ലോകമെമ്പാടുമുളള മലയാളികള്‍ക്ക് തിരുവോണാശംസകള്‍ നേര്‍ന്ന് സിനിമാ ലോകം. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദുല്‍ക്കര്‍ സല്‍മാന്‍, ദിലീപ്, അഹാന കൃഷ്ണകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍ , നിമിഷ സജയന്‍ തുടങ്ങിയ താരങ്ങള്‍ മലയാളികള്‍ക്ക് തിരുവോണാശംസകള്‍ നേര്‍ന്നു. മലയാളസിനിമാ താരങ്ങള്‍ക്ക് പുറമെ ഉലകനായകന്‍ കമല്‍ഹാസനും ആശംസകളുമായി എത്തി. ചിത്രങ്ങള്‍ സഹിതമാണ് താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ തിരുവോണാശംസകള്‍ നേര്‍ന്നത്.
'എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ', എന്നായിരുന്നു മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും കുറിച്ചത്. ഏവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണം ആശംസകൾ എന്ന് ദുല്‍ഖര്‍ സല്‍മാനും കുറിച്ചു. ഭാര്യ രാധികയക്കൊപ്പമുളള ചിത്രം പങ്കുവച്ചുകൊണ്ട് 'ഏവര്‍ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍' എന്നാണ് കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി കുറിച്ചത്.
മലയാള നാടിനും മലയാളികള്‍ക്കും തമിഴകത്ത് നിന്നും ഓണാശംസയെത്തി. സാക്ഷാല്‍ ഉലകനായകന്‍ കമല്‍ഹാസനും ആശംസാകുറിപ്പ് പങ്കുവച്ചു. 'ഈ വർഷത്തെ ഓണത്തിന്റെ സ്നേഹം പകരുന്ന ഊർജവും ജീവൻ തുടിക്കുന്ന വർണ്ണങ്ങളും നിങ്ങൾക്കെല്ലാവർക്കും ഒരിക്കലും നിലയ്ക്കാത്ത സന്തോഷം നൽകട്ടെ ! എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്നാണ് കമല്‍ഹാസന്‍ കുറിച്ചത്. കാവ്യയ്ക്കും മക്കള്‍ക്കുമൊപ്പമുളള ചിത്രം പങ്കുവച്ചുകൊണ്ട് ദിലീപും ഓണാശംസയുമായെത്തി. കുടുംബമൊത്തുളള ഹൃദ്യമായ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് നടിയും കൃഷ്ണകുമാറിന്‍റെ മകളുമായ അഹാന ഓണാശംസകള്‍ നേര്‍ന്നത്. അമ്മ മല്ലികയ്ക്കും സഹോദരന്‍ പൃഥ്വിരാജിനുമൊപ്പമുളള ചിത്രം പങ്കുവച്ചുകൊണ്ട് ഇന്ദ്രജിത്ത് സുകുമാരനും ഓണാശംസകള്‍ നേര്‍ന്നു.