ചന്ദ്രനുദിക്കുന്ന ദിക്കിൽ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷൻ. ദിലീപും സംയുക്താ വർമ്മയും ചേർന്നുള്ള തിയേറ്ററിനുള്ളിലെ ഷോട്ടാണ്  ചിത്രീകരിക്കുന്നത്. അന്ന് മൈസൂരിൽ ഡി​ഗ്രിക്ക് പഠിക്കുകയായിരുന്ന ഒരു പയ്യൻ ഷൂട്ടിംഗ് കാണാനായി തിയേറ്ററിൽ പോയി. താൻ കോളജ് വിദ്യാർത്ഥിയാണെന്നും ഷൂട്ടിങ് കാണാൻ സമ്മതിക്കാമോ എന്നും ചോദ്യം.

അപ്പോഴാണ് ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ കുറവുള്ളതിനാൽ ഒരു ഷോട്ടിൽ നിൽക്കാമോ എന്ന മറുചോദ്യം അപ്രതീക്ഷിതമായെത്തുന്നത്. പയ്യന്‍ ഓകെന്ന് പറഞ്ഞു. അങ്ങനെ ദിലീപിനും സംയുക്തയ്ക്കും തൊട്ടുപിന്നിൽ തിയേറ്ററിൽ ഇരുന്ന് പ്രേക്ഷകരിൽ ഒരാളായി അവൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി. ഇപ്പോൾ നമ്മൾ പോത്തേട്ടനെന്ന് സ്നേഹത്തോടെ വിളിക്കുന്ന ദിലീഷ് പോത്തൻ! അദ്ദേഹം സിനിമയിൽ എത്തിയിട്ട് കാല് നൂറ്റാണ്ട് പൂർത്തിയാവുന്നു. 

സഹ സംവിധായകനായി പ്രവർത്തിക്കവേ, പുറം തിരിഞ്ഞും, ഹെൽമറ്റിട്ടുമൊക്കെ ഒട്ടേറെ  ഷോട്ടുകളിൽ മുഖം തിരിച്ചറിയാനാവാത്ത ജൂനിയർ ആർട്ടിസ്റ്റായി അദ്ദേഹമെത്തി.  സാൾട്ട് ആൻഡ് പെപ്പറിലെ ഒരു സോങ് കട്ടാണ് കഥാപാത്രമായുള്ള ദിലീഷ് പോത്തന്‍റെ  ആദ്യ ഷോട്ട്. ശ്വേതാ മേനോനെ വായി നോക്കുന്ന ഒരു സീൻ.  തന്‍റെ പുതിയ ചിത്രത്തില്‍  ശിഷ്യനായ അതേ ദിലീഷിനെയാണ്  ഗുരുനാഥന്‍ ആഷിഖ് അബു നായകനായി നിശ്ചയിച്ചിരിക്കുന്നത്  

അഭിനയം കണ്ടാൽ നമുക്ക് പ്രത്യേകിച്ച് പോരായ്മകളൊന്നും തോന്നില്ലെങ്കിലും, കഥാപാത്രമായി മാറാൻ തനിക്ക് കുറച്ച് പാടാണെന്നാണ് പോത്തന്റെ പക്ഷം. ഇതുവരെ ചെയ്തതിൽ ഇഷ്ട വേഷം ഏതാണെന്ന് ചോദിച്ചാൽ ദിലീഷിന്റെ ഉത്തരം രക്ഷാധികാരി ബൈജുവിലെ പ്രവാസിയുടെ റോളെന്നാണ്. ആക്ടറെന്ന നിലയിൽ താൻ കഥാപാത്രമായി പക്കാ മാറിയത് ആ പടത്തിൽ മാത്രമാണെന്നാണ് പോത്തന്റെ തോന്നൽ. പക്ഷേ അദ്ദേഹത്തിന്റെ ആ തോന്നൽ, അദ്ദേഹത്തിന്റേത് മാത്രമാണ്. 2023ൽ പുറത്തിറങ്ങിയ കാടിന്റെ വന്യത പശ്ചാത്തലമായുള്ള രഞ്ജൻ പ്രമോദിന്റെ ഒരു പടമുണ്ട്. ഓ ബേബി..  ആ പടം കണ്ടിട്ടുള്ളവർക്ക് അറിയാം പോത്തന്റെ ആക്ടിങ്ങിന്റെ റെയ്ഞ്ച് എവിടെ വരെ പോകുമെന്ന്... ഇത്രയും ഭം​ഗിയായി വേട്ട ചിത്രീകരിച്ച മറ്റൊരു മലയാള പടമില്ല. ബേബി അനുഭവിക്കുന്ന ബഹുമാനം കലർന്ന ഭയം പ്രേക്ഷകന്റെ ഇടനെഞ്ചിൽ വന്നടിക്കും... അത്ര തീക്ഷ്ണമായാണ് പോത്തൻ ഈ വേഷം ​ഗംഭീരമാക്കിയിരിക്കുന്നത്... 

