സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളോട് പ്രതികരിച്ച് 'വാഴ'യിലെ നടന്‍ അമിത്ത് മോഹന്‍ രാജേശ്വരി. 'വാഴ' ഒടിടിയില്‍ റിലീസ് ചെയ്തത് മുതല്‍ സിനിമയില്‍ അമിത്ത് ചെയ്ത ഒരു സീനിന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അമിത്തിന്‍റെ അഭിനയം ഓവറാണെന്നും എടുത്താല്‍ പൊങ്ങാത്ത വേഷമാണ് നല്‍കിയതെന്നുമാണ് വിമര്‍ശനങ്ങള്‍. എന്നാല്‍ ആ സീന്‍ ജീവിതത്തോട് സാമ്യമുള്ളതാണെന്നും ഒരാളുടെ മാനസികാവസ്ഥയെ കാണിക്കാന്‍ സഹായിച്ചെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
ടൺ കണക്കിന് എയർ എന്ന അടിക്കുറിപ്പോടെയാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ട്രോളും കഥാപാത്രത്തിന്‍റെ ചിത്രവും വിമര്‍ശിക്കപ്പെട്ട സീനും ഉള്‍പ്പടെയാണ് എല്ലാ അഭിപ്രായങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. സിനിമയുടെ തിരക്കഥാകൃത്ത് വിപിൻ ദാസ്, നടൻ സിജു സണ്ണി ഉൾപ്പടെയുള്ളവർ അമിത്തിന്റെ പോസ്റ്റിന് താഴെ പ്രതികരിച്ചിട്ടുണ്ട്. 'സുഹൃത്തേ ഒടിടിയിൽ നന്നായി അഭിനയിക്കണ്ടേ' എന്നാണ് സിജു സണ്ണിയുടെ പ്രതികരണം. നിരവധിയാളുകളാണ് സിജുവിന്‍റെ കമന്‍റിന് മറുപടിയുമായി എത്തിയത്.
സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ സിജു സണ്ണി, ജോമോൻ ജ്യോതിർ, സാഫ് ബോയ്, അനുരാജ്, അമിത് മോഹൻ രാജേശ്വരി എന്നിവരായിരുന്നു പ്രധാന വേഷത്തിൽ. ഇവരെക്കൂടാതെ ജഗദീഷ്, കോട്ടയം നസീർ, നോബി, ബേസിൽ ജോസഫ് എന്നിവരും സിനിമയിലുണ്ട്. ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ വാഴ 2 ബയോപിക് ഓഫ് ബില്യൺ ബ്രോസ് ഇതിനോടകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.