വിജയ്യെ നായകനാക്കി നടി സിമ്രാന്‍ സിനിമ നിര്‍മിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ നിഷേധ കുറിപ്പുമായി താരം രംഗത്ത്. വലിയ നടന്മാര്‍ക്കൊപ്പം താന്‍ മുമ്പ് തന്നെ അഭിനയിച്ചുവെന്നും ഇപ്പോള്‍ അത്തരം ആഗ്രഹമൊന്നുമില്ലെന്നും സിമ്രാന്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കൊപ്പമെല്ലാം തന്‍റെ പേര് ചേര്‍ത്ത് വാര്‍ത്തകള്‍ പരന്നപ്പോഴെല്ലാം താന്‍ മൗനം പാലിച്ചിരുന്നുവെന്നും ആത്മാഭിമാനമാണ് വലുതെന്നും താരം പറഞ്ഞു. അഭ്യൂഹങ്ങള്‍ പരത്തിയവര്‍ മാപ്പ് പറയണമെന്നും എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ സിമ്രാന്‍ ആവശ്യപ്പെട്ടു.
'ആളുകൾക്ക് നിങ്ങളെ എങ്ങനെയൊക്കെ വൈകാരികമായി കൈകാര്യം ചെയ്യാമെന്നും നിങ്ങളുടെ സുഹൃത്തുക്കൾ അതിന് എത്രമാത്രം ചെറിയ ശ്രദ്ധ കൊടുക്കുന്നു എന്നതും ശരിക്കും നിരാശാജനകമാണ്. ഇതുവരെ ഞാന്‍ മിണ്ടാതിരുന്നു, എന്നാല്‍ ഇപ്പോള്‍ അതിനൊരു വ്യക്തത വരുത്തട്ടെ, ഏതെങ്കിലും വലിയ നായകന്മാർക്കൊപ്പം അണിനിരക്കാനും പ്രവർത്തിക്കാനും ആഗ്രഹിക്കുന്നില്ല, സിനിമയിൽ വലിയ നടന്മാർക്കൊപ്പം വേഷമിട്ടിട്ടുണ്ട്. ഇപ്പോള്‍ എന്‍റെ ലക്ഷ്യങ്ങൾ വ്യത്യസ്തമാണ്, ഒരു സ്ത്രീ എന്ന നിലയിലുള്ള അതിരുകൾ എനിക്കറിയാം.
മറ്റൊരാളുടെ പേരുമായി ചേർത്ത് എന്റെ പേരുവരുമ്പോഴെല്ലാം ഇത്രയും വർഷങ്ങള്‍ ഞാൻ മിണ്ടാതിരിക്കുകയായിരുന്നു. ആത്മാഭിമാനമാണ് ആദ്യം വേണ്ടത്. നിർത്തുക എന്നത് വളരെ ശക്തിയുള്ള വാക്കാണ്. അതാണ് ഈ സാഹചര്യത്തിന് ഏറ്റവും അനുയോജ്യം. ഈ കിംവദന്തികൾക്ക് അറുതിവരുത്താൻ ആരും വരികയോ ശ്രമങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല. ആരും എന്‍റെ വികാരങ്ങളെന്താണെന്ന് ശ്രദ്ധിച്ചില്ല.
എന്റെ പേരിന്റെ പ്രയോജനം ഞാനൊരിക്കലും ഉപയോഗപ്പെടുത്തിയിട്ടില്ല. ഞാൻ എപ്പോഴും ശരിക്ക് വേണ്ടി ഉറച്ചു നിന്നു. ഇൻഡസ്‌ട്രിയിലെ വിവേകമുള്ള ആളുകളിൽ നിന്നും ഇതേ ആർജവം ഞാൻ പ്രതീക്ഷിക്കുന്നു. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർ എന്നോട് ആത്മാർത്ഥമായി മാപ്പ് പറയണം," സിമ്രാൻ കുറിച്ചു.