മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ദേശീയ ടീമിന്‍റെ ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്‍റെ മകന്‍ ആര്യന്‍ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തി സ്‌ത്രീയായി മാറി. ‘അനായ ബംഗാര്‍’ എന്ന പുതിയ പേര് സ്വീകരിച്ച ഇവര്‍, തന്നിലെ പുതിയ മാറ്റത്തിന്‍റെ കഥ സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചു.
ശസ്ത്രക്രിയ കഴിഞ്ഞ് പത്ത് മാസത്തിന് ശേഷമാണ് തന്‍റെ പേര് ആര്യൻ എന്നത് അനായ എന്നാക്കിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്നില്‍ സംഭവിച്ച മാറ്റങ്ങൾ കാണിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം റീൽ ഇവര്‍ പങ്കിട്ടു. പുതിയ മാറ്റത്തിലേക്കുള്ള പാത തനിക്ക് കഠിനമായിരുന്നെന്ന് അനായ പറഞ്ഞു. ചെറിയ പ്രായം മുതലേ ക്രിക്കറ്റ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ സ്‌പോര്‍ട്‌സിനപ്പുറം എനിക്ക് മറ്റൊരു യാത്ര ഉണ്ടായിരുന്നു. സ്വയം കണ്ടെത്തലിന്‍റേയും നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന്‍റെ വഴിയായിരുന്നു. എന്‍റെ യഥാർഥ വ്യക്തിത്വം കണ്ടെത്തുന്നത് ഏറ്റവും വലിയ വിജയമാണെന്ന് അനായ ബംഗാര്‍ കുറിച്ചു.
‘കരുത്ത് അൽപം കുറഞ്ഞെങ്കിലും സന്തോഷം വർധിച്ചു. ശരീരം മാറ്റത്തിനു വിധേയമാകുന്നു. ഇനിയും ഏറെ ദൂരം പോകാനുണ്ട്. ഓരോ ചുവടു വയ്ക്കുമ്പോഴും, അത് യഥാർഥ എന്നിലേക്കുള്ള യാത്രയാകുന്നു’ അനായ എന്ന പേരു സ്വീകരിച്ച ആര്യൻ ബംഗാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഇരുപത്തിമൂന്നുകാരനായ ആര്യൻ, ഹോർമോൺ റീപ്ലേസ്മെന്റ് തെറപ്പിക്കും വിധേയനായി. നിലവിൽ ഇംഗ്ലണ്ടിൽ ജീവിക്കുന്ന ഇവർ, മുൻപ് പ്രദേശിക ക്രിക്കറ്റ് ക്ലബ്ബായ ഇസ്‍ലാം ജിംഖാനയ്ക്കായി കളിച്ചിരുന്നു. ഈ വർഷം ഓഗസ്റ്റ് 23ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ, ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടം അനായ വെളിപ്പെടുത്തിയിരുന്നു. ട്രാൻസ് വുമൺ വിഭാഗത്തിലുള്ളവർക്ക് ക്രിക്കറ്റിൽ തുടരാൻ അനുകൂല സാഹചര്യമില്ലാത്തതിനാൽ വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നുവെന്നും അവർ വെളിപ്പെടുത്തിയിരുന്നു. ട്രാൻസ് വുമൺ എന്ന നിലയിൽ എപ്രകാരമാണ് ക്രിക്കറ്റ് കൈവിട്ടുകളയേണ്ടി വന്നതെന്നാണ് കുറിപ്പിൽ വിശദീകരിക്കുന്നത്.
‘തീരെ ചെറിയ പ്രായം മുതലേ ക്രിക്കറ്റ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. വളർന്നപ്പോൾ, ഇന്ത്യയ്ക്കായി കളിക്കുകയും പിന്നീട് ഇന്ത്യയെ പരിശീലിപ്പിക്കുകയും ചെയ്ത അച്ഛനെ മാതൃകയാക്കി. അദ്ദേഹത്തിന്റെ വഴിയേ പോകണമെന്നായിരുന്നു എന്റെ ആഗ്രഹം. ക്രിക്കറ്റിനോട് അച്ഛൻ കാണിച്ചിട്ടുള്ള സ്നേഹവും ആവേശവും താൽപര്യവും എക്കാലവും എന്നെ പ്രചോദിപ്പിച്ചിരുന്നു. അങ്ങനെയാണ് ക്രിക്കറ്റിനോട് കടുത്ത ഇഷ്ടത്തിലായത്. എന്റെ മോഹവും ഭാവിയുമെല്ലാം ക്രിക്കറ്റായി മാറി. അച്ഛനേപ്പോലെ ഒരു കാലത്ത് ഇന്ത്യയ്ക്കായി കളിക്കാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ക്രിക്കറ്റ് കാര്യമായിട്ടെടുത്ത് പരിശീലിച്ചു തുടങ്ങി. എന്റെ ജീവിതത്തിൽ എല്ലാമെല്ലാമായിരുന്ന ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ഇപ്പോൾ ആ വേദനിപ്പിക്കുന്ന യാഥാർഥ്യത്തിനു മുന്നിലാണ് ഞാൻ. Also Read: 'ഭയ്യാ, ഇത് ഞങ്ങളുടെ കയ്യില്‍ നില്‍ക്കുന്ന കാര്യമാണോ?' ആരാധകനോട് സൂര്യകുമാര്‍ യാദവ്...
ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പിക്ക് വിധേയയാകുന്ന ഒരു ട്രാൻസ് വുമൺ എന്ന നിലയിൽ, എന്റെ ശരീരത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ഒരുകാലത്ത് എന്റെ കരുത്തായിരുന്ന പേശികളുടെ ബലം കുറഞ്ഞു. എന്റെ കായികക്ഷമതയും പഴയ പടിയല്ല. ഞാൻ ദീർഘകാലം ചേർത്തുപിടിച്ചിരുന്ന ക്രിക്കറ്റ്, എന്നിൽനിന്ന് വഴുതിപ്പോകുന്നെന്നും അനായ കുറിച്ചു. ഇന്ത്യയ്ക്കായി 12 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിട്ടുള്ള പിതാവ് സഞ്ജയ് ബംഗാറാണ് തന്റെ പ്രചോദനമെന്നും കുറിപ്പിലുണ്ട്.