അനിമല്‍ എന്ന ചിത്രത്തിന് പിന്നാലെ രാജ്യമാകെ തരംഗമായ താരമാണ് തൃപ്​തി ദിമ്രി. നായിക രശ്​മിക മന്ദാന ആയിരുന്നുവെങ്കിലും പ്രേക്ഷകപ്രീതി നേടിയത് തൃപ്​തി ആയിരുന്നു. പിന്നാലെം കൈ നിറയെ പ്രൊജക്ടുകളാണ് താരത്തിന്. രാജ്​കുമാര്‍ ഹിരാനിക്കൊപ്പമുള്ള 'വിക്കി വിദ്യ കാ വോ വാലാ വിഡിയോ' ആണ് തൃപ്​തിയുടെ പുതിയ ചിത്രം. 

എന്നാല്‍ ചിത്രത്തിന് പുതിയ ഗാനമായ 'മെരെ മെഹബൂബ്' പുറത്തുവന്നതിന് പിന്നാലെ തൃപ്​തിക്കെതിരെ വിമര്‍ശനവും ട്രോളുകളും ഉയര്‍ന്നിരുന്നു. തൃപ്​തിക്ക് ഡാന്‍സ് കളിക്കാനറിയില്ലെന്നായിരുന്നും ട്രോളന്മാരുടെ പ്രധാനവിമര്‍ശനം. ഗാനരംഗത്തിലെ ചുവടുകള്‍ അശ്ലീലം നിറഞ്ഞതാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ട്രോളന്മാര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് തൃപ്​തി. 

നടി എന്ന നിലയില്‍ വ്യത്യസ്​തമായത് ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് തൃപ്​തി പറഞ്ഞു. അഭിനേതാവാന്‍ അഭിനയം മാത്രം അറിഞ്ഞാല്‍ മതിയായിരിക്കും എന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്. എന്നാല്‍ യാഥാര്‍ത്ഥ്യത്തിലേക്ക് വന്നപ്പോള്‍ പല കാര്യങ്ങളും മനസിലായി. വിവിധ പരിപടികള്‍ വരുമ്പോള്‍ എങ്ങനെ നടക്കണമെന്ന് പഠിക്കണം, ഡാന്‍സ് നമ്പര്‍ നന്നായി ഡാന്‍സ് കളിക്കാനും പഠിക്കണമെന്നും ഒരു അഭിമുഖത്തില്‍ തൃപ്​തി പറഞ്ഞു.  

ഇനിയും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുമെന്നും തോറ്റുപോകുന്നത് പ്രശ്​നമല്ലെന്നും തൃപ്​തി അഭിപ്രായപ്പെട്ടു. പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ ട്രോള്‍ ചെയ്യപ്പെട്ട ആദ്യവ്യക്തിയല്ല ഞാന്‍. ഒരാള്‍ക്ക് എല്ലാ കാര്യത്തിലും മികച്ചതാവാന്‍ പറ്റില്ല. എന്നാല്‍ ശ്രമിക്കുന്നതില്‍ തെറ്റില്ലല്ലോ.

ഷൂട്ടിന്‍റെ സമയത്ത് ഇതെന്‍റെ ആദ്യത്തെ ഡാന്‍സ് നമ്പരാണെന്നത് ഞാന്‍ തന്നെ തിരിച്ചറിഞ്ഞിരുന്നില്ല. ഇതുപോലെ ഒന്ന് ഇതുവരെ ചെയ്​തിട്ടില്ല. അതിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണമാവും ഉണ്ടാവുകയെന്നും വിചാരിച്ചില്ല. എന്നാല്‍ അതില്‍ പ്രശ്​നമില്ല. എല്ലാവര്‍ക്കും പറ്റുന്നതാണ് ഇതൊക്കെ. ആളുകള്‍ക്ക് ചിലത് ഇഷ്​ടപ്പെടും, ചിലത് ഇഷ്​ടപ്പെടില്ല, എന്നാല്‍ അതുകൊണ്ട് പരീക്ഷണങ്ങള്‍ നടത്തുന്നത് നിര്‍ത്തരുത്,– തൃപ്​തി പറഞ്ഞു. 

ENGLISH SUMMARY:

Tripti Dimri has replied to the trolls on mere mehaboob song