seema-vineeth

ട്രാന്‍സ് വുമണും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീത് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഒരു കുറിച്ച് വൈറലായിരുന്നു. വിവാഹനിശ്ചയം നടത്തി അഞ്ചുമാസം പിന്നിടുമ്പോള്‍ ഈ ബന്ധത്തില്‍ നിന്ന് പിന്മാറുകയാണ് എന്ന് വെളിപ്പെടുത്തുന്ന ഒരു കുറിപ്പായിരുന്നു അത്. പിന്നാലെ ഇതാ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്.

നിശാന്ത് എന്ന വ്യക്തിയുമായിട്ടാണ് സീമ വിനീതിന്‍റെ വിവാഹനിശ്ചയം നടന്നത്. വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് പറഞ്ഞ് കുറിപ്പിട്ടതിനു പിന്നാലെയിതാ നിശാന്തിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും സീമ വിനീത് പങ്കുവച്ചിരിക്കുകയാണ്. ചേർത്ത് നിർത്തിയ ചിലതൊന്നും അങ്ങനെ വിട്ടുകളയാൻ കഴിയില്ല എന്നു പറഞ്ഞാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

‘പരസ്പരം മനസിലാക്കുന്ന ബന്ധങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വിള്ളലുകൾ സംഭവിച്ചാൽ പരസ്പരം ക്ഷമിച്ചു മുന്നോട്ട് പോകുമ്പോഴാണ് ആ ബന്ധങ്ങൾ നിലനിൽക്കുന്നത്.. അത് തിരിച്ചറിഞ്ഞ ദിവസങ്ങളാണ് കടന്ന് പോയത്.. ഇതിനോടകം പലരെയും മനസിലാക്കാനും പറ്റി.. നമ്മുടെ ജീവിതം നമ്മളാണ് തീരുമാനിക്കുന്നത്, ചേർത്ത് നിർത്തിയ ചിലതൊന്നും അങ്ങനെ വിട്ടുകളയാൻ കഴിയില്ലന്നേ .. കൂടെ നിന്നവരോട് സ്നേഹം..’ എന്നാണ് സീമ വിനീത് കുറിച്ചിരിക്കുന്നത്.

യാത്ര കഴിഞ്ഞെത്തുന്ന നിശാന്തിനായി പൂക്കളുമായി കാത്തുനില്‍ക്കുന്ന സീമ വിനീതിനേയും ഇരുവരും പരസ്പരം കൈകോര്‍ത്തു നടക്കുന്നതുമാണ് വിഡിയോയിലുള്ളത്. ഇരുവരും സന്തോഷത്തോടെയിരിക്കട്ടെ എന്ന ആശംസകളാണ് കമന്‍റ് ബോക്സ് നിറയെ. തികച്ചും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് പിരിയുന്നു എന്നായിരുന്നു നേരത്തെ സീമ വിനീത് പങ്കുവച്ച കുറിപ്പ്. ഇതും സമൂഹമാധ്യമത്തില്‍ നിന്ന് നീക്കിയിട്ടുണ്ട്. 

സീമ വിനീത് വേര്‍പിരിയലിനെ കുറിച്ച് പങ്കുവച്ച കുറിപ്പ്;

ഒരുപാട് ആലോചിച്ചതിനു ശേഷം, പരസ്പരം ബഹുമാനം കാത്തു സൂക്ഷിക്കുന്നതിനിടയിൽ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹനിശ്ചയത്തിന്റെ 5 മാസത്തെ ബന്ധത്തിനു ശേഷം വേർപിരിയാൻ തീരുമാനിച്ചു. ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തിൽ ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങൾ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും അഭ്യർഥിക്കുന്നു. ഞങ്ങൾ വേർപിരിഞ്ഞത് അംഗീകരിച്ചു കൊണ്ട്, ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്തു വളരെ അധികം വിനയപൂർവം നിങ്ങളെ അറിയിക്കുന്നു. 

നന്ദി... 

സീമ വിനീത്

ENGLISH SUMMARY: