ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനുശേഷം മലയാള സിനിമയില്‍ കത്തിപ്പടര്‍ന്ന മീടു ആരോപണങ്ങളും ബന്ധപ്പെട്ട വിവാദങ്ങളും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.  റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ  ഒട്ടേറെ സ്ത്രീകള്‍ സിനfമാ മേഖലയില്‍ തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞതിനെത്തുടര്‍ന്നുണ്ടായ അലയൊലികളും നിയമനടപടികളും തുടരുകയാണ്.  സിനിമ അടക്കമുള്ള തൊഴില്‍ മേഖലകളില്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും വിവേചനങ്ങളെക്കുറിച്ചുമൊക്കെ മുന്‍പും സ്ത്രീകള്‍ തുറന്നുപറഞ്ഞിട്ടുണ്ടെങ്കിലും പലപ്പോഴും അവരെയൊക്കെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് സമൂഹം സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ  സിനിമാരംഗത്തെ സ്ത്രീകള്‍ക്കുനേരെയുള്ള മോശം പ്രവണതകളെക്കുറിച്ച് തുറന്നുപറയാന്‍  പല ഭാഗത്തുനിന്നും സ്ത്രീകള്‍ മുന്നോട്ടുവന്നതോടെ സമൂഹവും മുന്‍പത്തേതിനേക്കാള്‍ ഇരകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിത്തുടങ്ങി എന്നത് ആശ്വാസകരമാണ്. 18 വര്‍ഷങ്ങള്‍ക്കുമുന്‍പ് ആരംഭിച്ച ഒരു ക്യാംപെയ്ന്‍ ലോകമെങ്ങും കത്തിപ്പടര്‍ന്ന് ഇങ്ങ് കേരളത്തിലും വലിയ ചലനങ്ങള്‍ ഉണ്ടാക്കിയ ചരിത്രമാണ് മീ ടൂ എന്ന ഹാഷ്ടാഗിന് പുറകിലുള്ളത്

 മനുഷ്യാവകാശപ്രവര്‍ത്തകയും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയുമായ തരാന ബര്‍ക്കാണ് 2006 ല്‍ മീ ടൂ എന്ന ടാഗ് ആദ്യമായി അവതരിപ്പിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന ആഫിക്കന്‍ വംശജരായ സ്ത്രീകളെ പിന്തുണയ്ക്കുകയായിരുന്നു ഉദ്ദേശ്യം. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം 2017 ഒക്ടോബറിൽ  ഹാർവി വെയ്ൻസ്റ്റീനെതിരെയുള്ള ലൈംഗികാതിക്രമത്തിന്‍റെ കഥ പങ്കുവെച്ച അമേരിക്കൻ നടി അലീസ മിലാനോ പങ്കുവെച്ച ഒരു ഹാഷ്‌ടാഗിനെത്തുടര്‍ന്നാണ് മീ ടൂ പ്രസ്ഥാനത്തിന് ശരിയായ തുടക്കമായത്. തുടര്‍ന്ന് ഹോളിവുഡിലെ മുന്‍നിര നടിമാരടക്കം  ലോകമെമ്പാടുമുള്ള സ്ത്രീകൾ തങ്ങള്‍ ലൈംഗിക കുറ്റകൃത്യത്തിന് ഇരയായ അനുഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാൻ തുടങ്ങി. പതിയെ  ‘മീ ടൂ’ എന്ന കൊടുങ്കാറ്റ് രാഷ്ട്രീയം, സംഗീതം, ശാസ്ത്രം, സാഹിത്യം,  കായികം എന്നീ മേഖലകളിലെല്ലാം വ്യാപിച്ചു. ഒടുവില്‍ അതിന്‍റെ അലയൊലികള്‍ ഇങ്ങ് ഇന്ത്യയിലുമെത്തി. 2017 നവംബറിലായിരുന്നു ഇന്ത്യയിലെ ആദ്യ മീ ടൂ തുറന്നു പറച്ചില്‍. അമേരിക്കന്‍ അഭിഭാഷകയായ റയാ സര്‍ക്കാര്‍ ഇന്ത്യയിലെ അക്കാദമിക മേഖലയിലെ എഴുപതോളം ആളുകളുടെ പേരുകള്‍ വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പലരും അന്ന് രംഗത്ത് വന്നു.

