sandra-thomas

Image Credit: Facebook

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനും സിനിമാ ലോകത്തെ ലൈംഗിക ചൂഷണ ആരോപണങ്ങള്‍ക്കും പിന്നാലെ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്നടിച്ച് നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ്. ഇന്ന് എല്ലാ സിനിമാ സെറ്റിലും ലഹരി ഉപയോഗം നടക്കുന്നുണ്ട്. ഇക്കൂട്ടരെ   കൈകാര്യം ചെയ്യുക എളുപ്പമല്ല.  നിര്‍മാതാവെന്ന നിലയില്‍‍  കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരിടവേളയ്ക്ക് ശേഷം  നിര്‍മാണരംഗത്തേക്ക് മടങ്ങിയെത്തിയപ്പോള്‍  നന്നായി ആലോചിച്ച് ഇറങ്ങിയാല്‍ മതിയെന്ന് നടന്‍  ചെമ്പന്‍ വിനോദ് ഉപദേശിച്ചെന്നും സാന്ദ്ര പറഞ്ഞു.

ഒരു ഓണ്‍ലൈന്‍ ചാനലിനനുവദിച്ച അഭിമുഖത്തിലാണ് സാന്ദ്ര സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്നടിച്ചത്. 'ഞാൻ കരിയർ തുടങ്ങിയ സമയത്ത് ഇത്രയും ലഹരി ഉപയോ​ഗം ഉണ്ടായിരുന്നില്ല. വളരെ കുറച്ച് പേർ മാത്രമേ ഉപയോ​ഗിച്ചിരുന്നുള്ളൂ. ഇപ്പോൾ അങ്ങനെയല്ല. എല്ലാ സെറ്റിലും ഇത് തന്നെയാണ് അവസ്ഥ. ഞാന്‍ രണ്ടാമത് സിനിമ ചെയ്യാന്‍ തുടങ്ങിയ സമയത്ത് ചെമ്പന്‍ എന്നെ വിളിച്ചിട്ട് നീ ഒന്നുകൂടി ആലോചിച്ചിട്ട് വന്നാല്‍ മതിയെന്ന് പറഞ്ഞു. നീ ഉണ്ടായിരുന്ന സമയത്തെ സാഹചര്യം അല്ലയിപ്പോള്‍, എല്ലാം മാറി. എല്ലാവരും കെമിക്കല്‍ ഉപയോഗിക്കുന്ന ആളുകളാണ്. അവര്‍ക്ക് മുന്നില്‍ നിനക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റുമോ എന്ന കാര്യം ആലോചിച്ചിട്ട് വന്നാല്‍ മതിയെന്നും ചെമ്പന്‍ പറഞ്ഞതായി സാന്ദ്രാ തോമസ് പറഞ്ഞു.

'പുരുഷൻമാരും സ്ത്രീകളും അടക്കം എല്ലാവരും ഇത് ഉപയോ​ഗിക്കുന്നവരാണ്. അതുകൊണ്ടുതന്നെ എങ്ങനെ ഇവരെയൊക്കെ മാനേജ് ചെയ്യാൻ പറ്റുമെന്ന് ഒന്നുകൂടെ ആലോചിക്കണമെന്നും ചെമ്പന്‍ പറഞ്ഞു. അതൊന്നും കുഴപ്പമില്ല, അതൊക്കെ മാനേജ് ചെയ്യാവുന്നതല്ലേയുളളു, നമ്മളിതെത്ര കണ്ടതാണെന്ന് പറഞ്ഞ് വന്നപ്പോഴാണ് ഇത് എളുപ്പമല്ലെന്ന് മനസിലായത്. ഒട്ടും എളുപ്പമല്ല. ഞാനിത്രയും മാനസിക സമ്മർദത്തിലൂടെ ഇതുവരെ കടന്ന് പോയിട്ടില്ല. ഈ കഴിഞ്ഞ വർഷങ്ങളിലാണ് ഇത്രയും സമ്മർദം വന്നത്'.

'പണ്ടൊക്കെ ഞാന്‍ കരുതിയിരുന്നത് പ്രൊഡക്ഷന്‍ എനിക്ക് എളുപ്പമാണെന്നാണ്. പക്ഷേ ഇന്ന് അതല്ല സാഹചര്യം. ഇന്ന് പലരും ബോധമനസോടുകൂടിയല്ലല്ലോ നില്‍ക്കുന്നത്. പറഞ്ഞ് അഞ്ച് മിനുട്ട് കഴിഞ്ഞാണ് അവർ കേൾക്കുന്നത്. കേട്ടതിന്‍റെ ഉത്തരമല്ല പറയുന്നത്. ഇന്ന് കമ്മിറ്റ് ചെയ്തതിനെക്കുറിച്ച് നാളെ ചോദിച്ചാൽ ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറയും. ഇതിനൊക്കെ എന്താണ് പറയുക. ചിലർ പറയുന്നത് എന്‍റെ വാക്ക് എനിക്കല്ലേ മാറ്റാൻ പറ്റൂ എന്നാണ്. അതിനൊക്കെ എന്താ ഉത്തരം പറയുക'?

അങ്ങനെയുള്ള സാഹചര്യങ്ങളെ നേരിടുക പുരുഷ നിർമാതാക്കൾക്ക് പോലും എളുപ്പമല്ലെന്നും സാന്ദ്ര തോമസ് പറയുന്നു. സെറ്റില്‍ ലഹരി ഉപയോഗം പാടില്ലെന്ന് എഗ്രിമെന്‍റില്‍ ആദ്യമായി പരാമര്‍ശിച്ചത്  ഫ്രൈഡേ ഫിലിം ഹൗസാണ്. വ്യക്തിപരമായ അനുഭവങ്ങള്‍ വന്നതുകൊണ്ടാണ് ലഹരി പാടില്ലെന്ന് എഗ്രിമെന്‍റില്‍ തന്നെ ചേര്‍ത്തതെന്നും സാന്ദ്ര വ്യക്തമാക്കി. പക്ഷേ ഇക്കാര്യങ്ങളൊന്നും നടപ്പിലാവുന്നില്ലെന്നും താരം ചൂണ്ടിക്കാട്ടി. പ്രമുഖതാരങ്ങള്‍ക്ക് രാജാവിന്‍റെ സുഖസൗകര്യങ്ങളാണ് സിനിമാ സെറ്റുകളില്‍ ലഭിക്കുന്നത്. എന്തുകൊണ്ട് അവര്‍ക്ക് മലയാള സിനിമാമേഖലയെ നന്നായി നയിക്കാന്‍ മുന്‍കൈ എടുത്തുകൂടാ എന്നും സാന്ദ്രാ തോമസ് ചോദിക്കുന്നു. അതേസമയം ഇപ്പോള്‍ സിനിമാ രംഗത്തുണ്ടായ ചില മാറ്റങ്ങള്‍ക്ക് ഡബ്ല്യു.സി.സി. കാരണമായെന്നും സാന്ദ്രാ തോമസ് പറഞ്ഞു. ഹേമ കമ്മിറ്റി രൂപീകരിക്കാനും സിനിമയ്ക്കകത്തെ പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവരാനും ഡബ്ല്യു.സി.സി. കാരണമായെന്നത് കയ്യടി അര്‍ഹിക്കുന്ന കാര്യമാണെന്നും  സാന്ദ്രാ തോമസ് പ്രതികരിച്ചു. 

ENGLISH SUMMARY:

Producer Sandra Thomas talks about drug usage in Malayalam Fim Industry