പക്ഷേ ഏത് കഥാപാത്രത്തെ, എത്ര നന്നായി അവതരിപ്പിച്ചാലും, നടൻ എന്ന വിശേഷണത്തേക്കാള്‍ പോത്തേട്ടന് ചേരുന്നത് ഫിലിം മേക്കർ എന്ന മേല്‍വിലാസം തന്നെ. അത് അദ്ദേഹം നല്ലൊരു നടനോ വിജയിച്ച നിർമ്മാതാവോ അല്ലാത്തത് കൊണ്ടല്ല... ഒരു നടൻ എന്നതിലുമുപരി പോത്തന് ഒരു കള കറഞ്ഞ സംവിധായകനാണ്. ആകെ  സംവിധാനം ചെയ്തത്  3 പടങ്ങൾ മാത്രം!. പക്ഷേ അയാളെന്താണെന്ന് അറിയാൻ അതുമതി... കാസ്റ്റിങ്ങിലാണ് പോത്തേട്ടന്റെ ബ്രില്യൻസ്. അത് ഒകെ ആയാൽ പടം പകുതി ഒകെ ആണ്. അദ്ദേഹത്തിന്റെ ആ വിശ്വാസമാണ് ഈ 3 പടങ്ങളുടെയും ആത്മാവ്. കഥാപാത്രങ്ങൾക്ക് അനുയോജ്യരായ ആൾക്കാരെ തപ്പിയെടുക്കാൻ വല്ലാത്തൊരു കഴിവുണ്ട് പുള്ളിക്ക്.  

‌താൻ മനപ്പൂർവം ഒന്നും റിയലിസ്റ്റിക്കാക്കുന്നതല്ലെന്നും ഡീറ്റയ്ലിങ് മൂലം അതങ്ങനെ ആവുന്നതാണെന്നുമാണ് പോത്തന്റെ വിശദീകരണം.  

ചവറുപോലെ ചിത്രങ്ങളെടുക്കാന്‍ എന്തായാലും ദിലീഷ് പോത്തനെ കിട്ടില്ല.  ചെയ്യുന്ന ചിത്രങ്ങളെ യാഥാർത്ഥ്യ ബോധത്തോടെയും സൂക്ഷ്മാംശങ്ങളോടെയും സമീപിക്കുക എന്നതാണ് അദ്ദേഹത്തിന്റെ മിടുക്ക്. സമകാലികരികരില്‍ ലിജോ ജോസ് പല്ലിശ്ശേരി ഒഴികെ മറ്റൊരു ചലച്ചിത്രകാരനും  ദിലീഷിനോളം , ചര്‍ച്ചകള്‍ക്ക് വിധേയനായിട്ടില്ല. എന്നാൽ പല്ലിശ്ശേരി കഥ പറയുന്ന രീതി സാധാരണ പ്രേക്ഷകരിൽ പലർക്കും പെട്ടെന്ന് കിട്ടാതെ വരുമ്പോൾ, പോത്തേട്ടന്റെ നറേഷൻ സിമ്പിളാണ്...അതിലേറെ ​ഹൃദയത്തിൽ തറയ്ക്കുന്നതും...  

