മലയാള സിനിമയിലൂടെ തുടക്കം കുറിച്ച് തമിഴ് അടക്കമുള്ള അന്യഭാഷാ ചിത്രങ്ങളില്‍ തിളങ്ങുന്ന താരമാണ് മാളവിക മോഹനന്‍. ഇപ്പോഴിതാ, ഗ്ലാമര്‍ ലുക്കില്‍ എത്തിയ താരത്തിന്‍റെ ഹിന്ദി ചിത്രം ‘യുദ്ധ്ര’യിലെ പാട്ട് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മാളവികയുടെ ഗ്ലാമർ ലുക്ക് തന്നെയാണ് പാട്ടിന്റെ മുഖ്യ ആകർഷണം. ചിത്രത്തിലെ താരത്തിന്‍റെ ലുക്കും ഏറെ ചര്‍ച്ചാവിഷയമാണ്. ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട നടിക്കൊപ്പം ബോളിവുഡ് താരം സിദ്ധാർഥ് ചതുർവേദിയെയും കാണാനാകും.
ഏതാനും ദിവസങ്ങൾക്കു മുൻപ് യുട്യൂബിൽ റിലീസായ പാട്ട് ഇതിനോടകം കണ്ടത് ഒരു കോടിയിലധികം ആളുകളാണ്. കടല്‍ തീരത്തുനിന്നാണ് പാട്ട് ആരംഭിക്കുന്നത്. ശങ്കർ എസ്സാൻ ലോയ് ഈണം പകർന്നിരിക്കുന്ന പാട്ട് ആലപിച്ചിരിക്കുന്നത് വിശാൽ മിശ്രയും പ്രതിഭ സിങ് ഭാഗേലും ചേർന്നാണ്. ജാവേദ് അക്തറിന്റേതാണു വരികൾ.
മാളവികയുടെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് രവി ഉദ്യാവർ സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ 'യുദ്ധ്ര'. 2013ൽ പുറത്തിറങ്ങിയ ‘പട്ടം പോലെ’ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായിക ആയാണ് മാളവിക മോഹനൻ അഭിനയരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. പിന്നീട്, തമിഴിലും കന്നടയിലും ഹിന്ദിയിലും മാളവിക സിനിമകൾ ചെയ്തു. മജീദ് മജീദിയുടെ 'ബിയോണ്ട് ദ് ക്ലൗഡ്സ്' ആണ് മാളവികയുടെ ആദ്യ ഹിന്ദി ചിത്രം.