ബ്രിട്ടിഷ് റോക്ക് ബാന്‍ഡായ കോള്‍ഡ്പ്ലേയുടെ ഇന്ത്യയിലെ സംഗീതനിശയുടെ ടിക്കറ്റ് കരിഞ്ചന്ത വഴി വിറ്റഴിച്ച സംഭവത്തില്‍ ബുക്ക് മൈ ഷോ സിഇഒയും സഹസ്ഥാപകനുമായ ആശിഷ് ഹേംരാജനിക്ക് മുംബൈ പൊലീസിന്‍റെ സമന്‍സ്. അടുത്ത വര്‍ഷം ജനുവരി 19 മുതല്‍ 21 വരെയാണ് കോള്‍ഡ്പ്ലേയുടെ സംഗീതനിശ മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുക. ഓണ്‍ലൈനില്‍ വില്‍പ്പനയാരംഭിച്ച് നിമിഷങ്ങള്‍ക്കകം ടിക്കറ്റ് കാലിയായിരുന്നു. ടിക്കറ്റെവിടെയെന്ന് ആരാധകര്‍ വ്യാപക പരാതിയും ഉയര്‍ത്തി. ഇതിന് പിന്നാലെയാണ് കരിഞ്ചന്തയില്‍ ബുക്ക് മൈ ഷോ സുലഭമായി ടിക്കറ്റ് വിറ്റഴിച്ചുവെന്ന് അഭിഭാഷകനായ അമിത് വ്യാസ് പരാതിപ്പെട്ടത്. തുടര്‍ന്ന് മുംബൈ പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
കോള്‍ഡ്പ്ലേ സംഗീത നിശയുടെ ടിക്കറ്റൊന്നിന് 2500 രൂപയാണ് യഥാര്‍ഥ വില. എന്നാല്‍ മൂന്ന് ലക്ഷം രൂപവരെയാണ് കരിഞ്ചന്തയില്‍ ടിക്കറ്റിന് വില വീണതെന്ന് അമിത് വ്യാസിന്‍റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ബുക്ക് മൈ ഷോ പൊതുജനങ്ങളെയും കോള്‍ഡ്പ്ലേ ആരാധകരെയും വഞ്ചിക്കുകയാണ് ചെയ്തതെന്നും കമ്പനിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കണമെന്നും അമിത് ആവശ്യപ്പെടുന്നു. പരാതിക്കാരന്‍റെ മൊഴി മുംബൈ പൊലീസ് രേഖപ്പെടുത്തി.
ഇന്ന് നേരിട്ടെത്തി മൊഴി നല്‍കണമെന്ന് ഹേംരാജനിയോടും ബുക്ക് മൈ ഷോയുടെ സാങ്കേതിക വിഭാഗം തലവനോടും മുംബൈ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോള്‍ഡ്പ്ലേ സംഗീതനിശയുടെ ടിക്കറ്റ് വില്‍പ്പന നടന്ന സെപ്റ്റംബര്‍ 22ന് തിരക്കേറിയതോടെ ബുക്ക് മൈ ഷോയുടെ വെബ്സൈറ്റ് താറുമാറായിരുന്നു. എട്ടുവര്‍ഷത്തിന് ശേഷമാണ് കോള്‍ഡ്പ്ലേ ബാന്‍ഡ് ഇന്ത്യയില്‍ എത്തുന്നത്.
കോള്‍ഡ്പ്ലേ സംഗീതനിശയുടെ ടിക്കറ്റുകള്‍ ലഭ്യമല്ലാത്തതിന് പിന്നില്‍ വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണം വേണമെന്നും ശിവസേന ഉദ്ധവ് വിഭാഗം ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് ടിക്കറ്റ് വിറ്റുതീര്‍ന്നതെന്നും കരിഞ്ചന്ത മാഫിയയാണ് ഇതിന് പിന്നിലെന്നും ശിവസേന വക്താവ് ആനന്ദ് ദൂബെ ആരോപിച്ചു. ആളുകളെ കൊള്ളയടിക്കുകയാണ് ഇതിലൂടെ ചെയ്തതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്കയച്ച കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. കോള്‍ഡ്പ്ലേയുടെ ഇന്ത്യയിലെ സംഘാടകര്‍ക്കെതിരെ വ്യാപക പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ടിക്കറ്റ് കരിഞ്ചന്തയിലെത്തിച്ചത് ആരായാലും അവരെ ജയിലില്‍ അടയ്ക്കണമെന്നായിരുന്നു ബിജെപി വക്താവ് റാം കദമിന്‍റെ പ്രതികരണം.