മലയാള സിനിമ – മഹേഷിന്റെ പ്രതികാരത്തിന് മുന്പും ശേഷവും എന്നുപോലും പറഞ്ഞുവെച്ചു പല സിനിമാ പ്രേമികളും.. അങ്ങനെ അദ്ദേഹത്തിന്റെ ആദ്യ ചിത്രം തന്നെ മലയാളത്തിലെ കള്‍ട്ട് ക്ലാസിക്കുകളില് ഒന്നായി മാറി. തന്‍റെ ജീവിതാനുഭവങ്ങളെ  സ്വന്തം സിനിമയുടെ ഭാഗമാക്കുന്നതാണ് ദിലീഷിന്‍റെ ഒരു രീതി. ജീവിതത്തിന്റെ തന്നെ ചില ഏടുകളുടെ ഒരു റീ ക്രിയേഷൻ. നാലാം ക്ലാസിൽ പഠിക്കുമ്പോൾ അടുത്തിരുന്ന കൂട്ടുകാരൻ ദിലീഷിനോട് ചോദിച്ചു. ഈ ക്ലാസിൽ നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെണ്ണാതേണെന്ന്... പെട്ടെന്ന് കണ്ണിലുടക്കിയ ഒരു പെണ്കുട്ടിയുടെ പേര് ചെവിയില് പറഞ്ഞപ്പോഴേക്കും കൂട്ടുകാരൻ ചാടി എണീറ്റ് അത് ഉറക്കെ വിളിച്ചുപറഞ്ഞിരുന്നു. ആദ്യമായി ഒരു പടം ചെയ്തപ്പോൾ, മഹേഷിന്റെ കുട്ടിക്കാലത്തെ സീനുകളിൽ ദീലീഷിന്റെ തന്നെ ആ അനുഭവം ഉൾപ്പെടുത്താൻ അദ്ദേഹം മറന്നില്ല.. 

കാലത്ത് കുളത്തില് കുളിക്കുന്ന മഹേഷ് ചെരുപ്പ് തേച്ച് കഴുകുന്ന ഒരു രംഗമുണ്ട്. കുളി കഴിഞ്ഞ്, കുടംപുളിയും സോപ്പും എടുത്ത്, തിരികെ പോകുന്ന മഹേഷിന്റെ ആദ്യ സീൻ ദിലീഷ് ഒരു തവണ ചിത്രീകരിച്ചതാണ്. കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് ആ ഷോട്ട് പൂർണമല്ല എന്നൊരു തോന്നല്‍. കുടംപുളിക്കും സോപ്പിനുമൊപ്പം ഒരു ഇന്നർവെയർ കൂടി അവിടെ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ എന്നൊരു ചിന്ത. മറ്റൊന്നും ഓർത്തില്ല.. ഫഹദിനെ കൊണ്ട് ആ സീൻ വീണ്ടും എടുപ്പിച്ചു.. ഫഹദിന്റെ നിലനിൽക്കുന്ന ഇമേജിനെ തച്ചുടച്ച്, ഒരു ഇടുക്കിക്കാരനാക്കി അയാളെ മാറ്റുന്നതിൽ ഈ സൂക്ഷ്മാംശം വലിയ പങ്കു വഹിക്കുമെന്ന്  ദിലീഷ് പോത്തനറിയാം.. 

