TOPICS COVERED

അമ്മവേഷങ്ങളല്ലാതെയും പലവിധ വേഷപ്പകര്‍ച്ചകളിലൂടെ കവിയൂര്‍ പൊന്നമ്മ  നമുക്കുമുന്നിലെത്തിയിട്ടുണ്ടെങ്കിലും അവരെയെന്നും  കണ്ണുകളില്‍ കാരുണ്യവും വാല്‍സല്യവും നിറച്ച്, ആര്‍ദ്രമായ വിളികളിലൂടെ അമ്മയായി അനുഭവിക്കാനായിരുന്നു മലയാളികള്‍ക്ക് ഏറെയിഷ്ടം.  വെള്ളിത്തിരയിലെ ആ നിറവാല്‍സല്യം മായുമ്പോള്‍ മലയാളിപ്രേക്ഷകരുടെ മനസ്സിലൂടെ ആദ്യം മിന്നിമായുന്നതും അമ്മത്തത്തിന്‍റെ പലവിധ ഭാവങ്ങള്‍ തന്നെ.  മോഹന്‍ലാലിന്‍റെ സ്വന്തം അമ്മയായാണ് മലയാളി പ്രേക്ഷകര്‍ കവിയൂര്‍ പൊന്നമ്മയെ കണ്ടത്. അത്രയേറെ ജീവനുള്ളവയായിരുന്നു അവരിരുവരും ചേര്‍ന്ന് തിരശീലയില്‍ അനശ്വരമാക്കിയ അമ്മ–മകന്‍ ഭാവങ്ങള്‍. എന്നാല്‍ അതിനൊപ്പം തന്നെ മമ്മൂട്ടിക്കൊപ്പമുള്ള മറ്റൊരു അമ്മ ഭാവവും മലയാളിയെ കൊളുത്തിവലിച്ചിട്ടുണ്ട്. തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷിന്‍റെ അമ്മ. അത്രമേല്‍ ജീവനുണ്ടായിരുന്നു ആ അമ്മഭാവത്തിന്.

പാരമ്പര്യത്തിന്‍റെയും വിശ്വാസങ്ങളുടെയും സങ്കീര്‍ണതകളില്‍ കുരുക്കി സമൂഹം ഭ്രാന്തനാക്കി മാറ്റുന്ന ബാലന്‍മാഷിന്‍റെ നിസ്സഹായത നെഞ്ചിലേക്ക് കോരിയിട്ട ലോഹിതദാസിന്‍റെ ‘തനിയാവര്‍ത്തനം’. ഉള്ളുനീറ്റുന്ന മമ്മൂട്ടിയുടെ ബാലന്‍ മാഷിനൊപ്പം മകനെയോര്‍ത്ത് നിശബ്ദം വേദനിക്കുന്ന കവിയൂര്‍ പൊന്നമ്മയുടെ വാല്‍സല്യനിധിയായ അമ്മയെയും മറക്കാനാകില്ല. ‘എല്ലാവരും കൂടി എന്‍റെ കുഞ്ഞിനെ നശിപ്പിക്കും’ എന്ന് ആധിയോടെ പറയുന്നൊരു പാവം അമ്മ. അന്ധവിശ്വാസങ്ങള്‍ പ്രതിനായകവേഷമണിയുമ്പോള്‍ രക്ഷപ്പെടാനാകാത്ത കയങ്ങളിലേക്ക് സ്വന്തം മകന്‍റെ ജീവിതം ആഴ്ന്നുപോകുന്നതുകണ്ട് നെഞ്ചുപൊള്ളിപ്പിടയുന്ന അമ്മ.. ഒടുവില്‍ ‘ഇനിയും ജീവിക്കണോ നിനക്ക്?’ എന്ന് ആ അമ്മ മകനോട് ചോദിക്കുമ്പോള്‍ ചോരപൊടിഞ്ഞിട്ടില്ലാത്ത ഹൃദയങ്ങളുണ്ടാകില്ല. നിസ്സഹായതയുടെയും കണ്ണീരിന്‍റെയും ഉപ്പും വിഷവും സമം ചേര്‍ത്ത് അമ്മ മകന് അവസാനത്തെ ചോറുരുള വാരിക്കൊടുക്കുമ്പോള്‍  മമ്മൂട്ടിക്കൊപ്പം കവിയൂര്‍ പൊന്നമ്മ എന്ന നടിയും തിരശീലയില്‍ അടയാളപ്പെടുത്തുകയായിരുന്നു. 

മമ്മൂട്ടിയുടെയും കവിയൂര്‍ പൊന്നമ്മയുടെയും  ഏറ്റവും മികച്ച അഭിനയമുഹൂർത്തങ്ങളിലൊന്നായാണ് തനിയാവര്‍ത്തനം എന്ന ചിത്രവും അതിലെ അവസാന  രംഗവും വിലയിരുത്തപ്പെടുന്നത്. തനിയാവർത്തനത്തെ  കൂടാതെ വാത്സല്യം,പല്ലാവൂർ ദേവനാരായണൻ, ഏഴുപുന്ന തരകൻ തുടങ്ങിയ ചിത്രങ്ങളിലും  കവിയൂര്‍ പൊന്നമ്മ മമ്മൂട്ടിയുടെ സ്നേഹനിധിയായ അമ്മയായിട്ടുണ്ട്. 

ENGLISH SUMMARY:

kaviyoor ponnamma thaniyavarthanam movie