TOPICS COVERED

സിനിമയില്‍ മേധാവിത്വം പുരുഷന്‍മാര്‍ക്കെന്ന് നടി പത്മപ്രിയ. നടന്‍മാരുടെ കഥകള്‍ക്കാണ് സിനിമയില്‍ കൂടുതല്‍ പ്രാധാന്യം. സാമ്പത്തികമായി മുന്നിട്ട് നില്‍ക്കുന്നതും നടന്‍മാരാണ്. സിനിമയില്‍ സ്വതന്ത്രമായി ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്നും പത്മപ്രിയ പറഞ്ഞു. കോഴിക്കോട് മടപ്പള്ളി കോളജില്‍‌ സംസാരിക്കുകയായിരുന്നു അവര്‍. 

ഷൂട്ടിങ്ങിനിടെ സംവിധായകന്‍ പരസ്യമായി തല്ലിയ സംഭവത്തേക്കുറിച്ചും പത്മപ്രിയ സംസാരിച്ചു. 'എല്ലാവരുടേയും മുന്നില്‍ വെച്ചാണ് സംവിധായകന്‍ എന്നെ തല്ലിയത്. ആ സിനിമയ്ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പക്ഷേ വാര്‍ത്ത വന്നത് ഞാനടിച്ചു എന്ന തരത്തിലാണ്. പിന്നീട് അയാള്‍ക്ക് ആറ് മാസം ബാന്‍ ലഭിച്ചു. പക്ഷേ ആ സംഭവത്തിന് ശേഷം എനിക്ക് തമിഴില്‍ നിന്ന് സിനിമകള്‍ ലഭിച്ചില്ല. അവകാശങ്ങള്‍ ചോദിക്കാനുള്ള 'അര്‍ഹത' പോലും സ്ത്രീക്കും പുരുഷനും വ്യത്യസ്തമാണെന്നും പത്​മപ്രിയ കൂട്ടിച്ചേര്‍ത്തു. 2016-ല്‍ മിരുഗം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു സംവിധായകന്‍ സാമി അടിച്ചത്. 

2022 ലെ സ്വകാര്യ ഏജൻസി നടത്തിയ പഠനം പ്രകാരം നിർമാണം, സംവിധനം,  ഛായഗ്രഹണം മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം പൂജ്യമായിരുന്നു, എന്നാൽ ഈ മേഖലകളിൽ  2023 ൽ മൂന്ന് ശതമാനമായി സ്ത്രീ പ്രാതിനിധ്യം ഉയർന്നുവെന്നും പത്മപ്രിയ പറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റിന് 35 വയസിനു മുകളിൽ ജോലി ചെയ്യാൻ പറ്റില്ല. കൃത്യമായി ഭക്ഷണം നൽകാറില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ അവരോട് സഹകരിക്കണം എന്നതായിരുന്നു സ്ഥിതി. 2017 ൽ  സഹപ്രവർത്തകയ്ക്ക് ദുരനുഭവമുണ്ടായി. അപ്പോഴാണ് നിയമ സഹായവും കൗൺസിലിങ്ങും നൽകുന്നതിനെ കുറിച്ച് ചിന്തിക്കുന്നതെന്നും പത്മപ്രിയ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Padmapriya says the director publicly beat her during the shoot