തന്റെ തന്നെ അനുഭവങ്ങൾ, പറഞ്ഞുകേട്ട കഥകൾ, നടന്നതെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾ തുടങ്ങിയവയാണ് തന്റെ പടങ്ങളിലെ 90 ശതമാനം സീനുകളിലും ഉള്ളതെന്ന് ദിലീഷ് പറഞ്ഞിട്ടുണ്ട്. സ്വാഭാവികമായും അതിന്റെയൊരു സുഖം അദ്ദേഹത്തിന്‍റെ എല്ലാ ചിത്രങ്ങളിലുമുണ്ട്. മഹേഷിന്റെ പ്രതികാരത്തിലെ മോഹന്‍ലാല്‍ ഫാനായ സൗബിനും, മമ്മൂട്ടി ഫാനായ ലിജോ മോളും തമ്മിലുള്ള ഒരു സംഭാഷണം പിന്നീട് ഫാന്സുകാര് തന്നെ ഏറ്റെടുത്തു.  ഒരു ബാര്‍ബര്‍ഷോപ്പില്‍ മുടിവെട്ടാന്‍ വന്നയാളും ബാര്‍ബറും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന് കിട്ടിയതാണതെന്ന് മനോരമ ന്യൂസ് നേരെചൊവ്വേയില്‍ അദ്ദേഹം പറഞ്ഞു. ഇത്തരത്തില് നടന്ന സംഭവങ്ങളുടെ പുനരാവിഷ്കാരം കുറച്ചധികം ഉള്ളതുകൊണ്ടാവാം അദ്ദേഹത്തിന്റെ സിനിമകള്ക്ക് ഇത്രയും ജീവന്! ... 

തൊണ്ടിമുതലിൽ ഫഹദല്ലാതെ വേറൊരു നടനെ കാസ്റ്റ് ചെയ്യണമെന്ന് പോത്തൻ അതിയായി ആ​ഗ്രഹിച്ചിരുന്നു. കഥാപാത്രത്തിന് പുതുമ കിട്ടാനും പ്രേക്ഷകരുടെ  മുന്‍വിധി ഇല്ലാതാക്കാനും അത് ഉപകരിക്കുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. ഒരുപാടന്വേഷിച്ചിട്ടും ഫഹദിനൊപ്പം നല്‍ക്കുന്നരൊളെ കണ്ടെത്താനായില്ല. തൊണ്ടിമുതലിൽ സുരാജ് ചെയ്ത വേഷമായിരുന്നു ആദ്യം ഫഹദിനായി തീരുമാനിച്ചത് . പിന്നീടാണ് ഫഹദിന് കൂടുതൽ അനുയോജ്യം കള്ളന്റെ റോളാണെന്ന് അദ്ദേഹത്തിന് ഒരു തോന്നൽ. അങ്ങനെ പ്രസാദ് എന്ന കള്ളനെ ഫഹദ്  അനശ്വരമാക്കി...  ആ കഥാപാത്രം ചെയ്ത് ഫലിപ്പിക്കാൻ ഫാഫയുടെ അത്രയും മെയ്, മൊഴി വഴക്കം മറ്റൊരു മലയാള നടനുമില്ലെന്ന് ഉറപ്പിച്ച് പറയാം. 

ദിലീഷ് പോത്തൻ കണ്ട ഏറ്റവും മികച്ച നടൻ ഫഹദാണോ? അങ്ങനെയൊരു സംശയം തോന്നാൻ കാരണം തന്റെ മൂന്നാമത്തെ പടമായ ജോജിയിലും മുഖ്യ കഥാപാത്രമായി ഫഹദ് തന്നെ എത്തിയതുകൊണ്ടാണ്. കെ.ജി ജോർജിന്റെ ഇരകൾ എന്ന ചിത്രത്തോട് സാദൃശ്യം തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഈ കഥയുടെ പ്ലോട്ട്. 

ടൈറ്റില്‍ കാര്‍ഡിനൊപ്പം ഓണ്‍ ലൈന്‍ ഡെലിവെറിക്കാരന്‍റെ ബൈക്ക് യാത്രയുടെ ഏരിയല്‍ ഷോട്ടില്‍  തുടങ്ങി, റബ്ബര്‍ തോട്ടത്തിനു നടുവിലെ പനച്ചേല് തറവാടിന്റെ ദൃശ്യത്തില് അവസാനിക്കുന്ന ഒന്നേമുക്കാൽ മണിക്കൂറിൽ ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കാണികളുടെ ശ്രദ്ധ മാറില്ല. അത്ര സൂക്ഷ്മതയും ഒഴുക്കുമുള്ള കാഴ്ചയാണ് ജോജി. ഫഹദിന്റെ അസാമാന്യ വേഷ, ഭാവ പകര്ച്ച കണ്ട് പ്രേക്ഷകരും ഞെട്ടി. 

