Image Credit : Ajmal Photography/ Facebook

മലയാള സിനിമയുടെ 'അമ്മ' കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി. 'പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ' എന്ന് താരം ഫെയ്സ്ബുക്കിൽ കുറിച്ചു. ഒപ്പം പൊന്നമ്മ മമ്മൂട്ടിയുടെ കവിളില്‍ സ്നേഹചുംബനം നല്‍കുന്ന ചിത്രവും മമ്മൂട്ടി പങ്കുവച്ചു. നിരവധി ചിത്രങ്ങളില്‍ അമ്മയും മകനുമായി ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. തനിയാവര്‍ത്തനം, വാത്സല്യം, തിങ്കളാഴ്ച നല്ല ദിവസം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം എന്നും മലയാളികളുടെ മനസില്‍ തങ്ങിനില്‍ക്കുന്നവയാണ്.

മമ്മൂട്ടി പങ്കുവച്ച കുറിപ്പ്: 

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികില്‍യിലായിരുന്ന കവിയൂര്‍ പൊന്നമ്മ കൊച്ചിയിലെ ലിസി ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. നാടകത്തിലൂടെ സിനിമയിലെത്തിയ കവിയൂര്‍ പൊന്നമ്മ ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പൊന്നമ്മയുടെ അമ്മ വേഷങ്ങള്‍ക്ക് തുടക്കമിട്ടത് കുടുംബിനി എന്ന ചിത്രമാണ്. പിന്നീട് സത്യന്‍, മധു അടക്കമുളള അക്കാലത്തെ സൂപ്പര്‍താരങ്ങളുടെ അമ്മയായി. നന്മ നിറഞ്ഞ അമ്മവേഷങ്ങളാണ് ഏറ്റവുമധികം ചെയ്തിട്ടുളളതെങ്കിലും നെഗറ്റീവ് വേഷങ്ങളിലും കവിയൂര്‍ പൊന്നമ്മ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആണും പെണ്ണും എന്ന ആന്തോളജിയിലാണ് കവിയൂര്‍ പൊന്നമ്മ അവസാനമായി അഭിനയിച്ചത്. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു വട്ടം നേടിയിട്ടുണ്ട്. നിര്‍മാതാവായ മണിസ്വാമിയെയായിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം കഴിച്ചത്. 2011 ല്‍ മണിസ്വാമി അന്തരിച്ചു.