗത്തുണ്ടായ തുറന്ന് പറച്ചിലുകള്‍ തമിഴ്നാട്ടിലേക്കും വ്യാപിക്കുന്നു. പ്രമുഖ സംവിധായകന്‍ തന്നെ മാനസികമായും ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്ന് നടി സൗമ്യയാണ് വെളിപ്പെടുത്തിയത്. ലൈംഗിക അടിമയാക്കിയാണ് തന്നെ പ്രമുഖ സംവിധായകന്‍ ഉപയോഗിച്ചതെന്നും പതിനെട്ട് വയസ് മാത്രമുള്ളപ്പോഴാണ് തനിക്ക് ദുരനുഭവം നേരിട്ടതെന്നും അവര്‍ പറഞ്ഞു. മകളായി കരുതുന്നുവെന്ന വ്യാജേനെയാണ് സംവിധായകന്‍ അടുത്തതെന്നും അദ്ദേഹത്തിന്‍റെ പേര് കേരളത്തില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി.
മലയാള സിനിമയില്‍ നിന്നും ദുരനുഭവമുണ്ടായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്നോട് മോശമായി പെരുമാറിയ നടന്‍റെ പേര് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്‍പ്പടെയുണ്ടെന്നും സൗമ്യ പറയുന്നു. സംവിധായകര്‍ തുടങ്ങി നടന്‍മാരും സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരും വരെ മോശമായി പെരുമാറിയിട്ടുണ്ട്. ശരീരത്തിലേക്ക് ഒരാള്‍ ഒരിക്കല്‍ മുറുക്കിത്തുപ്പിയെന്നും കൂടെപ്പോരാന്‍ ആവശ്യപ്പെട്ടുവെന്നും അവര്‍ വെളിപ്പെടുത്തി. മുപ്പത് വര്‍ഷത്തോളമെടുത്താണ് ഈ ദുരനുഭവങ്ങളില്‍ നിന്ന് താന്‍ കരകയറിയതെന്നും താരം വെളിപ്പെടുത്തുന്നു.
'സിനിമയെ കുറിച്ച് ഒന്നുമറിയാത്ത കുടുംബത്തില്‍ നിന്നാണ് അഭിനയ മോഹവുമായി എത്തിയത്. നാടകത്തില്‍ നിന്നുമാണ് തമിഴ് സിനിമയിലേക്ക് അന്ന് അവസരം ലഭിച്ച'തെന്നും സൗമ്യ പറയുന്നു. രേവതിയുടെ വീടിനടുത്തായിരുന്നു തന്‍റെ വീടെന്നും സിനിമയെ കുറിച്ചുള്ള സ്വപ്നലോകത്താണ് ജീവിച്ചതെന്നും സൗമ്യ ഓര്‍ത്തെടുക്കുന്നു. സ്ക്രീന്‍ ടെസ്റ്റിനടക്കം വലിയ തുകയാകുമെന്ന് പറഞ്ഞതോടെ വീട്ടുകാര്‍ സിനിമ മോഹം അവസാനിപ്പിക്കാന്‍ പറഞ്ഞു. പക്ഷേ ഉപേക്ഷിക്കാന്‍ താന്‍ തയ്യാറിയിരുന്നില്ലെന്നും സൗമ്യ പറഞ്ഞു. കുറ്റാരോപിതനായ സംവിധായകന്‍ തുടക്കത്തില്‍ ഒന്നും മിണ്ടിയിരുന്നില്ല. ക്രമേണെ പിതാവിനെ പോലെ കരുതണമെന്ന് ആവശ്യപ്പെട്ട് വന്നുവെന്നും വീട്ടില്‍ കൊണ്ടുപോയെന്നും സൗമ്യ പറയുന്നു.
ഈ സംവിധായകന്‍റെ മകള്‍ അദ്ദേഹത്തിനെതിരെ പീഡനാരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ അത് നുണയാണെന്നായിരുന്നു സംവിധായകനും ഭാര്യയും തന്നോട് പറഞ്ഞതെന്നും സൗമ്യ വ്യക്തമാക്കി. വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയതിനാല്‍ സംവിധായകനും ഭാര്യയും സ്നേഹത്തോടെ പെരുമാറിയപ്പോള്‍ താന്‍ അവരെ വിശ്വസിച്ചുവെന്നും പിന്നീടാണ് ലൈംഗിക പീഡനം ഉണ്ടായതെന്നും സൗമ്യ പറയുന്നു. ഭാര്യ അടുത്തില്ലാതിരുന്ന സമയത്ത്, മോളെ എന്ന് വിളിച്ച് ചുംബിച്ചുവെന്നും പുറത്തൊരാളോട് പോലും പറയാന്‍ പറ്റാതെ വിറങ്ങലിച്ച് പോലെന്നും താരം വെളിപ്പെടുത്തി. പുറത്ത് പറഞ്ഞാല്‍ ആളുകളെന്ത് കരുതുമെന്ന് വിചാരിച്ച് വീണ്ടും അവരുടെ വീട്ടില്‍ പോയി എന്നും അദ്ദേഹം ക്രൂരമായി പീഡിപ്പിച്ചുവെന്നും അവര്‍ പറയുന്നു. സ്വകാര്യഭാഗത്ത് ദണ്ഡ് കുത്തിക്കയറ്റിയെന്നും തന്‍റെ കുഞ്ഞിനെ അയാള്‍ക്ക് വേണമെന്ന് പറഞ്ഞുവെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു.