actor-baiju

Image Credit: Baiju/instagram.com/arunkadakkal_photography_

മലയാള സിനിമയുടെ അമ്മമുഖം കവിയൂര്‍ പൊന്നമ്മയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി നടന്‍ ബൈജു. നിരവധി ചിത്രങ്ങളില്‍ തന്‍റെ അമ്മയായി അഭിനയിച്ചിട്ടുണ്ടെന്നും സ്നേഹസമ്പന്നയായ അമ്മയായിരുന്നു കവിയൂര്‍ പൊന്നമ്മയെന്നും ബൈജു പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് കവിയൂര്‍ പൊന്നമ്മയെ വീട്ടില്‍ ചെന്ന് കണ്ടിരുന്നെന്നും ആ സന്ദര്‍ശനത്തിന്‍റെ ചിത്രത്തിന് സോഷ്യലിടത്ത് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നതെന്നും ബൈജു വ്യക്തമാക്കി. ഏകദേശം 5 മില്യണ്‍ ആളുകളാണ് ആ ചിത്രം കണ്ടതെന്നും അതില്‍ നിന്നും മനസിലാക്കാം മലയാളികള്‍ക്ക് കവിയൂര്‍ പൊന്നമ്മയോടുളള സ്നേഹമെന്നും ബൈജു കൂട്ടിച്ചേര്‍ത്തു. 79ാം വയസില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 

ബൈജുവിന്‍റെ വാക്കുകള്‍ ഇങ്ങനെ:

'1987ലാണ് ഞാന്‍ ആദ്യമായി പൊന്നമ്മച്ചേച്ചിയുമായി അഭിനയിക്കുന്നത്. തുടര്‍ന്ന് കുറേ സിനിമകളില്‍ അമ്മയായി അഭിനയിച്ചിട്ടുണ്ട്. ഈ അടുത്തകാലത്ത് ഞാന്‍ വീട്ടില്‍ പോയി കണ്ടിരുന്നു. ഒരു ആറുമാസം മുന്‍പാണെന്ന് തോന്നുന്നു. ഞാനും ജഗദീഷ് ചേട്ടനും ഒരുമിച്ചാണ് വീട്ടില്‍ പോയത്. അന്ന് ഫോട്ടോയൊക്കെ എടുത്തു. കുറച്ച് സമയം പൊന്നമ്മ ചേച്ചിക്കൊപ്പം ചിലഴിച്ചു. ഞാനാ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. ഏകദേശം 5 മില്ല്യണ്‍ ആളുകളാണ് അത് കണ്ടത്. അതില്‍ നിന്നും നമുക്ക് മനസിലാക്കാം പ്രേക്ഷകര്‍ക്ക് ചേച്ചിയോടുളള സ്നേഹം എന്തുമാത്രം ഉണ്ടായിരുന്നു എന്നത്. സിനിമയിലെ പോലെ തന്നെ ജീവിതത്തിലും സ്നേഹസമ്പന്നയായ ഒരു അമ്മ തന്നെയായിരുന്നു കവിയൂര്‍ പൊന്നമ്മ. ഒരുപാട് കഷ്ടപ്പെടാതെ മരിച്ചു. ദുഖത്തോടുകൂടിയാണെങ്കിലും കഷ്ടപ്പെടാതെ മരിച്ചല്ലോ അതുമതി. സെറ്റിലൊക്കെ എന്തെങ്കിലും ഒക്കെ പറഞ്ഞ് നമ്മളെ ഉപദേശിക്കുമായിരുന്നു'.

അതേസമയം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് കവിയൂര്‍ പൊന്നമ്മയുടെ വിയോഗം. മലയാളത്തിലെ ഒട്ടുമിക്ക നായകന്മാരുടെയും നായികമാരുടെയും അമ്മയായിട്ടുണ്ട് പൊന്നമ്മ. 12ാം വയസില്‍ അഭിനയജീവിതം ആരംഭിച്ച കവിയൂര്‍ പൊന്നമ്മ ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2021ൽ പുറത്തിറങ്ങിയ ആണും പെണ്ണുമാണ് അവസാനം റിലീസായ ചിത്രം. മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് നാല് പ്രാവശ്യം ലഭിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Actor baiju santhosh talks about Kaviyoor Ponnamma