TOPICS COVERED

കിരണ്‍ റാവുവിന്‍റെ ലാപതാ ലേഡീസ് 2025ലെ ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് തീരുമാനം പ്രഖ്യാപിച്ചത്. നടന്‍ ആമിര്‍ ഖാനാണ് സിനിമയുടെ നിര്‍മാതാവ്. ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച മലയാളം സിനിമ ആട്ടം, ബോളിവുഡ് ചിത്രം ആനിമലടക്കം അവസാന പട്ടികയിലുണ്ടായിരുന്നു. ആകെ 29 സിനിമകളുടെ പട്ടികയില്‍നിന്നാണ് ലാപതാ ലേഡീസ് ഓസ്കാര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തത്. 

വിവാഹിതരായ രണ്ട് സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരുടെ വീടുകളിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ പരസ്പരം മാറിപ്പോകുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. വീടുകളില്‍ മാത്രം ഒതുങ്ങേണ്ടതല്ല, സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പോരാടണമെന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു. കുടുംബങ്ങള്‍ ചിന്തിക്കേണ്ട വിഷയം ഏറെ രസകരമായി ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ടൊറന്‍റോ ചലച്ചിത്രമേളയിലാണ് ലാപതാ ലേഡീസ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 

ഇന്ത്യയിലാകെ ഈ വര്‍ഷം മാര്‍ച്ച് ഒന്നിന് ചിത്രം തിയറ്റര്‍ റിലീസിനെത്തിയെങ്കിലും കാര്യമായ സ്വീകാര്യത ലഭിച്ചില്ല. എന്നാല്‍ ഒടിടി റിലീസോടെ ചിത്രം വന്‍ ജനപ്രീതി നേടി. നെറ്റ്ഫ്ലിക്സില്‍ ആഴ്ചകളോളം ട്രെന്‍ഡിങ്ങായിരുന്നു ലാപതാ ലേഡീസ്. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം സുപ്രീംകോടതിയില്‍ വരെ പ്രദര്‍ശിപ്പിച്ചിരുന്നു. ജഡ്ജിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായിട്ടായിരുന്നു പ്രദര്‍ശനം. 

ENGLISH SUMMARY:

Kiran Rao's Laapataa Ladies is India's Official Entry for Oscars 2025