കാത്തിരിപ്പുകള്‍ക്കൊടുവില്‍ തിയറ്ററിലെത്തിയിരിക്കുകയാണ് ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ദേവര. ആദ്യദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും അതിര് കടക്കുകയാണ് ആരാധകരുടെ ആവേശം. തിയറ്റര്‍ പരിസരത്ത് ആടിനെ ബലികൊടുത്തും പടക്കം പൊട്ടിച്ചും കട്ടൗട്ടിന് തീവെച്ചും പാലഭിഷേകം നടത്തിയുമാണ് ആരാധകര്‍ ആവേശം പ്രകടിപ്പിച്ചത്. കൂറ്റന്‍ കട്ടൗട്ടിന് തീപിടിച്ചതോടെ ആരാധകര്‍ ഓടി രക്ഷപ്പെട്ടു. ആടിനെ ബലികൊടുത്ത ശേഷം കയ്യില്‍ രക്തക്കറയുമായി നില്ക്കുന്ന ആരാധകരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
കട്ടൗട്ടിന് തീപിടിച്ച സംഭവത്തിൽ ആളപായം ഒന്നുമില്ലെന്നാണ് വിവരങ്ങൾ. പടക്കം പൊട്ടിക്കുന്നതിനിടെയാണ് ഹൈദരാബാദിലെ കട്ടൗട്ടിന് തീപിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കട്ടൗട്ട് പൂർണമായും കത്തിനശിച്ചു. തിയറ്റര്‍ പരിസരത്ത് വച്ച് ആളുകള്‍ നോക്കി നില്‍ക്കെയാണ് ആടിനെ ബലികൊടുത്തതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആടിനെ ബലികൊടുത്ത സംഭവത്തില്‍ വിമര്‍ശനങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.
അതേസമയം പാന്‍ ഇന്ത്യന്‍ ചിത്രമായ ദേവര തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് കൊരട്ടാല ശിവയാണ്. യുവസുധ ആർട്സും എൻടിആർ ആർട്സും ചേർന്നാണ് ദേവര നിർമിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ആദ്യ ഭാഗം ദേവര പാര്‍ട്ട് വണ്‍ എന്ന പേരിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. ബോളിവുഡ് താരം ജാൻവി കപൂറാണ് ചിത്രത്തിലെ നായിക.