TOPICS COVERED

മോഹന്‍ലാലിനെ നായകനാക്കി ചിത്രീകരിച്ച സിനിമകളുടെ അനുഭവങ്ങള്‍ പങ്കുവക്കുകയാണ് ഛായാഗ്രാഹകന്‍ എസ്.കുമാര്‍.  ‘താളവട്ടം’ മുതൽ തന്നെ ഏറ്റവും കൂടുതൽ കരയിപ്പിച്ചിട്ടുള്ളത് മോഹന്‍ലാൽ ആണെന്നും ‘കിരീട’ത്തിൽ അച്ഛനു മുമ്പിലിരുന്ന് ചോദ്യം ചോദിക്കുമ്പോഴുമൊക്കെ കരഞ്ഞുപോയിട്ടുണ്ടെന്നും എസ്.കുമാര്‍ പറഞ്ഞു. ‘താളവട്ട’ത്തിന്റെ ക്ലൈമാക്സിൽ ഒരു ക്ലോസപ്പ് ഷോട്ടില്‍ ലാലിനെ കഴുത്തു ഞെരിച്ച് കൊല്ലുന്ന രംഗം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ പ്രിയദര്‍ശന്‍ അവിടെനിന്നു മാറിക്കളഞ്ഞുവെന്നും ക്യാമറ ഓഫ് ചെയ്​തതിനുശേഷവും താന്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്നും കുമാര്‍ പറഞ്ഞു.  മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ചേർന്ന് സംഘടിപ്പിച്ച ‘ഉണ്ണികളെ ഒരു കഥ പറയാം’ എന്ന സിനിമയിലെ അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും ഒത്തുചേരലിലായിരുന്നു കുമാര്‍ അനുഭവങ്ങള്‍ പങ്കുവച്ചത്. 

'ഞാൻ ഷൂട്ട് ചെയ്തിട്ടുളള ‘ഉണ്ണികളെ ഒരു കഥ പറയാം’ സിനിമയേക്കാളും എത്ര വലുപ്പത്തിലുള്ള സിനിമയാണ് ഞാൻ ഇപ്പോൾ കണ്ടുകൊണ്ടിരുന്നത്.സത്യം പറഞ്ഞാൽ മോഹൻലാല്‍ അതിന്റെയകത്ത് അവസാനം മരിക്കുകയായിരുന്നുവെന്ന് ഇപ്പോഴാണ് എനിക്ക് അറിയാനായത്. ലാൽ ഒരു സിനിമയിലും മരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ‘താളവട്ടം’ മുതൽ എന്നെ ഏറ്റവും കൂടുതൽ കരയിപ്പിച്ചിട്ടുള്ളത് ലാൽ ആണ്. ‘കിരീട’ത്തിൽ അച്ഛനു മുമ്പിലിരുന്ന് ചോദ്യം ചോദിക്കുമ്പോഴുമൊക്കെ ഞാൻ കരഞ്ഞുപോയിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ ഛായാഗ്രാഹകനെ കരയിപ്പിച്ചിട്ടുള്ള ഏക നായകൻ മോഹൻലാൽ ആയിരിക്കും. 

‘താളവട്ട’ത്തിന്റെ ക്ലൈമാക്സിൽ ഒരു ക്ലോസപ്പ് ഷോട്ട് ഉണ്ട്. നെടുമുടി വേണു, ലാലിനെ കഴുത്തു ഞെരിച്ച് കൊല്ലുന്ന രംഗം. അത് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ എല്ല് പൊട്ടുന്നൊരു ശബ്ദം ഞാൻ കേട്ടു. ലാൽ അത് ക്രിയേറ്റ് ചെയ്തതാണ്. അത് ചിത്രീകരിക്കുമ്പോൾ പ്രിയൻ അവിടെനിന്നു മാറിക്കളഞ്ഞു, വേറെ എവിടെയോ പോയി.ഞാൻ ആ ക്യാമറ ഓഫ് ചെയ്ത ശേഷവും കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്റെ ജീവിതത്തിൽ ക്യാമറയുടെ മുൻപിൽ വച്ച് ധാരാളം എന്നെ കരയിപ്പിച്ചിട്ടുള്ള ലാലുവിനെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചിട്ടുള്ളതും ഞാൻ തന്നെയാണ്. 

ഇതെല്ലാം ഒരു അദ്ഭുതമായാണ് ‍ഞാനിപ്പോൾ കാണുന്നത്. കമലിനെയൊക്കെ അഭിനന്ദിച്ചെ മതിയാകൂ. എല്ലാത്തിനും എന്റെ കൂടെ നിന്നു. ജീവിതകാലം മുഴുവൻ സൂക്ഷിക്കാൻ ഈ സായാഹ്നവും ഈ സിനിമയും,' കുമാര്‍ പറഞ്ഞു. 

ENGLISH SUMMARY:

Cinematographer S. Kumar is sharing his experiences of the films shot with Mohanlal as the hero