‘എന്റെ ആരാധകർ വയസായ അച്ഛന്മാരും അമ്മമാരുമാണ്. അവരുടെ സ്നേഹം എനിക്ക് ഉൗർജമാണ്. അത് നഷ്ടപ്പെടുത്താൻ ആഗ്രഹമില്ല’ ഒരിക്കല്‍ കവിയൂര്‍ പൊന്നമ്മ പറഞ്ഞതാണിത്. അമ്മ വേഷങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ടുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഒരിക്കലും മടുക്കാത്തതാണ് അമ്മ വേഷം എന്ന് കവിയൂര്‍ പൊന്നമ്മ പറയുമായിരുന്നു. അമ്മ വേഷത്തില്‍ തന്നെ കണ്ട് മടുപ്പ് തോന്നിയെന്ന് ആരും പറഞ്ഞിട്ടില്ലെന്നും മലയാളസിനിമയുടെ സ്വന്തം അമ്മ പറയും.

‘എത്രയോ സിനിമയിൽ അമ്മ വേഷം ചെയ്തു. മുണ്ടും നേര്യതും വിഗ്ഗും മാത്രം മതിയായിരുന്നു. എന്നാൽ എന്നെ അമ്മ വേഷത്തില്‍ കണ്ട് മടുപ്പ് തോന്നിയെന്ന് ആരും പറഞ്ഞിട്ടില്ല. മുണ്ടും നേര്യതും വിഗ്ഗും വച്ച് സ്ഥിരമായി അമ്മ വേഷം ചെയ്തത് ചേച്ചി മാത്രമേയുള്ളൂവെന്ന് ബാലചന്ദ്രമേനോൻ പറഞ്ഞിട്ടുണ്ട്. എത്രയോ തവണ ഇൗ വേഷത്തിൽ ഞാൻ വന്നു. എന്റെ ശബ്ദം കേള്‍ക്കാൻ വേണ്ടി മാത്രം ഗൾഫിൽ നിന്ന് വിളിക്കുന്നവരുണ്ട്. സ്വന്തം മക്കളോടെന്നപോലെ അവരോട് സംസാരിക്കുന്നു. ഒരു സ്നേഹവലയം എനിക്ക് ചുറ്റുമുണ്ട്’ മറ്റൊരിക്കല്‍ കവിയൂര്‍ പൊന്നമ്മ പറഞ്ഞു.

മലയാളത്തിലെ ഒട്ടുമിക്ക നായകന്മാരുടെയും നായികമാരുടെയും അമ്മയായിട്ടുണ്ട് പൊന്നമ്മ. എങ്കിലും മോഹൻലാലിന്റെ അമ്മയായി അഭിനയിക്കാനാണ് ഏറ്റവും ഇഷ്ടമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. ‘ആദ്യമായി കാണുമ്പോൾ ലാലിന് 23 വയസ്സാണ്, വലിയ വികൃതിയായിരുന്നു. അതാണ് ലാലിനോട് ഇഷ്ടവും വാത്സല്യവും തോന്നാൻ കാരണം. ലാലിനൊപ്പം മാത്രമേ അമ്മയായി അഭിനയിക്കാവൂ എന്ന് ചിലരൊക്കെ അധികാരത്തോടെ വന്നു പറയും, അപ്പോള്‍ ചിരിവരും. ഗ്രാമങ്ങളിലെ ചിലരെല്ലാം നിഷ്കളങ്കമായി മോനെ കൊണ്ടുവന്നില്ലേയെന്ന് ചോദിക്കും. ആദ്യം മനസ്സിലാകില്ല. എനിക്ക് മോളാണെന്ന് പറയുമ്പോൾ അവര്‍ പറയും, മോനില്ലേ, മോഹന്‍ലാൽ.’ കവിയൂര്‍ പൊന്നമ്മ പറയുന്നു. അൻപതോളം സിനിമകളിൽ കവിയൂർ പൊന്നമ്മയും മോഹൻലാലും അമ്മയും മകനുമായി അഭിനയിച്ചിട്ടുണ്ട്. 

‘കുടുംബിനി’യിലാണ് ആദ്യ അമ്മവേഷം. 19–ാം വയസിൽ രണ്ടു കുട്ടികളുടെ അമ്മയായി വേഷമിട്ടു. ശശികുമാർ സംവിധാനം ചെയ്ത തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിൽ, തന്‍റെ 22–ാം വയസിൽ, ആദ്യമായി മുതിർന്നയാളുടെ അമ്മയായി അഭിനയിച്ചു. പിന്നീട് ലഭിച്ച കഥാപാത്രങ്ങളിൽ അധികവും അമ്മവേഷങ്ങളായിരുന്നു. പ്രേംനസീറിന്റെ അമ്മയും ഭാര്യയും സഹോദരിയും കാമുകിയും ആയി അഭിനയിച്ചിട്ടുണ്ട് കവിയൂര്‍ പൊന്നമ്മ. സത്യൻ, മധു തുടങ്ങി സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് എന്നിങ്ങനെ പല തലമുറകളിലെ നടൻമാരുടെ അമ്മവേഷം അണിഞ്ഞിട്ടുണ്ട് ഈ മഹാപ്രതിഭ.

ENGLISH SUMMARY:

I love to do role of a mother, No one has ever felt disheartened when seeing me in the same role, says Kaviyoor Ponnamma