ഇന്ത്യയില്‍ വലിയ സെന്‍സേഷനായ സിനിമയാണ് കില്‍. ആക്ഷനും വയലന്‍സിനും പ്രാധാന്യം നല്‍കി നിര്‍മിച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച രാഘവ് ജുയലിന്‍റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രം കണ്ടതിന് ശേഷം ഫഹദ് ഫാസില്‍ തനിക്ക് മെസേജ് അയച്ചുവെന്ന് പറയുകയാണ് രാഘവ്.
ചെറിയൊരു നടനാണ് എന്ന് പറഞ്ഞാണ് ഫഹദ് പരിചയപ്പെടുത്തിയതെന്നും അദ്ദേഹത്തോട് അങ്ങനെ പറയേണ്ടത് താനാണെന്നും രാഘവ് പറഞ്ഞു. ആവേശം കണ്ടതിന്‍റെ ഹാങ്ങോവറിലായിരുന്നു താന്‍ ആ സമയത്തെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാഘവ് പറഞ്ഞു.
'എനിക്ക് വലിയ പ്രചോദനമായ താരമാണ് ഫഹദ് ഫാസില്‍. ആവേശം കണ്ടിട്ട് ഞാന്‍ അദ്ദേഹത്തിന്‍റെ വലിയ ഫാനായി. അദ്ദേഹം എനിക്ക് മെസേജ് അയച്ചിരുന്നു. 'ഹായ് ഞാന്‍ ഫഹദ് ഫാസില്‍, ചെറിയൊരു നടനാണ്. കില്‍ കണ്ടു, നിങ്ങള്‍ ഞെട്ടിച്ചു,' എന്നാണ് അദ്ദേഹം മെസേജ് അയച്ചത്. അത് വായിച്ചിട്ട് ഞാന്‍ വല്ലാതായി. ചെറിയ നടനാണ് എന്ന് അദ്ദേഹത്തിന് എങ്ങനെയാണ് പറയാനാവുക. ആ സമയത്ത് ആവേശം കണ്ടതിന്‍റെ ഹാങ്ങോവറില്‍ നില്‍ക്കുകയായിരുന്നു. അദ്ദേഹത്തെ വച്ചു നോക്കുമ്പോള്‍ ചെറിയ ആക്ടറാണെന്ന് പറയേണ്ടത് ഞാനാണ്. ഡയലോഗ് ഇല്ലാത്ത സീനുകളില്‍ എങ്ങനെ അഭിനയിക്കണം എന്ന് അദ്ദേഹത്തിന് അറിയാം,' രാഘവ് പറഞ്ഞു.