urvashi-parvathy

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലേത് എല്ലാ കാലത്തും ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളാണെന്ന് ഉര്‍വശി. തന്നെ സിനിമകളില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടില്ലെയെന്നും മാധ്യമങ്ങള്‍ ചോദിക്കാറുണ്ടെന്നും എന്നാല്‍ വിളിക്കുന്ന സിനിമകളില്‍ പോയി അഭിനയിക്കുക എന്നതാണ് തന്‍റെ രീതിയെന്നും പാര്‍വതി പറഞ്ഞു. നേരെ ചൊവ്വേ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം. 

സിനിമയിലെ അധികാരവ്യവസ്ഥയില്‍ സ്ത്രീകള്‍ മാറ്റനിര്‍ത്തപ്പെടില്ലേ എന്ന ചോദ്യത്തിന് വായുള്ളവന് ഇരകൊടുത്തേ പറ്റൂവെന്നായിരുന്നു മറുപടി. 

പാര്‍വതി കുറച്ചുകാലം സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതുപോലെ ആയിരുന്നില്ലേ എന്ന ചോദ്യത്തിന് അതിനെക്കുറിച്ച് നമ്മള്‍ പറഞ്ഞാല്‍ ഒരുപാട് കാര്യങ്ങള്‍ പറയേണ്ടിവരുമെന്നും ഉര്‍വശി പറഞ്ഞു.

'പാര്‍വതി ഒരു മികച്ച നടിയാണ്. പാര്‍വതി ചൂസിയായി (ഇഷ്ടപ്പെട്ട കാരക്ടറുകള്‍ മാത്രം തിരഞ്ഞെടുത്ത്) പടം ചെയ്യുന്ന ഒരു ആര്‍ട്ടിസ്റ്റാണ്. വളരെ സീരിയസ് ആയ കാരക്ടറുകള്‍ മാത്രം ചെയ്യുന്നവരാണ്. ഇതെല്ലാം എല്ലാ കാലത്തുമുള്ള കാര്യങ്ങളാണ് നമ്മള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. അല്ലാതെ ഒരു കമ്മിഷന്‍റെ റിപ്പോര്‍ട്ട് മാത്രമല്ല. എല്ലാ കാലത്തും ഇത് കേട്ടിട്ടുണ്ട്. എന്നോട് ആളുകള്‍ സ്ഥിരം ചോദിക്കുന്നതാണ്, എന്തുകൊണ്ട് സൂപ്പര്‍താരങ്ങളുടെ പ‍‌ടങ്ങളില്‍ നിങ്ങളെ വിളിക്കുന്നില്ല...25 കൊല്ലത്തിലധികമായല്ലോ? അതിന് എന്‍റെ മറുപടി, എന്‍റെ തമ്പുരാനാണ് എന്‍റെ ഡയറക്ടറും നിര്‍മാതാവും ഒക്കെ എന്നാണ്. എന്നെ വിളിക്കുന്ന സിനിമകളില്‍ ഞാന്‍ പോയി അഭിനയിക്കും. അതില്‍ എന്‍റെ കൂടെ ആര് അഭിനയിക്കുന്നു എന്ന് ഞാന്‍ നോക്കാറില്ല. എന്‍റെ കാരക്ടര്‍ എന്ത്... അത്രേയുള്ളു,' ഉര്‍വശി പറഞ്ഞു. 

ഉര്‍വശി പങ്കെടുത്ത ‘നേരെ ചൊവ്വേ’ അഭിമുഖത്തിന്‍റെ പൂര്‍ണരൂപം മനോരമന്യൂസ് ഡോട്ട് കോമിലും യൂട്യൂബ് ചാനലിലും മനോരമ മാക്സിലും കാണാം.