മലയാള സിനിമയുടെ അമ്മ മുഖം കവിയൂര്‍ പൊന്നമ്മയുടെ വിയോഗം മലയാള സിനിമാ ലോകത്തിന് തീരാ നഷ്ടമാണ്. വലിയ ചുവന്ന പൊട്ടും നിറ ചിരിയുമായി ആ അമ്മ മുഖം ഇനിയില്ല എന്ന യാഥാര്‍ഥ്യം വേദനയോടെയാണ് മലയാള സിനിമാലോകം കേട്ടത്. തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചെയ്തു വച്ച അമ്മ കഥാപാത്രങ്ങളെയെല്ലാം സാക്ഷി നിര്‍ത്തി മലയാളികവുടെ സ്വന്തം അമ്മ കവിയൂര്‍ പൊന്നമ്മ പടിയിറങ്ങിയിരിക്കുന്നു.

കവിയൂര്‍ പൊന്നമ്മയുടെ മക്കളായി അഭിനയിക്കാത്തവര്‍ മലയാള സിനിമയില്‍ കുറവാണ്. കവിയൂര്‍ പൊന്നമ്മയുടെ അമ്മ വേഷങ്ങളില്‍ പ്രധാനപ്പെട്ടതാണ് നന്ദനത്തിലെ ഉണ്ണിയമ്മ.നന്ദനത്തിലെ തന്‍റെ പ്രിയപ്പെട്ട ഉണ്ണിയമ്മയെ ഓര്‍ത്തെടുക്കുകയാണ് ബാലാമണിയായി വേഷമിട്ട നടി നവ്യ നായര്‍.

‘ഞാന്‍ പൊന്നൂസേ എന്നാണ് വിളിച്ചിരുന്നത്.എന്നെ വളരെ ഇഷ്ടമുള്ള ആളായിരുന്നു.സൗന്ദര്യം നോക്കാതെ ്അഭിനയിക്കും എന്ന് എന്നെക്കുറിച്ച് എല്ലാവരോടും പറയുമായിരുന്നു.ഫുള്‍ ടൈം ചിരിയും ഇക്കിളി ഇടലുമൊക്കെയായിരുന്നു.ഞങ്ങള്‍ എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെക്കാറുണ്ടായിരുന്നു.എപ്പോഴും സ്നേഹത്തോടെ ഇരിക്കുന്ന, നമ്മളെ വല്ലാതെ പ്രോത്സാഹിപ്പിക്കുന്ന ഓരാളായിരുന്നു. മുഖം കറുത്ത് ഇതുവരെ കണ്ടിട്ടില്ല. ചിരിക്കുമ്പോള്‍ ദേഹം മുഴുവന്‍ കുലുങ്ങും. അപ്പോള്‍ ഞാന്‍ ഇക്കിളിയിടും.’നവ്യ ഓര്‍ത്തെടുത്തു.

അസുഖമായിക്കിടന്ന സമയത്ത് പോയി കാണാന്‍ സാധിക്കാത്തതിന്‍റെ വിഷമവും നവ്യ പങ്കുവെച്ചു.

‘അസുഖമായിരുന്ന സമയത്ത് പൊന്നൂസിനെ ഒന്നുപോയി കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചതായിരുന്നു. എന്നാല്‍ നടന്നില്ല.എന്‍റെ ഉത്തരവാദിത്തമായിരുന്നു പോയി കാണുക എന്നത്. സന്തോഷമുള്ള അനുഭവങ്ങളെക്കാളും അത് സാധിക്കാത്തതാണ് ഏറ്റവും വലിയ വിഷമം.അത് വലിയ തെറ്റായി മനസില്‍ ഉണ്ട്.’ നവ്യ പറഞ്ഞു.

വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു കവിയൂര്‍ പൊന്നമ്മ. ഇന്ന് വൈകുന്നേരത്തോടെയാണ് അന്ത്യം സംഭവിച്ചത്.

ENGLISH SUMMARY:

Actress Navya Nair recollects memories with Navya Nair