surabhi-lakshmi-remunaration

TOPICS COVERED

മലയാള സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും നടിമാരും ഉള്‍പ്പെടെയുള്ളവര്‍ അനുഭവിക്കുന്ന വിവേചനങ്ങളെ പറ്റി തുറന്നു സംസാരിച്ച് സുരഭി ലക്ഷ്മി. ജോലി കഴിഞ്ഞ് വേതനത്തിന്‍റെ കാര്യത്തിലേക്ക് വന്നാല്‍ പറഞ്ഞ പ്രതിഫലത്തിന്‍റെ പകുതി പോലും കിട്ടാറില്ലെന്നും ചന്തയില്‍ വില പേശുന്ന പോലെ ചോദിച്ച് വാങ്ങേണ്ടി വന്നിട്ടുണ്ടെന്നും സുരഭി പറഞ്ഞു. പണിയെടുത്ത പൈസ ഇരന്നു ചോദിച്ച് പിന്നാലെ നടക്കേണ്ടി വന്നിട്ടുണ്ടെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സുരഭി പറഞ്ഞു. 

'വേതനത്തിന്‍റെ കാര്യത്തിലേക്ക് വരുമ്പോള്‍ പറഞ്ഞ്, പറഞ്ഞ്, ഇത്ര ദാരിദ്ര്യം ഒക്കെ പറഞ്ഞ് എന്തിനാണ് ദൈവമേ ഇവർ ഈ പടം എടുക്കുന്നതെന്ന് തോന്നും. കോടികൾ ഒന്നും അല്ല ചോദിക്കുന്നത്, നടിമാരെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ പൈസ ആണ് കിട്ടുന്നത്. അത് കിട്ടണമെങ്കിൽ പലരെയും വിളിച്ച് ചോദിച്ച് ഒടുവിൽ ഇതിൽ ഉറപ്പിക്കാം എന്ന് പറഞ്ഞ് ചന്തയിൽ വില പേശുന്നതുപോലെ പറഞ്ഞ് ഉറപ്പിച്ചിട്ട്, ഡബ്ബിങ് കഴിയുമ്പോ അതിന്‍റെ പകുതി പൈസയും കിട്ടുകയുമില്ല. പിന്നെ നമ്മൾ പണി എടുത്ത പൈസ വാങ്ങാൻ ഇരന്ന് ചോദിച്ച് പിന്നാലെ നടക്കേണ്ടി വന്നിട്ടുണ്ട്. നമ്മുടെ കയ്യിൽ നിന്ന് എഗ്രിമെന്റ് വാങ്ങിയാലും അതിന്റെ കോപ്പി തരില്ല. 

 

ഇതൊന്നും എല്ലാ സിനിമകളുടെയും കാര്യമല്ല പറയുന്നത്. പല രീതിയിൽ ആണ് പലരും പ്രവർത്തിക്കുന്നത്. പത്തുപേര് ചേർന്ന് പൈസ ഇട്ടു നിർമ്മിച്ച സിനിമയിലും ഒരു കമ്പനി നിർമ്മിച്ച സിനിമയിലും ഒരു പ്രൊഡ്യൂസർ തനിയെ നിർമിച്ച സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇവിടെയെല്ലാം സിസ്റ്റം വേറെ വേറെ ആണ്. ഇതിനെയെല്ലാം ഒരുപോലെ നിർത്തുന്ന ഒരു സിസ്റ്റം വരണം എന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. 

പക്ഷേ ഈ ചർച്ചകൾ വേറെ രീതിയിൽ മാത്രം പോയിട്ട് സിനിമാ മേഖലയെ തന്നെ വളരെ മോശമായി ബാധിക്കുന്ന രീതിയിലുള്ള ചർച്ചകളോട് എനിക്ക് പൂർണമായി എതിർപ്പുണ്ട്. ഞാൻ ഹേമ കമ്മറ്റി റിപ്പോർട്ട് പൂർണമായി വായിച്ചിട്ടില്ല, ഈ റിപ്പോർട്ടിൽ ഒന്നും സംസാരിച്ചിട്ടുള്ള ആളുമല്ല. ഞാൻ പറഞ്ഞതെല്ലാം എന്റെ വ്യക്തിപരമായ അനുഭവങ്ങളാണ്. ഞാൻ അനുഭവിച്ചത്‌ മാത്രമേ എനിക്ക് പറയാൻ പറ്റൂ,' സുരഭി ലക്ഷ്മി പറഞ്ഞു. 

സുരഭി ലക്ഷ്​മിയുടെ അഭിമുഖത്തിന്‍റെ പൂര്‍ണരൂപം മനോരമന്യൂസ് വെബ്​സൈറ്റിലും  യൂട്യൂബ് ചാനലില്‍ കാണാം.

ENGLISH SUMMARY:

Surabhi Lakshmi spoke about the discrimination faced by junior artists and actresses