2024 കഴിയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. നമ്മളെ ഹരം കൊള്ളിച്ച നിരവധി സിനിമകള്‍ ഇതിനിടെ പുറത്തിറങ്ങി, ഒരുപാട് സംഭവങ്ങളും നടന്നു. ഇതിലേതാണ് നിങ്ങളുടെ നാവിലുടക്കിയ സിനിമാ ഡയലോഗ്?. കൂടുതല്‍ പേരും പറയുക ആവേശം എന്ന സിനിമയിലെ ഡയലോഗുകളാണ്. ഫഹദിന്‍റെ ഡാ മോനെയും, ശ്രദ്ധിക്കണ്ടേ അമ്പാനെയുമാണ് ഈ വര്‍ഷത്തെ സ്റ്റാര്‍ ഡയലോഗുകള്‍.
രാഷ്ട്രീയ നേതാക്കന്മാരുടെ പ്രതികരണങ്ങള്‍ കൊണ്ട് ചില വാക്കുകള്‍ വീണ്ടും പോപ്പുലറായി. അങ്ങനെ ട്രോളുകളില്‍ നിറഞ്ഞ ഒന്നാണ് സിപിഎം നേതാവ് എകെ ബാലന്‍റെ ക്രിസ്റ്റല്‍ ക്ലിയര്‍ സഖാവെന്ന പ്രയോഗം. സന്ദീപിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് എകെ ബാലന്‍ ക്രിസ്റ്റല്‍ ക്ലിയര്‍ സഖാവാവും എന്ന പ്രയോഗം നടത്തിയത്. സന്ദീപ് ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് പോയതോടെ ആ പ്രയോഗം ട്രോളായി.
പിന്നീട് വിശദീകരണവുമായി എകെ ബാലന്‍ തന്നെ രംഗത്തെത്തി. താൻ പറഞ്ഞു എന്ന രീതിയിൽ പ്രചരിക്കുന്ന 'ക്രിസ്റ്റൽ ക്ലിയർ' പരാമർശം യഥാർഥത്തിൽ സരിനെ പറ്റിയുള്ളതായിരുന്നുവെന്നാണ് എ കെ ബാലന്‍റെ വിശദീകരണം. സന്ദീപ് ആർഎസ്എസ് ആശയം തള്ളി സിപിഎം ആശയം ഉൾക്കൊള്ളാൻ തയ്യാറായാൽ ആലോചിക്കാമെന്നാണ് താൻ പറഞ്ഞതെന്നും എ.കെ ബാലൻ വിശദീകരിച്ചു.