TOPICS COVERED

കൈ നിറയേ വെണ്ണ തരാം...കവിളിലൊരുമ്മ തരാം കണ്ണന്‍..; കവിയൂര്‍ പൊന്നമ്മ മോഹന്‍ലാലിനെ നോക്കി പാടുമ്പോള്‍ പ്രേക്ഷകരും കൂടെ പാടും , എന്‍റെ ഉണ്ണിയെ കണ്ടോ എന്ന് ചോദിച്ച് കരയുമ്പോള്‍ പ്രേക്ഷകനും കൂടെ കരയും , ‘ഇനിയാര്‍ക്കാടാ എന്റെ ജീവന്‍ വേണ്ടത്. ചങ്കൂറ്റമുള്ളവരുണ്ടെങ്കില്‍ ഇറങ്ങിവാടാ. കൊല്ലണമെനിക്ക്, കൊതിതീരുംവരെ കൊല്ലണം ’ മരണം സുനിശ്ചിതമാണെന്ന് മനസ്സ് പറയുമ്പോഴും കൈക്കരുത്തില്‍ ഏറെ മുന്നില്‍നില്‍ക്കുന്ന വില്ലനെ ആത്മവിശ്വാസത്തിന്റെ ബലത്തില്‍ അടിച്ചുവീഴ്‌ത്തിയ ശേഷം നായകന്‍ വീണ്ടും വെല്ലുവിളിക്കുമ്പോള്‍ മേനെ..എന്ന് പറഞ്ഞ് നെഞ്ച് പൊട്ടുന്ന ആ അമ്മയെ കണ്ട് മലയാളി ഒന്നാകെ കരഞ്ഞു. അതാണ് മോഹന്‍ലാല്‍–കവിയൂര്‍ പൊന്നമ്മ കോംബിനേഷന്‍. 

‘മോഹൻലാലിന്റെ അമ്മയായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഞങ്ങളെ കാണുന്നത് അമ്മയും മകനുമായിട്ടാണ്. മോഹൻലാലിനെ ഞാൻ കുട്ടാ എന്നാണ് വിളിക്കുന്നത്. കുറച്ച് മുമ്പ് ഒരു സപ്‍താഹത്തില്‍ പങ്കെടുക്കാൻ ഞാൻ പോവുകയായിരുന്നു. അവിടെവച്ച് പ്രായം ചെന്ന് അമ്മ ചോദിച്ചത് മകനെ കൊണ്ടുവരാമായിരുന്നില്ലേ എന്നാണ്. അവര്‍ ഉദ്ദേശിച്ചത് മോഹൻലാലിനെയായിരുന്നു എന്ന് ചോദിച്ചപ്പോള്‍ മനസ്സിലായി ’– ഒരു അഭിമുഖത്തില്‍ കവിയൂര്‍ പൊന്നമ്മ പറഞ്ഞ വാക്കുകളാണിത്. 

സിനിമയില്‍ ആറ് പതിറ്റാണ്ടുകളായി മലയാളി സിനിമാ പ്രേക്ഷകർക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാതെ  താരമാണ് കവിയൂർ പൊന്നമ്മ. മലയാളത്തിലെ ഒട്ടേറെ സൂപ്പർ താരങ്ങളുടെയടക്കം അമ്മമയായും അമ്മൂമ്മയായും കവിയൂർ പൊന്ന വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. മോഹൻലാലിന്റെ അമ്മയായെത്തിയ വേഷങ്ങളാണ് അതിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. കവിയൂർ പൊന്നമ്മയുടെ മകനാണ് മോഹൻലാൽ എന്ന് പോലും പലരും തെറ്റിദ്ധരിച്ചു. മോഹന്‍ലാല്‍ തന്നെ പല വേദികളില്‍ പറഞ്ഞിട്ടുണ്ട് എന്‍റെ സ്വന്തം അമ്മയാണ് കവിയൂര്‍ പൊന്നമ്മയെന്ന്.