പിന്നീടും പലതുറന്നു പറച്ചിലുകളുമുണ്ടായി. സിനിമാരംഗത്തെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും രാധിക ആപ്‌തെ, സ്വര ഭാസ്‌കര്‍ എന്നിവര്‍ ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഉയര്‍ത്തിയെങ്കിലും അവര്‍ക്ക് ലഭിച്ച പിന്തുണ വളരെ കുറവായിരുന്നു. സ്ത്രീയുടെ ഒറ്റപ്പെട്ട കഥകളില്‍ തുടങ്ങി ശക്തരായ പുരുഷന്‍മാരുടെ പേരുകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയതോടെയാണ് മീടൂ എന്ന വാക്കിന്‍റെ കരുത്ത് രാജ്യം അറിയാന്‍ തുടങ്ങിയത്. ഇന്ത്യൻ സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നതും മീ ടൂ മൂവ്മെന്‍റോടുകൂടിയാണ്. 

ബോളിവുഡ് താരം നാനാ പടേക്കര്‍ക്കെതിരെ ശക്തമായ ആരോപണവുമായി നടി തനുശ്രീ ദത്ത രംഗത്തെത്തിയതോടെയാണ് ഇന്ത്യന്‍ സിനിമാലോകം മീ ടൂ എന്ന വാക്കില്‍ ശരിക്കും കുലുങ്ങിയത്.  2008 ല്‍ ഒരു സിനിമ ഷൂട്ടിങ്ങിനിടെ ലൈംഗികാത്രിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു തനുശ്രീയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ സിനിമാ, രാഷ്ട്രീയ, സാമൂഹിക മേഖലയിലുള്ളവരുടെയെല്ലാം പിന്തുണ ലഭിച്ചത് നാനാ പടേക്കര്‍ക്ക്.

 തെളിവുകളുടെ അഭാവത്തില്‍ മുംബൈ പോലീസ് ഈ കേസ് തള്ളി. 2018-ല്‍ ഗാനരചയിതാവ് വൈരമുത്തുവിനെതിരെ  ഗായിക ചിന്മയി ശ്രീപദ മീ ടൂ ആരോപണവുമായി രംഗത്തെത്തി. 2005 ല്‍ വീഴമറ്റം എന്ന സംഗീതപരിപാടിക്കായി സ്വിറ്റ്‌സര്‍ലണ്ടിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു ഗായികയുടെ വെളിപ്പെടുത്തല്‍. വൈരമുത്തുവിനെതിരെയുള്ള ആരോപണത്തെ തുടര്‍ന്ന് സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ്‌സ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കി. നടന്‍ രാധാ രവിക്കെതിരെയും മീ ടൂ ആരോപണമുയര്‍ന്നു.  എന്നാല്‍ ചിന്മയിയെ വിലക്കിയ ഡബ്ബിങ് സംഘടനയുടെ പ്രസിഡന്റ് ഇപ്പോഴും ആരോപണവിധേയനായ രാധാരവി തന്നെയാണ്.  ഇന്ത്യന്‍ സിനിമയെ ഏറെ ഞെട്ടിച്ച മറ്റൊരു വെളിപ്പെടുത്തല്‍ നടന്‍ അമിതാഭ് ബച്ചനെതിരെയുള്ളതായിരുന്നു.  മീ ടൂ മൂവ്‌മെന്റിനെ പിന്തുണച്ചുകൊണ്ട് ബച്ചന്‍  പോസ്റ്റു ചെയ്ത ട്വീറ്റ് ഷെയര്‍ ചെയ്തകൊണ്ട് സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റായ സപ്‌ന ഭവാനിയാണ് ആരോപണമുന്നയിച്ചത്.  ബച്ചനില്‍ നിന്ന് മോശമായ പെരുമാറ്റം അനുഭവിക്കേണ്ടി വന്ന ധാരാളം സ്ത്രീകളെ തനിക്ക് വ്യക്തിപരമായി അറിയാം എന്നായിരുന്നു സപ്നയുടെ വാദം.

