പ്രിയ ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നടന്‍ മധു. ആറന്മുള പൊന്നമ്മയ്ക്കു ശേഷം സിനിമാപ്രവർത്തകരുടെയും മലയാള ചലച്ചിത്ര പ്രേക്ഷകരുടെയും അമ്മയായിരുന്നു കവിയൂർ പൊന്നമ്മയെന്നും താന്‍ അഭിനയിച്ച സിനിമയില്‍ പൊന്നമ്മ തന്‍റെ ഭാര്യയായും അമ്മയായും വേഷമിട്ടിട്ടുണ്ടെന്നും മധു കുറിച്ചു. 

സിനിമയിലെത്തും മുന്‍പേ കവിയൂര്‍ പൊന്നമ്മയെ അറിയാമായിരുന്നു. സ്വന്തം കുടുംബാംഗത്തെപ്പോലെയായിരുന്നു താരം. അഞ്ചോ ആറോ വർഷങ്ങൾ മുൻപാണു അവസാനമായി നേരിൽ കണ്ടതെങ്കിലും ഇടയ്ക്കെല്ലാം ഫോണിലൂടെ വിളിച്ച് വിശേഷങ്ങള്‍ തിരക്കാറുണ്ടായിരുന്നുവെന്നും മധു പറഞ്ഞു. ജീവിതത്തില്‍ ഒരുപാട് വേദനകള്‍ സഹിച്ച വ്യക്തിയാണ് പൊന്നമ്മ. എല്ലാവരും ഉണ്ടെങ്കിലും ആരുമില്ലാത്ത ഒരാളെ പോലെ ജീവിക്കേണ്ടി വന്നെന്നും മധു കവിയൂര്‍ പൊന്നമ്മയെ കുറിച്ച് ഓര്‍ത്തെടുക്കുന്നു.

പൊന്നമ്മ അഭിനിയിക്കുന്ന നാടകങ്ങള്‍ കാണാന്‍ പോയത് ഇന്നും ഓര്‍മയുണ്ടെന്നും അരങ്ങിൽ പേരെടുത്ത ശേഷമാണ് പൊന്നമ്മ അഭ്രപാളികളിൽ സ്വന്തം പേരെഴുതി ചേർത്തതെന്നും  മധു കൂട്ടിച്ചേര്‍ത്തു. മലയാള നാടകവേദി സിനിമയ്ക്കു സമ്മാനിച്ച അസാമാന്യ പ്രതിഭകളുടെ പട്ടികയിൽ പൊന്നമ്മയുണ്ട്. അസുഖ വിവരം അറിഞ്ഞിരുന്നെങ്കിലും വിയോഗം പ്രതീക്ഷിച്ചിരുന്നില്ലെന്നും കരുതിയിരുന്നില്ല.  പ്രിയപ്പെട്ട സഹപ്രവർത്തകയുടെ വേർപാടിൽ അശ്രുപൂജ എന്നും മധു പറഞ്ഞു. നിരവധി താരങ്ങളാണ് കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് രംഗത്തെത്തുന്നത്.