മഹേഷിന്റെ പ്രതികാരത്തില് ഇടുക്കിയെയും തൊണ്ടിമുതലില് കാസര്കോടിനെയും പുതിയ ഭൂമികകളായി മലയാള സിനിമയിൽ അവതരിപ്പിച്ച ദിലീഷ് പോത്തന് അടുത്ത ചിത്രത്തില്  തിരുവിതാംകൂറിലെ എരുമേലിയെയാണ് കഥാ പശ്ചാത്തലമാക്കിയത്. ഓരോ ഷോട്ടിലുമുള്ള കൃത്യമായ ഉദ്ദേശ്യവും അതിൻ്റെ പൂര്ണതയും, അത് സീക്വൻസുകളിൽ ഉണ്ടാക്കുന്ന ആകർഷണീയതയും, തുടർച്ചയും, അഭിനേതാക്കളെ തെരഞ്ഞെടുത്തതിലെ മികവും  പൂര്ണതയുള്ള കാഴ്ചാനുഭവമായി ജോജിയെ മാറ്റി.

സിനിമയുടെ വകഭേദങ്ങളെ തമസ്കരിച്ച ചിത്രമാണ്  മഹേഷിന്‍റെ പ്രതികാരം ഒരേ സമയം വാണിജ്യ ചിത്രമായും കലാമൂല്യമുള്ള ചിത്രമായും അത് വാഴ്ത്തപ്പെട്ടു. അഭിനേതാക്കളറിയാതെ എവിടെയോ ഒരു ക്യാമറ രഹസ്യമായി ഒളിപ്പിച്ചു വച്ച് ഷൂട്ട് ചെയ്തതു പോലെയാണ് അദ്ദേഹത്തിന്റെ സിനിമ. അതിനപ്പുറം സൂക്ഷ്മവിശദാംശങ്ങളില് ഇത്രമാത്രം ശ്രദ്ധയൂന്നുന്ന ഒരു സംവിധായകന് വേറെയുണ്ടോ എന്ന് സംശയമാണ്. 

‌പത്മരാജന് പഴയ ഒരഭിമുഖത്തിൽ ഇപ്രകാരം പറയുകയുണ്ടായി. നല്ല കലാസൃഷ്ടിയുടെ അന്തിമവിധി കല്പിക്കപ്പെടുന്നത് ഒരുപക്ഷേ നൂറ്റാണ്ടുകള് കഴിഞ്ഞിട്ടായിരിക്കും. അതിന്റെ പൂര്ണമായ അര്ത്ഥം മനസിലാക്കാന് വേറൊരു തലമുറ പിറക്കേണ്ടിയിരിക്കുന്നു. സംഭവം ശരിയാണ്... അന്ന് തിയേറ്ററില് സാമ്പത്തികമായി പരാജയപ്പെട്ട പല പടങ്ങളും ഇന്ന് റി റിലീസ് ചെയ്യുന്ന സമയമാണ്. എന്നാല്  ദിലീഷ് പോത്തന്‍ അവിടെയും വ്യത്യസ്തനാണ്.  വേറിട്ട സിനിമകള്ക്ക് തിയേറ്ററുകളില് വിപണന വിജയം സാധ്യമാക്കി എന്നതാണ് ദിലീഷ് പോത്തന്റെ ഏറ്റവും വലിയ പ്രത്യേകത ആ സിനിമകള്‍ ഒരേ സമയം  കൊമേഴ്സ്യലും ആര്‍ട്ടും ആയിരുന്നു..  അദ്ദേഹത്തിന്റെ അടുത്ത സംവിധാന സംരംഭത്തിന് വേണ്ടി പ്രേക്ഷകര് കാത്തിരിക്കുന്നു...

ENGLISH SUMMARY:

Dileesh Pothan and Fahadh Faasil's relationship