kaviyoorponnamma-bhagyalakshmi

Image Credit: Instagram

മലയാള സിനിമയുടെ അമ്മയായ കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് നടിയും ഡബ്ബിങ് അര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കവിയൂര്‍ പൊന്നമ്മയുമായി വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും കഴിഞ്ഞ മാസം നേരില്‍ കണ്ടിരുന്നെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സുഖമില്ലാതിരുന്ന സമയത്ത് പോലും തന്നെ കണ്ടപ്പോള്‍ കവിയൂര്‍ പൊന്നമ്മ തിരിച്ചറിഞ്ഞെന്നും ഏറെ നേരം കയ്യില്‍ മുറുകെ പിടിച്ച് സംസാരിച്ചിരുന്നെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. കവിയൂര്‍ പൊന്നമ്മയുടെ വേര്‍പാടില്‍ വൈകാരികമായ കുറിപ്പും ഭാഗ്യലക്ഷ്മി പങ്കുവച്ചു. കൂടെ കെപിഎസി ലളിത കവിയൂര്‍ പൊന്നമ്മ എന്നിവര്‍ക്കൊപ്പം ചിത്രവും ഭാഗ്യലക്ഷ്മി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. 

ഭാഗ്യലക്ഷ്മി പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:

'കഴിഞ്ഞ മാസവും ഞാന്‍ പോയി കണ്ടിരുന്നു. ഒന്നും മിണ്ടാതെ കൈ മുറുകെ പിടിച്ച് ചിരിച്ചുകൊണ്ടിരുന്നു.. ലളിത ചേച്ചിയുടെ വീട്ടില്‍ വെച്ചാണ് ഞങ്ങൾ കൂടാറുള്ളത്. സുകുമാരി അമ്മ, പൊന്നമ്മ അമ്മ, ലളിത ചേച്ചി. മൂന്ന്‌ പേരും പ്രിയപ്പെട്ടവരായിരുന്നു. എല്ലാവരും പോയി എന്നായിരുന്നു ചിത്രം പങ്കുവച്ചുകൊണ്ട് ഭാഗ്യലക്ഷ്മി കുറിച്ചത്'.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ:

'എല്ലാവര്‍ക്കും പൊന്നമ്മാമ്മയെ പറ്റി നല്ലതുമാത്രമേ പറയാനുളളു. ആരോടും കയര്‍ത്ത് സംസാരിക്കാത്ത എല്ലാവരോടും സിനിമയില്‍ കാണുന്ന പോലെ വാല്‍സല്യത്തോടെ സംസാരിക്കുന്ന ഒരമ്മയായിരുന്നു. ഞങ്ങള്‍ തമ്മില്‍ ഒരുപാട് നല്ല അടുപ്പമുണ്ടായിരുന്നു. ലളിത ചേച്ചി ഉണ്ടായിരുന്ന സമയത്ത് ഞങ്ങള്‍ വടക്കാഞ്ചേരിയില്‍ മിക്ക സമയത്തും ഒത്തുകൂടാറുണ്ടായിരുന്നു. പൊന്നമ്മാമ്മയുമായിട്ട് ചെന്നൈയില്‍ വച്ച് തന്നെ എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അതുകഴിഞ്ഞ് പിന്നെ കേരളത്തിലേക്ക് ചേച്ചി താമസത്തിന് വന്നപ്പോഴും ഞങ്ങള്‍ അതുപോലെ തന്നെ ഇടക്ക് വിളിക്കുകയും  ചെയ്യുമായിരുന്നു. കാണുന്നത് കൂടുതലും ലളിത ചേച്ചിയുടെ അവിടെ വച്ചായിരുന്നു. ലളിത ചേച്ചിയുടെ വീട് പാലുകാച്ചലിന്‍റെ അന്ന് ഫുള്‍ ഡേ ഞങ്ങളെല്ലാവരും ഒന്നിച്ചായിരുന്നു. അന്നെനിക്ക് ചോറൊക്കെ ഉരുട്ടിയൊക്കെ തന്നിരുന്നു'. 

'ആലുവ വഴി പോകുമ്പോഴെല്ലാം ഞാന്‍ അവിടെ കേറി ചേച്ചിയെ കാണുമായിരുന്നു. 2018ലെ വെളളപ്പൊക്ക സമയത്ത് ഞാന്‍ ചേച്ചിയെ വിളിച്ചുകൊണ്ടേ ഇരിക്കുമായിരുന്നു അവിടുന്ന് മാറെന്ന് പറഞ്ഞ്. എന്നാല്‍ എനിക്കൊന്നും വരില്ല, നീ പേടിക്കേണ്ട എന്നായിരുന്നു ചേച്ചിയുടെ മറുപടി. പക്ഷേ അന്ന് വീട്ടില്‍ വെളളം കയറി. ചേച്ചി അവിടുന്ന് മാറി പിന്നെ കൊല്ലത്ത് വന്നപ്പോള്‍ ഞാന്‍ പോയി കണ്ടിരുന്നു. അങ്ങനെ നല്ല അടുപ്പമുണ്ടായിരുന്നു ചേച്ചിയുമായി. ഇപ്പൊ ഞാന്‍ കഴിഞ്ഞ മാസം ചേച്ചിയെ കാണാന്‍ പോയിരുന്നു. അന്ന് ചേച്ചിയുടെ ബന്ധുക്കളൊക്കെ പറ‍ഞ്ഞു. കണ്ടാല്‍ വലിയ ഓര്‍മയൊന്നും ഉണ്ടാകില്ല വിഷമം തോന്നരുതെന്ന്. പക്ഷേ കണ്ടയുടനെ എന്നെ നന്നായി മനസിലായി. എന്‍റെ കയ്യില്‍ മുറുകെ പിടിച്ചു. എല്ലാവരും ആരാണെന്ന് മനസിലായോ എന്ന് ചേച്ചിയോട് ചോദിച്ചപ്പോള്‍ പിന്നെ..ഭാഗ്യലക്ഷ്മിയല്ലേ എനിക്കവളെ മനസിലാവാണ്ടിരിക്കോ എന്നായിരുന്നു മറുപടി. കുറേ നേരം ഞാന്‍ അവിടെയിരുന്ന് സംസാരിച്ചു. അതായിരുന്നു ഞാന്‍ അവസാനം കണ്ടത്'.