ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതിനു പിന്നാലെ സമൂഹമാധ്യമത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. തിയേറ്ററില്‍ പോയി കാണേണ്ട ചിത്രം ട്രെയിനില്‍ ഇരുന്ന് ഫോണില്‍ കാണുന്നയാളുടെ വിഡിയോയടക്കം നേരത്തെ പുറത്തുവന്നിരുന്നു. പിന്നാലെയിതാ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍.
ഇന്നത്തെ ദിവസം കൊണ്ട് 50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥയാണ് ഇത് എന്നു പറഞ്ഞുള്ള കുറിപ്പിനൊപ്പം വ്യാജ പതിപ്പിന്റെ ദൃശ്യങ്ങളും ലിസ്റ്റിന് പങ്കുവച്ചു. ലിസ്റ്റിന് സ്റ്റീഫന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;
നന്ദി ഉണ്ട്....ഇങ്ങനെ പ്രചരിപ്പിക്കുന്നത്തിൽ ഒരുപാട് ഒരുപാട് നന്ദി ഉണ്ട് 🙏🏻
ഇന്നത്തെ ദിവസം കൊണ്ട് 50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥയാണ് !!!!
വീട്ടിൽ ഇരുന്ന് തിയേറ്റർ പ്രിൻ്റ് കാണുകയും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റും ചെയ്യുന്നു 🙏🏻🙏🏻
150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിംഗ് , ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്ഷൻ , 8 വർഷത്തെ സംവിധായകൻ - തിരക്കഥാകൃത്തിൻ്റെ സ്വപ്നം , ഇൻവെസ്റ്റ് ചെയ്ത നിർമാതാക്കൾ , 100ൽ അതികം വരുന്ന ടീമിൻ്റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ച ആണ് ഈ കാണേണ്ടി വരുന്നത്.
മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതൽ ആയി വേറെ എന്തു പറയാനാ...
ഈ നേരവും കടന്നു പോവും 🙏🏻
കേരളത്തിൽ 90% ARM കളിക്കുന്നതും 3D ആണ്, 100% തീയറ്റർ എക്സ്പീരിയൻസ് അനുഭവിക്കേണ്ട സിനിമയാണ് , ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുത് പ്ലീസ് 🙏🏻
Nb : കുറ്റം ചെയ്യുന്നതും , ചെയ്തത് പ്രചരിപ്പിക്കുന്നതും കുറ്റകരം തന്നെ ആണ് !!!
നേരത്തെ ട്രെയിൻ യാത്രികൻ മൊബൈലിൽ ചിത്രം കാണുന്ന ദൃശ്യങ്ങൾ സംവിധായകൻ ജിതിൻലാൽ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഹൃദയ ഭേദകമായ കാഴ്ചയാണെന്ന അടിക്കുറിപ്പോടെയാണ് ജിതിൻ ദൃശ്യം പങ്കുവച്ചത്. യാത്രക്കാരൻ ചിത്രം കാണുന്ന ദൃശ്യം സുഹൃത്താണ് അയച്ചു നൽകിയതെന്ന് ജിതിൻ പറഞ്ഞു. വ്യാജ പതിപ്പിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കിയിരുന്നു. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഭാഷകളുടെ വ്യാജ പകർപ്പും പുറത്തിറങ്ങി.