Image Credit: Youtube

ഒട്ടനവധി അമ്മ വേഷങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച് നടി കവിയൂര്‍ പൊന്നമ്മ അരങ്ങൊഴിഞ്ഞു. മലയാളികള്‍ക്ക് എന്നും അമ്മയാണ് കവിയൂര്‍ പൊന്നമ്മ.  പ്രേംനസീർ, സോമൻ,സത്യൻ, മധു, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മയായി അരങ്ങുവാണ അഭിനേത്രി ചമയങ്ങളെല്ലാം അഴിച്ചുവെച്ച് വിട പറഞ്ഞു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് മരണം. നാടകത്തിലൂടെ സിനിമയിലെത്തിയ കവിയൂര്‍ പൊന്നമ്മ ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 

മലയാളികള്‍ ഇന്ന് കളിയായും കാര്യമായും ഉപയോഗിച്ചുവരുന്ന ഒരു സ്ഥിരം ഡയലോഗാണ് ഉണ്ണി വന്നോ? എന്‍റെ ഉണ്ണിയെവിടെ എന്നിവയെല്ലാം. ഈ ഡയലോഗിന്‍റെ ഉറവിടവും കവിയൂര്‍ പൊന്നമ്മ തന്നെ. ഹിസ്ഹൈനസ് അബ്ദുളള എന്ന ചിത്രത്തിലെ മാനസിക പ്രശ്നമുളള അമ്മ തമ്പുരാട്ടിയായി കവിയൂര്‍ പൊന്നമ്മ നിറ‍ഞ്ഞാടിയപ്പോള്‍ പിറന്ന ഡയലോഗാണിത്. ആ ഡയലോഗ് പിന്നീട് മലയാളികള്‍ ഏറ്റെടുത്തു. ട്രോളുകളിലും റീലുകളിലെല്ലാം നിറഞ്ഞ് നില്‍ക്കുന്നതും കവിയൂര്‍ പൊന്നമ്മയുടെ ഈ ഡയലോഗ് തന്നെ. മോഹന്‍ലാലിന്‍റെ അമ്മയായാണ് മലയാള സിനിമാസ്വാദകര്‍ കവിയൂര്‍ പൊന്നമ്മയെ കാണുന്നത്. എന്നാല്‍ പൊന്നമ്മയുടെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളിലൊന്നായിരുന്നു മമ്മൂട്ടിക്കൊപ്പം തനിയാവര്‍ത്തനത്തിലേത്. മമ്മൂട്ടി അവതരിപ്പിച്ച ബാലന്‍ മാഷിന് വിഷമൊഴിച്ച ചോറ് ഉരുട്ടി നല്‍കുന്ന രംഗം പ്രേക്ഷകരുടെ കണ്ണുകളെ ഇന്നും ഈറനണിയിക്കുന്നു. സിനിമയായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ ലോകം. 

പത്തനംതിട്ടയിലെ കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6 ന് ജനിച്ച പൊന്നമ്മ  ഗായികയായാണ് തന്‍റെ കലാജീവിതമാരംഭിച്ചത്. കുട്ടിക്കാലം മുതല്‍ സംഗീതം പഠിച്ചിരുന്ന പൊന്നമ്മയക്ക് എം.എസ്.സുബ്ബലക്ഷ്മിയെപ്പോലെ വലിയ പാട്ടുകാരിയാകാനായിരുന്നു ആഗ്രഹം. തോപ്പിൽ ഭാസിയുടെ ‘മൂലധന’ത്തിലാണ് പൊന്നമ്മ ആദ്യമായി പാടിയത്. പിന്നീട് കെപിഎസിയിലെ പ്രധാന നടിയായി പൊന്നമ്മ മാറി. നിരവധി നാടകസമിതികളില്‍ പ്രവര്‍ത്തിച്ചു. പതിനാലാം വയസിലാണ് പൊന്നമ്മയുടെ സിനിമാ അരങ്ങേറ്റം. മെറിലാൻഡിന്റെ ‘ശ്രീരാമപട്ടാഭിഷേക’ത്തിലെ മണ്ഡോദരിയുടെ വേഷത്തിലെ പൊന്നമ്മ മലയാള സിനിമോ ലോകത്തേയ്ക്ക് ചുവടുവെച്ചു. 

പൊന്നമ്മയുടെ അമ്മ വേഷങ്ങള്‍ക്ക് തുടക്കമിട്ടത് കുടുംബിനി എന്ന ചിത്രമാണ്. പിന്നീട് സത്യന്‍, മധു അടക്കമുളള അക്കാലത്തെ സൂപ്പര്‍താരങ്ങളുടെ അമ്മയായി. നന്മ നിറഞ്ഞ അമ്മവേഷങ്ങളാണ് ഏറ്റവുമധികം ചെയ്തിട്ടുളളതെങ്കിലും നെഗറ്റീവ് വേഷങ്ങളിലും കവിയൂര്‍ പൊന്നമ്മ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആണും പെണ്ണും എന്ന ആന്തോളജിയിലാണ് കവിയൂര്‍ പൊന്നമ്മ അവസാനമായി അഭിനയിച്ചത്. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു വട്ടം നേടിയിട്ടുണ്ട്. നിര്‍മാതാവായ മണിസ്വാമിയെയായിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം കഴിച്ചത്. 2011 ല്‍ മണിസ്വാമി അന്തരിച്ചു. 

ENGLISH SUMMARY:

Actress Kaviyoor Ponnamma passed away