ടൊവീനോ തോമസിന്‍റെ പിറന്നാള്‍ ദിനത്തില്‍ വമ്പന്‍ സര്‍പ്രൈസൊരുക്കി ‘എമ്പുരാന്‍’ ടീം. താരത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് പിറന്നാള്‍ സമ്മാനമായി അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിനു താഴെ ടൊവീനോയ്ക്ക് ആശംസാപ്രവാഹമാണ്. മാര്‍ച്ച് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എമ്പുരാനിലെ തകര്‍പ്പന്‍ പ്രകടനത്തിനായി കാത്തിരിക്കുന്നു എന്നാണ് പിറന്നാള്‍ ആശംസകള്‍ക്കൊപ്പം ആരാധകര്‍ കുറിച്ചിരിക്കുന്നത്.

അടുത്തിടെയാണ് എമ്പുരാന്‍റെ ചിത്രീകരണം പൂര്‍ത്തിയായ വിവരം സംവിധായകന്‍ പൃഥിരാജ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മലമ്പുഴ ഡാമിന്‍റെ റിസർവോയറിനു സമീപമായിരുന്നു അവസാന രംഗം ചിത്രീകരിച്ചത്. പുലർച്ചെ 5:35നാണ് മലമ്പുഴ റിസർവോയറിന്‍റെ തീരത്ത് തമ്പുരാന്‍റെ അവസാനത്തെ ഷോട്ട് പൂർത്തിയാക്കിയത്. 117 ദിവസങ്ങൾക്കുള്ളിൽ ചിത്രം തിയറ്ററുകളിൽ കാണാം എന്ന കുറിപ്പും പൃഥ്വിരാജ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.

2023 ഒക്ടോബർ അഞ്ചിന് ഡൽഹിയിൽ ആണ് എമ്പുരാന്‍റെ ചിത്രീകരണം ആരംഭിച്ചത്. അമേരിക്ക ബ്രിട്ടണ്‍, യുഎഇ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ ചിത്രീകരണം നടന്നു. ലഡാക്ക്, ഷിംല, മുബൈ, ചെന്നൈ, തിരുവനന്തപുരം, എറണാകുളം, വണ്ടിപ്പെരിയാർ, കുട്ടിക്കാനം എന്നിവിടങ്ങളിലും ചിത്രീകരണമുണ്ടായിരുന്നു. 

മോഹന്‍ലാല്‍–പൃഥിരാജ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്.

ENGLISH SUMMARY:

On Tovino Thomas's birthday, the ‘Empuraan’ team made a grand surprise. The crew shared a character poster of the star as a birthday gift. A flood of wishes for Tovino is pouring in under the poster.