ബോളിവുഡ് സംവിധായകനായ സാജിദ് ഖാനെതിരെ ഒരു കൂട്ടം നടിമാരാണ് പരസ്യമായി രംഗത്ത് വരാന്‍ തയ്യാറായത്. ഇതേ തുടര്‍ന്ന് സാജിദ് ഖാന് ഒരുവര്‍ഷം വിലക്കും ലഭിച്ചു. പിന്നാലെ ഒട്ടേറെ സ്ത്രീകൾ  ലൈം​ഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ മുന്നോട്ടുവന്നു.  2018 ഒക്ടോബറിൽ മുംബൈക്കാരനായ കൊമേഡിയൻ ഉത്സവ് ചക്രബർത്തി ആവശ്യമില്ലാത്ത ചിത്രങ്ങൾ അയച്ചു തരുന്നുവെന്ന് പറഞ്ഞ് എഴുത്തുകാരി മഹിമ കുകെർജ മീറ്റൂ ആരോപണവുമായി രം​ഗത്തെത്തി. ഉത്സവ് ചക്രബർ‍ത്തി തനിക്കയച്ച സ്ക്രീൻഷോട്ടുകളടക്കം പങ്കുവച്ചായിരുന്നു കുകെർജയുടെ ആരോപണം. തൊട്ടു പിന്നാലെ മറ്റൊരു സ്ത്രീയും ചക്രബർത്തിക്കെതിരെ ആരോപണങ്ങളുമായി മുന്നോട്ടുവന്നതോടെ അദ്ദേഹം  സോഷ്യൽ മീഡിയയിലൂടെ മാപ്പപേക്ഷിച്ചു. സിനിമാ ക്രൂ അം​​ഗത്തെ ലൈം​ഗികമായി ഉപദ്രവിച്ചുവെന്ന ആരോപണം സംവിധായകൻ വികാസ് ബാലിനുനേര്‍ക്കും ഉണ്ടായി. സം​ഗീതജ്ഞൻ അനു മാലികിനുനേര്‍ക്കും മീടൂ ആരോപണമുണ്ടായി. അക്കാദമിക്, സാഹിത്യ മേഖലകളും മീടൂ പ്രഹരമേറ്റു.

കേന്ദ്ര മന്ത്രിയും പ്രമുഖ എഡിറ്ററുമായിരുന്ന എംജെ അക്ബറിനെതിരെ മാധ്യമപ്രവർത്തക പ്രിയ രമാണി ഉയർത്തിയ ആരോപണം രാഷ്ട്രീയപരവും സാമൂഹ്യപരവുമായി വലിയ ചലനങ്ങളുണ്ടാക്കി. അഭിമുഖത്തിനിടയിൽ തന്നോട് മോശമായി പെരുമാറിയ അക്ബർ ജോലി ചെയ്യുന്നതിനിടയിലും ഉപദ്രവിച്ചുവെന്നായിരുന്നു ആരോപണം. ദേശീയ വനിതാ കമ്മീഷൻ അക്ബറിനെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം ആരംഭിച്ചു.  അക്ബർ കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും രമാണിക്കും അദ്ദേഹത്തിനെതിരെ ആരോപണമുയർത്തിയ മറ്റുള്ളവർക്കുമെതിരെ മാനനഷ്ടക്കേസ് നൽകുകയായിരുന്നു.എന്നാൽ അക്ബറിനെതിരെ ഉയർന്ന ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞതോടെ ഡൽഹി ഹൈക്കോടതി 2021ൽ രമാണിയെ വെറുതെ വിട്ടു.

