ടോവിനോ ചിത്രം 'അജയന്റെ രണ്ടാം മോഷണ'ത്തിന്റെ വ്യാജ പതിപ്പിൽ സൈബർ പോലീസ് കേസ് റജിസ്റ്റർ ചെയ്തു. ചിത്രത്തിന്റെ സംവിധായകൻ ജിതിൻലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. സിനിമ ചിത്രീകരിച്ചത് ഏത് തീയറ്ററിൽ നിന്ന് ആണെന്ന് ഫോറൻസിക് പരിശോധനയിലൂടെയേ വ്യക്തമാകുകയുള്ളൂ. ചിത്രത്തിനെ തകർക്കാനുള്ള ശ്രമമാണ് വ്യാജ പതിപ്പിന് പിന്നിൽ എന്നായിരുന്നു സംവിധായകൻ ജിതിൻലാലിന്റെ പ്രതികരണം.
ട്രെയിൻ യാത്രികൻ മൊബൈലിൽ ചിത്രം കാണുന്ന ദൃശ്യങ്ങൾ സംവിധായകൻ ജിതിൻലാലും ടിവിയിൽ കാണുന്ന ദൃശ്യങ്ങൾ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. സിനിമയുടെ വ്യാജ പതിപ്പ് ഇറങ്ങുന്നതിനെതിരെ സംഘടന ഒന്നും ചെയ്യുന്നില്ലെന്ന നിർമാതാവ് സാന്ദ്ര തോമസിന്റെ ആരോപണത്തിന് പിന്നാലെയാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിഷയത്തിൽ ഇടപെട്ടു. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഭാഷകളുടെ വ്യാജ പകർപ്പും പുറത്തിറങ്ങിയിരുന്നു.