2018ൽ ഭേ​ദ​ഗതി വരുത്തിയ പോഷ് ആക്ട് ശ്രദ്ധേയമായതും അതിന്‍റെ ആവശ്യകതയെക്കുറിച്ച് ചർച്ചകളുണ്ടായതും മീടൂ മൂവ്മെന്‍റിന്‍റെ ബാക്കിപത്രമാണ്. ക്യാമറയ്ക്ക് മുന്നിലും പുറകിലും സ്ത്രീകളെ  തുല്യാവകാശത്തോടെ അംഗീകരിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചുള്ള ചർച്ചകളും മീടൂ പ്രസ്ഥാനത്തിന്‍റെ  സംഭാവനയാണ്. മീടൂ പ്രസ്ഥാനം ലോകത്ത്  കത്തിപ്പടര്‍ന്ന 2017ല്‍ തന്നെയാണ് കേരളത്തില്‍ ഹേമ കമ്മിറ്റി നിലവില്‍ വന്നത്. അതിന് കാരണമായത് ഓടുന്ന വാഹനത്തില്‍ വെച്ച്  പ്രമുഖനടി ആക്രമിക്കപ്പെട്ട സംഭവം. കേസില്‍ കുറ്റകരമായ ഗുഢാലോചന ആരോപിക്കപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായി. എന്നാല്‍ ആ സംഭവത്തിലും കുറ്റാരോപിതന്‍റെ പക്ഷം പിടിക്കാനാണ് മലയാള സിനിമാലോകം ശ്രമിച്ചത്.

 നടിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റാരോപിതനെ വെള്ളപൂശാനുള്ള ശ്രമങ്ങള്‍ക്കെതിരെ മലയാള സിനിമയില്‍  സ്ത്രീകള്‍ രൂപം നല്‍കിയ സംഘടനയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ്.  ഒട്ടെറെ എതിര്‍വാദങ്ങള്‍ക്കിടയിലും ആ തുടക്കത്തിന്‍റെ മാറ്റൊലിയായിരുന്നു കേരള ഹൈക്കോടതിയിലെ മുന്‍ ജഡ്ജി റിട്ടയേര്‍ഡ് ജസ്റ്റിസ് കെ. ഹേമയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഹേമ കമ്മറ്റി.  2024 ഓഗസ്റ്റ് 19 ന് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തെത്തുമ്പോഴും പല വിഗ്രഹങ്ങളും വീണുടയുമെന്ന് ആരും ചിന്തിച്ചിരിക്കില്ല . ‘സ്വന്തം അനുഭവം തുറന്നുപറഞ്ഞതിൽ ഒരു സ്ത്രീയെ ശിക്ഷിക്കാൻ സാധിക്കില്ല, പതിറ്റാണ്ടുകൾക്ക് ശേഷവും താൽപര്യമുണ്ടെങ്കിൽ അവർക്ക് ഏത് വേ​ദിയിലും അവളുടെ പരാതികൾ ഉന്നയിക്കാം' ഇത് ഡല്‍ഹി ഹൈക്കോടതിയുടെ 2021ലെ ഉത്തരവിലെ വാചകങ്ങളാണ്. ഇത് എല്ലാ കാലത്തും പ്രസക്തവുമാണ്. ചില വ്യാജ മീ ടൂ ആരോപണങ്ങളുടെ പേരില്‍ സ്ത്രീകൾ തൊഴില്‍മേഖലയിലോ പൊതുവിടങ്ങളിലോ അനുഭവിക്കുന്ന ഗുരുതരപ്രശ്നങ്ങളെ അടിച്ചമര്‍ത്തരുത് എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് കോടതിയുടെ ഈ പരാമര്‍ശം. 

ENGLISH SUMMARY:

metoo movement in indian cinema